മദ്യനയത്തില്‍ സഭയ്ക്ക് ഇരട്ടത്താപ്പോ?വൈന്‍ ഉല്‍പാദനത്തില്‍ 900 ശതമാനം വര്‍ദ്ധനവിന് അനുമതി തേടി ആര്‍ച്ച് ബിഷപ്പ് സൂസെപാക്യം

single-img
6 June 2017

തിരുവനന്തപുരം: ലത്തീന്‍ അതിരൂപത വൈന്‍ ഉത്പാദനത്തില്‍ 900 ശതമാനം വര്‍ദ്ധനവ് വരുത്താന്‍ അനുമതി തേടി എക്‌സൈസ് വകുപ്പിന് അപേക്ഷ നല്‍കി. നിലവില്‍ 250ലിറ്റര്‍ വൈന്‍ നിര്‍മ്മിക്കാനാണ് ലൈസന്‍സ് ഉള്ളത്. എന്നാല്‍ ഇത് 2500ലിറ്റര്‍ ആയി വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം ആര്‍ച്ച് ബിഷപ്പ് സൂസെപാക്യം എക്‌സൈസ് ജോയിന്റ് കമ്മീഷണറെ സമീപിച്ചതിന്റെ രേഖകളാണു പുറത്ത് വന്നിരിക്കുന്നത്. എന്നാല്‍ എക്‌സൈസ് ജോയിന്റ് കമ്മീഷ്ണര്‍ രൂപതയുടെ ആവശ്യം തള്ളി. അപേക്ഷയില്‍ ആവശ്യപ്പെട്ട അളവും പുരോഹിതരുടെ എണ്ണവും തമ്മില്‍ ഒത്തുപോകില്ലെന്ന് ചൂണ്ടിക്കാട്ടി എക്‌സൈസ് വകുപ്പ് അനുമതി നിഷേധിക്കുകയായിരുന്നുവെന്ന് “ടൈംസ് ഓഫ് ഇന്ത്യ” റിപ്പോര്‍ട്ട് ചെയ്തു.

വൈദികരുടെ എണ്ണത്തില്‍ 77 ശതമാനം ഉയര്‍ച്ചയാണ് ഉണ്ടായതെന്നാണ് സൂസെപാക്യം അവകാശപ്പെടുന്നത്. അതേസമയം വൈന്‍ നിര്‍മ്മാണത്തില്‍ 900 ശതമാനം വര്‍ധനവാണ് ആവശ്യപ്പെടുന്നത്. ഈ പൊരുത്തക്കേടുകളില്‍ വ്യക്തത വരുത്തണമെന്നും എക്‌സൈസ് വകുപ്പ് ആവശ്യപ്പെട്ടു.

ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് ഏപ്രിലില്‍ എക്‌സൈസ് വകുപ്പ് നോട്ടീസ് നല്‍കിയെങ്കിലും ആര്‍ച്ച് ബിഷപ്പ് ഇതുവരെ മറുപടി നല്‍കിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

പാതയോരത്തെ ബാറുകള്‍ തുറന്നതിനെതിരെ ആര്‍ച്ച് ബിഷപ് സൂസൈപാക്യത്തിന്റെ നേതൃത്വത്തില്‍ സര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധമാണ് നടന്ന് വരുന്നത്.

സൂസെ പാക്യത്തിന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയെയും ഗവര്‍ണറെയും സന്ദര്‍ശിച്ച് മതമേലധ്യക്ഷന്മാര്‍ പ്രതിഷേധം അറിയിച്ചിരുന്നു. ഇക്കാര്യത്തില്‍ സമരവും പ്രഖ്യാപിച്ചിട്ടുണ്ട്. അതിനിടെയാണു വൈന്‍ ഉത്പാദനത്തില്‍ 900 ശതമാനം വര്‍ദ്ധനവ് വരുത്താന്‍ ആവശ്യപ്പെട്ടുള്ള ആര്‍ച്ച് ബിഷപ്പിന്റെ അപേക്ഷ പുറത്ത് വന്നത്. ടൈംസ് ഓഫ് ഇന്ത്യ നല്‍കിയ വിവരാവകാശത്തിലാണ് ലത്തീന്‍ അതിരൂപതയുടെ ഇരട്ടത്താപ്പ് വ്യക്തമായത്.