രാജ്യത്ത് ഭക്ഷ്യക്ഷാമം ഉണ്ടാവില്ലെന്ന് ഖത്തര്‍; ഇന്ത്യയും ഇറാനും തുണയാകും

single-img
6 June 2017

ദോഹ: രാജ്യത്ത് യാതൊരുവിധ ഭക്ഷ്യക്ഷാമവും ഉണ്ടാവില്ലെന്ന് ഖത്തര്‍. നിലവില്‍ ആവശ്യമായത്ര ഭക്ഷ്യവസ്തുകള്‍ ഖത്തറിലുണ്ടെന്നും ഇനി അഥവാ ഭക്ഷ്യവസ്തുകള്‍ക്ക് ക്ഷാമം നേരിട്ടാല്‍ അത് പരിഹരിക്കാനുള്ള വഴികള്‍ ഖത്തറിന് മുന്നിലുണ്ടെന്നും ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ അമീര്‍ വ്യക്തമാക്കി. മുന്‍കരുതലെന്ന നിലയില്‍ ഇറാന്‍, ഇന്ത്യ, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്നായി ആവശ്യമായ ഭക്ഷ്യവസ്തുകള്‍ ഇറക്കുമതി ചെയ്യുമെന്നും അടിയന്തരസാഹചര്യമുണ്ടായാല്‍ 12 മണിക്കൂര്‍ കൊണ്ട് ഇറാനില്‍ നിന്ന് ഖത്തറിലേക്ക് ഭക്ഷ്യവസ്തുകള്‍ എത്തിക്കാന്‍ സാധിക്കുമെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.

ഭക്ഷ്യക്ഷാമം ഉണ്ടാവുമെന്ന ഭയത്തില്‍ ആളുകള്‍ കൂടുതല്‍ സാധനങ്ങള്‍ വാങ്ങി ശേഖരിച്ചതോടെ ഖത്തറിലെ പല സൂപ്പര്‍മാര്‍ക്കറ്റുകളും ഇന്നലെ കാലിയായതായി റിപ്പോര്‍ട്ടുകളുണ്ട്. ആളുകള്‍ അനാവശ്യമായി ഭക്ഷ്യവസ്തുകള്‍ വാങ്ങി ശേഖരിക്കരുതെന്നും ഇത് അനാവശ്യക്ഷാമത്തിലേക്ക് വഴി തെളിയിക്കുമെന്നും അധികൃതര്‍ മുന്നിറിയിപ്പ് നല്‍കിയിട്ടുണ്ട്. ഖത്തറിലേക്കുള്ള ഭക്ഷ്യവസ്തുകളുടെ നാല്‍പ്പത് ശതമാനവും സൗദിയില്‍ നിന്ന് കരമാര്‍ഗ്ഗമാണ് എത്തുന്നത്. ഖത്തറിലേക്കുള്ള പാത ഇന്നലെ സൗദി അറേബ്യ അടച്ചു പൂട്ടിയതോടെ ഇവിടേക്ക് ഭക്ഷ്യവസ്തുകളുമായി വന്ന നൂറുകണക്കിന് ട്രക്കുകള്‍ അതിര്‍ത്തിയില്‍ കുടുങ്ങികിടക്കുകയാണ്. ഭക്ഷ്യക്ഷാമം ഉണ്ടാവുമോ എന്ന ആശങ്ക പരന്നതോടെ ഖത്തര്‍ ഇറാന്‍ അധികൃതരുമായി ബന്ധപ്പെട്ട് അവിടെ നിന്ന് അധിക ഭക്ഷ്യവസ്തുകള്‍ കപ്പല്‍ വഴി ഖത്തറിലെത്തിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.