അമേരിക്കയിലെ കോള്‍ സെന്റര്‍ തട്ടിപ്പ് കേസ്; ഇന്ത്യാക്കാരും പാക്കിസ്ഥാന്‍കാരനുമടക്കം അഞ്ചുപേര്‍ കുറ്റക്കാര്‍

single-img
6 June 2017


വാഷിംഗ്ടണ്‍: അമേരിക്കയിലെ കോള്‍ സെന്റര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ നാല് ഇന്ത്യാക്കാരും പാകിസ്ഥാന്‍കാരനുമടക്കം അഞ്ചു പേര്‍ കുറ്റക്കാരാണെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ജസ്റ്റിസ്. സാമ്പത്തിക തിരിമറിയാണ് ഇവര്‍ക്കെതിരായ പ്രധാന കുറ്റം. ശിക്ഷ പിന്നീട് വിധിക്കും. മഹാരാഷ്ട്ര, ഡല്‍ഹി, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നുള്ള അംഗീകാരമില്ലാത്ത കോള്‍ സെന്റുകളിലെ ജീവനക്കാര്‍, ആദായ നികുതി വകുപ്പില്‍ നിന്നാണെന്ന് തെറ്റിദ്ധരിപ്പിച്ച് അമേരിക്കക്കാരില്‍ നിന്നും കോടികള്‍ തട്ടിയെടുത്തതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതിനെ തുടര്‍ന്നാണ് യു.എസ് അന്വേഷണം നടത്തിയത്.
രാജുഭായ് പട്ടേല്‍ (32), വിരാജ് പട്ടേല്‍ (33), ദിലീപ് കുമാര്‍ അംബല്‍ പട്ടേല്‍ (53) എന്നീ ഇന്ത്യാക്കാരും പാകിസ്ഥാന്‍ പൗരനായ ഫഹദ് അലി (25)യുമാണ് കുറ്റക്കാരെന്ന് യു.എസ് കോടതി കണ്ടെത്തിയത്. ഹര്‍ദിക് പട്ടേല്‍ (31) എന്നയാളെ ഗൂഢാലോചന നടത്തിയതിന് നേരത്തെ കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. യൂണിവേഴ്സല്‍ സര്‍വീസസ്, ടെക് സൊല്യൂഷന്‍സ്, കാള്‍ ടോക്, ഐ സെര്‍വ് ബി.പി.ഒ, ലോറെക്സ് ഇംപെക്സ് തുടങ്ങി രജിസ്റ്റര്‍ ചെയ്യാതെ പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററുകള്‍ വഴി പ്രതിദിനം ഒരു കോടി മുതല്‍ 1.5 കോടി വരെ യുഎസില്‍ നിന്നും വ്യാജ ഫോണ്‍വിളികളിലൂടെ ഇവര്‍ നേടിയിരുന്നു. 15,000 മുതല്‍ 70,000 വരെയാണ് കോള്‍ സെന്റര്‍ ജീവനക്കാര്‍ക്ക് കമ്പനി നല്‍കിയിരുന്ന പ്രതിമാസ വേതനം. പണം തട്ടിയെടുക്കുന്ന കോളര്‍മാര്‍ക്ക് പ്രത്യേകം പ്രോത്സാഹന സമ്മാനങ്ങളും കമ്പനി നല്‍കിയിരുന്നു.

ഹര്‍ദിക് പട്ടേലാണ് ഇത്തരത്തില്‍ അനധികൃതമായി കോള്‍ സെന്ററുകള്‍ നടത്തിയിരുന്നത്. പിന്നീട് ഇയാള്‍ അമേരിക്കയില്‍ എത്തുകയായിരുന്നു. ഇന്ത്യയിലായിരിക്കെ, മാനേജര്‍ എന്ന പദവി ഉപയോഗിച്ച് ഇമെയിലിലൂടെയും ടെക്സ്റ്റ് സന്ദേശങ്ങളായും മറ്റു രീതികളിലൂടെയും അമേരിക്കയിലുള്ളവരുമായി ആശയവിനിമയം നടത്തിയിരുന്നു. 2013 ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെയാണ് വിരാജ് പട്ടേല്‍ ഗൂഢാലോചനയില്‍ പങ്കാളിയായത്. അമേരിക്കയിലേക്ക് പോകുന്നതിന് മുന്പ് കാള്‍ സെന്ററുകളുടെ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ട ചുമതല വിരാജ് വഹിച്ചിരുന്നു.ഷിക്കാഗോ, ഇല്ലിനോയി, തെക്കന്‍ ടെക്സാസ് എന്നിവിടങ്ങള്‍ കേന്ദ്രമാക്കിയായിരുന്നു പാകിസ്ഥാന്‍കാരനായ ഫഹദ് അലി പ്രവര്‍ത്തിച്ചിരുന്നത്.