രാമനേക്കാൾ മാന്യൻ രാവണൻ തന്നെ; സന്ന്യാസിയുടെ ലിംഗം മുറിച്ചകുട്ടിയ്ക്ക് അവാർഡ് നൽകണം: ജി സുധാകരൻ

single-img
6 June 2017

സീതയോടുള്ള പെരുമാറ്റത്തിൽ രാമനേക്കാൾ മാന്യൻ രാവണൻ തന്നെയായിരുന്നെന്നു മന്ത്രി ജി സുധാകരൻ. ലോകപരിസ്ഥിതി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു മന്ത്രി.

“രാവണന് എത്ര മാന്യമായാണ് സീതയോട് പെരുമാറിയത്. പുഷ്പകവിമാനത്തിലാണ് സീതയെ തട്ടിക്കൊണ്ടുപോയത്. ലങ്കയില് അശോകവനികയില് സംരക്ഷിതയായിരുത്തി. ഒരിക്കലും ശരീരത്തു തൊട്ടില്ല. ഇപ്പോഴുള്ള ശ്രീരാമന്മാര് ഇതൊക്കെ അറിയണം,”- മന്ത്രി പറഞ്ഞു.

ഘോരവനത്തിൽ അനുജന്റെ അടുത്ത് സീതയെ നിർത്തിയിട്ടുപോയ രാമനേക്കാളും,  മാനിനെ പിടിക്കാൻ ചേട്ടത്തിയെ ഉപേക്ഷിച്ചുപോയ ലക്ഷ്മണനേക്കാളും മാന്യൻ രാവണൻ തന്നെയെന്നാണു മന്ത്രി അഭിപ്രായപ്പെട്ടത്.

തിരുവനന്തപുരത്ത്, തന്നെ ബലാത്സംഗം ചെയ്യാൻ വന്ന സന്ന്യാസിയുടെ ലിംഗം മുറിച്ച പെൺകുട്ടിക്ക് അവാർഡ് നല്ണമെന്നും ജി.സുധാകരൻ അഭിപ്രായപ്പെട്ടു.

പെൺകുട്ടികൾക്ക് ധൈര്യം വേണമെന്ന് പറഞ്ഞുനടക്കുന്ന മഹിളാ സംഘടനകൾ ഇക്കാര്യം ശ്രദ്ധിക്കണം. മകൾക്കെതിരേ സാക്ഷിപറയുന്ന അമ്മമാർ ഉണ്ടാകരുത്. തിരുവനന്തപുരത്തെ അമ്മ കാണിച്ചത് ശരിയാണോ? പ്രായപൂര്ത്തിയായ മകളുള്ളതോര്ക്കാതെ സന്ന്യാസിയെ വീട്ടില് കയറ്റി പാലും പഴവും കൊടുത്തുറക്കി. ഇതു ശരിയാണോ? – മന്ത്രി ചോദിച്ചു.

അധ്വാനിക്കുന്നവർക്ക് മനക്കരുത്ത് കൂടുമെന്നും അവർ ക്രിമിനലുകൾ ഒരുക്കുന്ന ചതിക്കുഴിയിൽ വീഴില്ലെന്നും മന്ത്രി പറയുന്നു. ആൺകുട്ടികളും പെണ്‍കുട്ടികളും വീടുപണിയും കൃഷിപ്പണിയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.