ഐ.എസ്.ആര്‍.ഒ വിജയകരമായി വിക്ഷേപിച്ചത് 200 ആനകളുടെ ഭാരമുള്ള വിക്ഷേപണവാഹനം;ക്രയോജനിക് സാങ്കേതികവിദ്യയിലൂടെ റഷ്യയോട് മധുരപ്രതികാരം ചെയ്ത ഇന്ത്യക്കിത് അഭിമാന നേട്ടം

single-img
6 June 2017


ചെന്നൈ: ജിയോസിന്‍ക്രോണസ് സാറ്റ്ലൈറ്റ് ലോഞ്ച് വെഹിക്കിള്‍ എന്ന ജി.എസ്.എല്‍.വി. 2001 മുതല്‍ ഇതുവരെ നടത്തിയ 11 വിക്ഷേപണങ്ങളില്‍ അഞ്ചെണ്ണം മാത്രമായിരുന്നു വിജയം കണ്ടിരുന്നത്. ആകാശത്തേക്കുള്ള കുതിപ്പിനിടെ ലക്ഷ്യംതെറ്റി കടലില്‍ പതിക്കുന്നതു പതിവായതോടെ ജി.എസ്.എല്‍.വി. എന്നാല്‍ ‘ജനറലി സീ ലവിങ് വെഹിക്കിള്‍’ എന്ന പരിഹാസവും ഉയര്‍ന്നിരുന്നു. എന്നാല്‍ ഈ ആരോപണങ്ങളൊക്കെ വെറും വാക്കാക്കി ജി.എസ്.എല്‍.വി. മാര്‍ക്ക് മൂന്ന് കുതിക്കുകയായിരുന്നു. ഒന്നര പതിറ്റാണ്ടോളം നീണ്ട ശ്രമത്തിനൊടുവിലാണ് 300 കോടിയോളം രൂപ ചെലവില്‍ ഇതു സാധ്യമായത്.
ജി.എസ്.എല്‍.വി.യുടെ വിക്ഷേപണങ്ങള്‍ ഇന്ത്യയെ സംബന്ധിച്ച് അത്ര നല്ല അനുഭവങ്ങളല്ലായിരുന്നുവെങ്കിലും ജി.എസ്.എല്‍.വി. മാര്‍ക്ക് മൂന്ന് ലക്ഷ്യം കാണുമെന്ന് തുടക്കം മുതല്‍ തന്നെ ശാസ്ത്രജ്ഞര്‍ ഉറച്ചുവിശ്വസിച്ചിരുന്നു. 2014ല്‍ നടത്തിയ പരീക്ഷണ വിക്ഷേപണത്തില്‍നിന്നുള്ള അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ കുറവുകള്‍ പരിഹരിക്കാന്‍ സാധിച്ചപ്പോള്‍ ലോകത്തിനുമുന്നില്‍ രാജ്യം ഒരു വട്ടം കൂടി അഭിമാന നേട്ടം കൈവരിക്കുകയായിരുന്നു.
ഐ.എസ്.ആര്‍.ഒ. ഇതുവരെ വികസിപ്പിച്ച ഏറ്റവും ശക്തിയേറിയ, ഭാരമേറിയ ഉപഗ്രഹവിക്ഷേപണവാഹനമാണ് ജി.എസ്.എല്‍.വി. മാര്‍ക്ക് മൂന്ന് ഡി-1 റോക്കറ്റ്. ഭാരമേറിയ വാര്‍ത്താവിനിമയ ഉപഗ്രഹമായ ജി.സാറ്റ്-19 ഭ്രമണപഥത്തിലെത്തിക്കുകയാണ് ഈ വിക്ഷേപണ വാഹനത്തിന്റെ ലക്ഷ്യം. 640 ടണ്‍ ആണ് ഇതിന്റെ ഭാരം. അതായത് പൂര്‍ണ്ണ വളര്‍ച്ചയെത്തിയ 200 ആനകളുടെ ഭാരം. ഉയരം 43.4 മീറ്റര്‍. ഏതാണ്ടൊരു പന്ത്രണ്ടുനിലക്കെട്ടിടത്തിന്റെ ഉയരം. ഇതുപയോഗിച്ച് ഭ്രമണപഥത്തിലെത്തിക്കുന്ന വാര്‍ത്താവിനിമയ ഉപഗ്രഹമായ ജി.സാറ്റ്-19-ന്റെ ഭാരമാവട്ടെ 3,136 കിലോഗ്രാമും.

പൂര്‍ണമായും തദ്ദേശീയമായി വികസിപ്പിച്ച ക്രയോജനിക്ക് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ജി.എസ്.എല്‍.വി. മാര്‍ക്ക് മൂന്നിന്റെ വിക്ഷേപണം നടന്നത്.വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കിയതോടെ നാലു ടണ്‍ ഭാരമുള്ള ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കാനുള്ള സാങ്കേതികവിദ്യയുടെ കാര്യത്തില്‍ ഇന്ത്യ സ്വയംപര്യാപ്തമായി.

തദ്ദേശീയമായ വിക്ഷേപണ വാഹനം എന്ന പെരുമയ്ക്കൊപ്പം തന്നെ ക്രയോജനിക് എന്‍ജിന്റെ കാര്യത്തില്‍ ഒരു പകപോക്കലിന്റെ സന്തോഷവുമുണ്ട്. ക്രയോജനിക് സാങ്കേതികവിദ്യ റഷ്യയില്‍നിന്നു വാങ്ങാന്‍ 1991ല്‍ ധാരണയായിരുന്നു. എന്നാല്‍ അമേരിക്കയുടെ സമ്മര്‍ദത്തെത്തുടര്‍ന്ന് അവര്‍ ഇതില്‍ നിന്നു പിന്മാറുകയായിരുന്നു. പിന്നീട് 20 വര്‍ഷത്തെ പ്രയത്നംകൊണ്ടു സ്വന്തമായി ക്രയോജനിക് സാങ്കേതികവിദ്യ വികസിപ്പിക്കാന്‍ ഇന്ത്യയ്ക്കു സാധിച്ചു.

ദ്രവരൂപത്തിലുള്ള ഓക്സിജനും ഹൈഡ്രജനുമാണു ക്രയോജനിക് എന്‍ജിനില്‍ ഉപയോഗിക്കുന്നത്. മൈനസ് 150 ഡിഗ്രി താപനിലയിലും പ്രവര്‍ത്തിക്കാനാകുമെന്നാണ് ഇതിന്റെ വലിയ പ്രത്യേകത. വിക്ഷേപണ വാഹനത്തില്‍നിന്ന് ഉപഗ്രഹം വേര്‍പെടുന്നതിനു തൊട്ടുമുന്‍പുള്ള അവസാനഘട്ടത്തില്‍ ക്രയോജനിക് എന്‍ജിനാണു പ്രവര്‍ത്തിക്കുന്നത്. വിക്ഷേപണത്തിലെ ഏറ്റവും സുപ്രധാന ഘട്ടമാണിത്. പത്തുമിനിറ്റോളം നീണ്ട ഈ ഘട്ടത്തില്‍ പാതിദൂരം സാധാരണ നിലയില്‍ പുരോഗമിച്ചപ്പോള്‍തന്നെ ജി.എസ്.എല്‍.വി. മാര്‍ക്ക് മൂന്ന് വിജയത്തിലേക്കെന്നു വ്യക്തമാകുകയായിരുന്നു.