ഓട്ടോയില്‍ നിന്ന് പിഞ്ചു കുഞ്ഞിനെ വലിച്ചെറിഞ്ഞ ശേഷം അമ്മയെ കൂട്ടബലാത്സംഗം ചെയ്തു;ഗുരുതരമായി പരിക്കേറ്റ കുട്ടി മരിച്ചു

single-img
6 June 2017

ഹരിയാന: ഓട്ടോറിക്ഷയില്‍ നിന്ന് ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞിനെ വലിച്ചെറിഞ്ഞ ശേഷം അമ്മയെ കൂട്ട ബലാത്സംഗം ചെയ്തു. ഹരിയാനയിലെ ഗുരുഗ്രാമിലാണ് ഈ ക്രൂരകൃത്യം നടന്നത്. ഗുരുതരമായി പരിക്കുകളേറ്റ കുട്ടി മരിച്ചു. ഭര്‍ത്താവുമായുണ്ടായ വഴക്കിനൊടുവില്‍ സ്വന്തം വീട്ടിലേക്ക് ഓട്ടോയില്‍ പോകുമ്പോഴായിരുന്നു അമ്മയും കുഞ്ഞും ഈ ക്രൂരതയ്ക്ക് ഇരയായത്.

ഓട്ടോയില്‍ കയറുമ്പോള്‍ മറ്റ് മൂന്നുപേര്‍ കൂടി അതിലുണ്ടായിരുന്നുവെന്ന് പീഡനത്തിനിരയായ യുവതി പറയുന്നു. ഓട്ടോയില്‍ കയറിയതോടെ അവര്‍ ശല്യപ്പെടുത്താന്‍ തുടങ്ങി. യുവതി ഇത് എതിര്‍ക്കുകയും കുഞ്ഞ് കരയാന്‍ ആരംഭിക്കുകയും ചെയ്തതോടെ അവര്‍ കുഞ്ഞിനെ പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു. തുടര്‍ന്ന് ഡല്‍ഹി- ഗുരുഗ്രാം എക്സ്പ്രസ് ഹൈവേക്ക് സമീപമുള്ള ഒരു റോഡില്‍ വെച്ച് അവര്‍ തന്നെ ബലാത്സംഗം ചെയ്തുവെന്നും യുവതി പോലീസിനോട് പറഞ്ഞു.

ഐഎംടി മനോസാര്‍ സ്വദേശിയായ യുവതി, തന്റെ കുഞ്ഞിനെ ഓട്ടോറിക്ഷയില്‍ നിന്ന് മൂന്ന് പേര്‍ വലിച്ചെറിഞ്ഞു എന്നാണ് ആദ്യം പോലീസില്‍ പരാതി നല്‍കിയിരുന്നത്. പിന്നീടാണ് പീഡനം നടന്നുവെന്ന് യുവതി പോലീസിനെ അറിയിച്ചത്.

ബലാത്സംഗത്തിനും കൊലപാതകത്തിനും പോലീസ് കേസെടുത്തിട്ടുണ്ട്. യുവതിയുടെ ആരോപണങ്ങള്‍ അന്വേഷിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്‌.