സ്ത്രീകളിലെ വിളര്‍ച്ചയെ തടയാം

single-img
6 June 2017

ഹീമോഗ്ലോബിന്‍, ഇരുമ്പ്, ഫോളിക് ആസിഡ് എന്നീ ഘടകങ്ങള്‍ രക്തത്തില്‍ കുറയുന്നതാണ് വിളര്‍ച്ച അല്ലെങ്കില്‍ അനീമിയക്ക് കാരണം. ചുവന്ന രക്തകോശങ്ങളുടെ അളവ് കുറയുന്നതും ഇതിന് കാരണമാകുന്നു. കേരളത്തിലെ മൂന്നിലൊന്ന് സ്ത്രീകളും വിളര്‍ച്ച ബാധിച്ചവരാണെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. വിളര്‍ച്ച ഒഴിവാക്കുന്നതിനുള്ള അയണ്‍ ടാബ്‌ലറ്റുകള്‍ കഴിക്കുന്ന ഗര്‍ഭിണികളുടെ എണ്ണം കുറവാണെന്നും സ്ത്രീകളുടെയും കുട്ടികളുടെയും വികസനം സംബന്ധിച്ച ചുമതലയുള്ള കേന്ദ്ര മന്ത്രാലയം നടത്തിയ പഠനത്തില്‍ പറയുന്നു.

100 മില്ലി ലിറ്റര്‍ രക്തത്തിലുണ്ടാകേണ്ട ഹീമോഗ്ലോബിന്റെ അളവ്:

ഗര്‍ഭിണികള്‍ക്കും അഞ്ച് വയസ്സില്‍ താഴെയുള്ളവര്‍ക്കും 11 ഗ്രാം
അഞ്ച് മുതല്‍ 11 വയസ്സുവരെയുള്ളവര്‍ക്ക് 11.5 ഗ്രാം
സ്ത്രീകള്‍, കൗമാരക്കാര്‍, മുലയൂട്ടുന്നവര്‍: 12 ഗ്രാം
പുരുഷന്മാര്‍ 13 ഗ്രാം
പ്രത്യാഘാതങ്ങള്‍

രക്തനഷ്ടംമൂലം പ്രസവ സമയത്ത് സ്ത്രീകള്‍ മരിക്കുന്നതിന്റെ പ്രധാനകാരണം അനീമിയയാണ്. കൂടാതെ വിളര്‍ച്ച ബാധിച്ച അമ്മമാര്‍ മാസം തികയാതെ പ്രസവിക്കാന്‍ സാധ്യതയേറെയാണ്. തൂക്കം കുറഞ്ഞ കുഞ്ഞുങ്ങളും ഉണ്ടാകും. സമയമെത്താതെയുള്ള പ്രസവവും കുഞ്ഞുങ്ങളുടെ തൂക്കക്കുറവും മരണനിരക്കും കൂട്ടുന്നു. വിളര്‍ച്ചയുള്ള അമ്മമാരുടെ കുട്ടികള്‍ക്ക് പോഷകാഹാരക്കുറവും അണുബാധയും മറ്റ് അസുഖങ്ങളും ഉണ്ടാകുന്നു.
വികസ്വര രാജ്യങ്ങളിലെ മൊത്തം രോഗബാധയുടെ 2.4ശതമാനത്തിനുംകാരണം അനീമിയ, അയഡിന്‍, വൈറ്റമിന്‍ എ എന്നിവയുടെ അപര്യാപ്തത മൂലമാണെന്ന് ലോകാരോഗ്യസംഘടനയുടെ പഠനത്തില്‍ പറയുന്നു.

അനീമിയ കാരണം ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടാനിടവരുത്തുന്നു. ഇത് ഹൃദ്രോഗങ്ങള്‍ക്ക് ഇടയാക്കിയേക്കാം. പെപ്റ്റിക് അള്‍സര്‍, എല്ലിനെ ബാധിക്കുന്ന രോഗങ്ങള്‍, ബ്ലീഡിങ് പ്രശ്നങ്ങള്‍ എന്നിവ കൂടി ബാധിക്കുമ്പോള്‍ സ്വതവേ അനീമിക് ആയ സ്ത്രീയുടെ ആരോഗ്യനില കൂടുതല്‍ വഷളാവുന്നു.

പ്രധാനമായും മൂന്നുതരത്തിലുള്ള അനീമിയകളാണ് സ്ത്രീകളില്‍ കണ്ടുവരുന്നത്. അയണിന്റെ അപര്യാപ്തത മൂലമുണ്ടാവുന്ന അനീമിയ ഒന്ന്. ഇതിന്റെ പ്രധാന കാരണം ആര്‍ത്തവകാലത്തെ രക്തനഷ്ടമാണ്. ഇക്കാലത്ത് അയണ്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ആവശ്യത്തിന് കഴിക്കാതിരുന്നാല്‍ പ്രശ്നം മൂര്‍ച്ഛിക്കും. പ്രായംചെന്ന സ്ത്രീകളില്‍ പോഷകങ്ങളടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കുന്നതു കാരണം അനീമിയ കാണാറുണ്ട്. ആഹാരത്തിലെ തകരാറുകള്‍ കൊണ്ട് രക്തത്തിലെ ഫോളിക് ആസിഡിന്റെ അളവ് കുറയുമ്പോഴാണ് ‘ഫോളിക് ആസിഡ് ഡഫിഷ്യന്‍സി അനീമിയ’ ഉണ്ടാകുന്നത്. സ്ത്രീകളില്‍ ഗര്‍ഭകാലത്ത് ഫോളിക് ആസിഡ് സാധാരണ നിലയേക്കാള്‍ ഇരട്ടി ആവശ്യമാണ്. ഇതുകൊണ്ടാണ് ഗര്‍ഭിണികള്‍ക്ക് ഫോളിക് ആസിഡ് പ്രത്യേകം നിര്‍ദേശിക്കുന്നത്. ഗര്‍ഭം ധരിക്കാനൊരുങ്ങുമ്പോഴും ഗര്‍ഭിണിയായ ആദ്യമാസവും രക്തത്തില്‍ ഫോളിക് ആസിഡിന്റെ അളവ് കുറയാന്‍ പാടില്ല. അത് ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യനിലയെ തകരാറിലാക്കാനിടയുണ്ട്.

ഇതുകൂടാതെ സ്ത്രീകളിലെ ഫോളിക് ആസിഡിന്റെ കുറവ് വന്ധ്യതക്കും അണുബാധയ്ക്കും ഇടയാക്കുന്നു. വിറ്റാമിന്‍ ‘ബി 12’ന്റെ കുറവുകൊണ്ടും അനീമിയ ഉണ്ടാവുന്നു. ഇത് അപകടകരമായ നിലയിലാണെങ്കില്‍ ഇഞ്ചക്ഷന്‍ നല്‍കേണ്ടിവരും. ബി 12ന്റെ കുറവ് ന്യൂറോളജിക്കല്‍ തകരാറുകള്‍ക്കും വഴിതെളിച്ചേക്കാം.

ലക്ഷണങ്ങള്‍

അനീമിയ സ്വയം ഒരു രോഗലക്ഷണമായാണ് പലപ്പോഴും വരുന്നത്. ഒരു പ്രത്യേക ഘട്ടമെത്തിക്കഴിഞ്ഞാല്‍ അനീമിയ ഒരു രോഗം തന്നെയായി മറ്റെല്ലാ അവയവങ്ങളെയും ബാധിച്ചുതുടങ്ങുന്നു. ക്ഷീണമാണ് പ്രധാന ലക്ഷണം. ‘ആകെ ഒരു ഉന്മേഷക്കുറവ്. ഒന്നും ചെയ്യാന്‍ തോന്നുന്നില്ല’ എന്നാണ് സാധാരണ രോഗി പറയുക. രക്തക്കുറവ് കാരണം ശരീരം വിളര്‍ത്തിരിക്കും. കണ്ണ്, കൈ, നാവ് എന്നീ ഭാഗങ്ങള്‍ പ്രത്യേകിച്ചും. എത്രമാത്രം അനീമിക് ആണെന്നറിയാനാണ് രക്തപരിശോധന നടത്തുന്നത്. സ്ത്രീകളില്‍ അയണിന്റെയും ഫോളിക് ആസിഡിന്റെയും കുറവുമൂലമാണ് സാധാരണ അനീമിയ വരുന്നത്.

പരിഹാരം

ഇരുമ്പ് അടങ്ങിയ ഭക്ഷ്യവസ്തുക്കള്‍, ഐഎഫ്എ ടാബ് ലറ്റുകള്‍, ഇരുമ്പ് അടങ്ങിയ ഉപ്പ് എന്നിവ കഴിക്കുക.

വൈറ്റമിന്‍ സി അടങ്ങിയ നാരങ്ങ, പേരക്ക, ഓറഞ്ച് തുടങ്ങിയവ അയേണിന്റെ ആഗിരണം എളുപ്പത്തിലാക്കും. അതേസമയം, ചായ, കാപ്പി, പാല്‍ എന്നിവ അയേണ്‍ ആഗിരണം തടയും.

ആട്ടിറച്ചി, മാട്ടിറച്ചി, കോഴിയിറച്ചി, പന്നിയിറച്ചി, കരള്‍, മുട്ട, കക്കയറിച്ചി, ചെമ്മീന്‍, കടല്‍ മത്സ്യങ്ങള്‍.
സോയാബീന്‍, പരിപ്പ്, ഉഴുന്നുപരിപ്പ്, കടല, ഇലക്കറികള്‍, പച്ചക്കായ, തണ്ണിമത്തന്‍, ഗ്രീന്‍പീസ്
ശര്‍ക്കര, അണ്ടിപ്പരിപ്പ്, ഡ്രൈ ഫ്രൂട്ട്സ്ധാന്യങ്ങള്‍, ചോളം, ബജ്റ, റാഗി, തവിട് നീക്കാത്ത അരി തുടങ്ങിയവ ആഹാരത്തില്‍ ഉള്‍പ്പെടുത്തുക