കോടതിയുടെ ചുമലിൽ താങ്ങി മദ്യശാലകൾ തുറക്കേണ്ട;ദേശീയ പാതയോരത്തെ മദ്യശാല തുറക്കുന്ന വിഷയത്തില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം.

single-img
6 June 2017

കൊച്ചി: ദേശീയ പാതയോരത്തെ മദ്യശാലകള്‍ തുറക്കാന്‍ ഉത്തരവിട്ടിട്ടില്ലെന്ന് ഹൈക്കോടതി. പാതയോരത്തെ മദ്യശാലകള്‍ തുറക്കുന്നതു സംബന്ധിച്ച വിധി സര്‍ക്കാര്‍ ദുര്‍വ്യാഖ്യാനം ചെയ്‌തെന്നും ഹൈക്കോടതി പറഞ്ഞു. മദ്യശാലകള്‍ തുറക്കുന്നതിനെതിരായി നല്‍കിയ ഹര്‍ജിയില്‍ വിധി പറയും വരെ ബാറുകള്‍ തുറക്കരുതെന്നാണ് ഹൈക്കോടതി ഉത്തരവ്. സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച ഹൈക്കോടതി ബാറുകള്‍ക്ക് വേണ്ടി സര്‍ക്കാര്‍ കോടതിയുടെ ചുമലില്‍ കയറി വെടിവെയ്ക്കേണ്ടെന്നും പറഞ്ഞു. അങ്ങനെയെങ്കില്‍ തിരിച്ചും വെടിവെയ്ക്കാനറിയാമെന്ന് ഹൈക്കോടതി രൂക്ഷഭാഷയില്‍ സര്‍ക്കാരിന് താക്കീത് നല്‍കി. മദ്യശാലകള്‍ തുറക്കണമെന്ന് ഉത്തരവിട്ടിട്ടില്ല. ദേശീയ പാതയോരമാണെങ്കില്‍ മദ്യശാലകള്‍ പൂട്ടണം. പിന്നെ എന്തിനാണ് കോടതിയുടെ ചുമലില്‍ ചാരി മദ്യശാലകള്‍ തുറന്നതെന്നും ഹൈക്കോടതി ചോദിച്ചു.
ഓരോ അപേക്ഷയും പ്രത്യേകം പരിശോധിച്ച് തീരുമാനിക്കാനായിരുന്നു നിര്‍ദ്ദേശം. കോടതിയുടെ ഉത്തരവ് തെറ്റായി വ്യാഖ്യാനിക്കരുത്. ജനരോഷം മറികടക്കാന്‍ കോടതിയെ മറയാക്കരുത്. അവ്യക്തതയുണ്ടെങ്കില്‍ തീര്‍ക്കാന്‍ കോടതിയെതന്നെ സമീപിക്കണമായിരുന്നു. അല്ലാതെ മദ്യശാല തുറക്കാനുള്ള തീരുമാനം എന്തടിസ്ഥാനത്തിലാണ്. പുതിയ ബിയര്‍വൈന്‍ പാര്‍ലറുകള്‍ തുറക്കേണ്ടെന്നാണ് നേരത്തെ വിധിയില്‍ പറഞ്ഞിരുന്നതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ദേശീയപാതയാണെന്ന് പൊതുമരാമത്ത് മന്ത്രിക്ക് അറിയാമായിരുന്നെങ്കില്‍ എന്തിന് മദ്യശാലകള്‍ തുറന്നെന്ന് ഹൈക്കോടതി പിണറായി സര്‍ക്കാരിനോട് ചോദിച്ചു. മന്ത്രിക്ക് അതറിയാമെങ്കില്‍ ഉദ്യോഗസ്ഥര്‍ക്ക് അതറിയില്ലേയെന്നും കോടതി ചോദിച്ചു. സര്‍ക്കാരിനും ദേശീയ പാതയെന്ന് ബോധ്യമുണ്ടായിരുന്നു. പിന്നെന്തിന് ബാര്‍ തുറന്നുവെന്നും കോടതി ഉത്തരവ് തെറ്റായി വ്യാഖ്യാനിക്കരുതെന്നും ഹൈക്കോടതി താക്കീത് നല്‍കി.

മദ്യശാലകള്‍ തുറക്കുന്നതിനെതിരെ കൊയിലാണ്ടി മുനിസിപ്പല്‍ കൗണ്‍സിലര്‍ ഇബ്രാഹിം കുട്ടി നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് സര്‍ക്കാരിനെതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനം നടത്തിയത്. കണ്ണൂര്‍ വെങ്ങളം-കുറ്റിപ്പുറം ഭാഗവും ചേര്‍ത്തല ഓച്ചിറ തിരുവനന്തപുരം ഭാഗം വരെയുള്ള മദ്യശാലകള്‍ തുറക്കാനുള്ള നീക്കവുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതിനിടെയാണ് ഹൈക്കോടതി ഇടപെടല്‍. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ മദ്യവിരുദ്ധ സമിതിയടക്കമുള്ള സംഘടനകള്‍ രംഗത്തുവന്നിരുന്നു.