മിഷേലിന്റെ മരണം ആത്മഹത്യ തന്നെയെന്ന് പോലീസ്; മിഷേലിന്റെ മരണം സ്വഭാവികമായി സംഭവിച്ചതാണെന്നു ഇനിയും കരുതുന്നില്ലെന്ന് കുടുംബം

single-img
6 June 2017

 


കൊച്ചി : കൊച്ചിയില്‍ കായലില്‍ വീണു മരിച്ച സിഎ വിദ്യാര്‍ത്ഥിനി മിഷേല്‍ ഷാജിയുടെ മരണം ആത്മഹത്യയാണെന്ന് സ്ഥിതീകരിച്ച് പോലീസ്. മിഷേലിനെ ആരും കൊലപ്പെടുത്തിയതായി തെളിവുകള്‍ ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കാത്ത സാഹചര്യത്തില്‍ അന്വേഷണം തുടരാനാവാതെ അവസാനിപ്പിക്കാനൊരുങ്ങുകയാണ് ക്രൈബ്രാഞ്ച്. കേസില്‍ സൈബര്‍ ഫോറന്‍സിക് പരിശോധനാ ഫലം ലഭിച്ചാലുടന്‍ കുറ്റപത്രം നല്‍കുമെന്ന് ക്രൈബ്രാഞ്ച് അറിയിച്ചു. ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് അറസ്റ്റിലായ ക്രോണിന്‍ അലക്‌സാണ്ടറില്‍ നിന്നും പിടിച്ചെടുത്ത മൊബൈല്‍ ഫോണിലെ മായ്ച്ചുകളഞ്ഞ ഉള്ളടക്കത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടാണ് ക്രൈബ്രാഞ്ചിന് ഇനി ലഭിക്കാനുള്ളുത്. മിഷേലിന്റെ മരണം കൊലപാതകമാണോയെന്ന സംശയങ്ങള്‍ നേരത്തെ പലഭാഗങ്ങളില്‍ നിന്നും ഉയര്‍ന്നിരുന്നു.

എന്നാല്‍ പെണ്‍കുട്ടി ആത്മഹത്യ ചെയ്തത് തന്നെയെന്ന സ്ഥിതീകരണത്തില്‍ ക്രൈംബ്രാഞ്ച് അവസാന നിമിഷം എത്തിച്ചേരുകയായിരുന്നു. ഇനി വ്യക്തത വരാനുള്ളത് ആത്മഹത്യ ചെയ്യാനുള്ള കാരണത്തില്‍ മാത്രമാണ്. ക്രോണിന്റെ ഫോണിലെ വിവരങ്ങള്‍ ലഭിച്ചാല്‍ മാത്രമേ ഇതേക്കുറിച്ചു സൂചനകള്‍ കൂടുതല്‍ ലഭിക്കുമെന്ന് പോലീസ് കരുതുന്നു. ഗോശ്രീ പാലത്തില്‍ നിന്നു മിഷേല്‍ കായലിലേക്കു ചാടുന്നതിന് ദൃക്‌സാക്ഷികളായി ആരേയും കണ്ടെത്താന്‍ ക്രൈം ബ്രാഞ്ചിനു ഇതുവരെയും സാധിച്ചിരുന്നില്ല. എന്നാല്‍ മിഷേല്‍ കാണാതായ ദിവസം ഒരു പെണ്‍കുട്ടിയെ ഗോശ്രീ പാലത്തില്‍ കണ്ടതായി വൈപ്പിന്‍ സ്വദേശി അമല്‍ പോലീസില്‍ മൊഴി നല്‍കിയിരുന്നു. മിഷേല്‍ ആത്മഹത്യ ചെയ്തുവെന്നു സൂചിപ്പിക്കുന്ന ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.
മിഷേല്‍ ഗോശ്രീ പാലത്തിലൂടെ നടന്നുപോവുന്ന ദൃശ്യങ്ങളാണ് ഹൈക്കോടതി പരിസരത്തു നിന്നു ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍ കണ്ടത്. മിഷേലിന്റെ പോസ്റ്റ്് മാര്‍ട്ടം റിപ്പോര്‍ട്ടില്‍ ശരീരത്തില്‍ ദേഹോപദ്രവം ഏറ്റതായി തെളിവുകളൊന്നും ക്രൈബ്രാഞ്ചിന് കണ്ടെത്താനായില്ല. ഇതും മരണം ഒരു ആത്മഹത്യ യാണെന്ന നിഗമനത്തില്‍ എത്തിച്ചേരാന്‍ പോലീസിനെ സഹായിച്ചു.

അതേസമയം മിഷേലിന്റെ മരണം സ്വഭാവികമായി സംഭവിച്ചതാണെന്നു ഇനിയും ഈ കുടുംബം വിശ്വസിക്കുന്നില്ല.ഇരുപത്തിനാലു മണിക്കൂര്‍ വെള്ളത്തില്‍ കിടന്നിട്ടും മിഷേലിന്റെ വയറ്റില്‍ ഒരു തുള്ളി വെള്ളം പോലും ഉണ്ടായിരുന്നില്ലെന്നും തങ്ങളുടെ മകള്‍ കായലില്‍ നിന്നും നീന്തിക്കയറി കരയില്‍ വന്നു കിടക്കുന്നതു പോലെയാണ് തോന്നിയതെന്നും മിഷേലിന്റെ അമ്മ സൈലാമ്മ പറഞ്ഞു.
കായലില്‍ ഇത്രയും നേരം കിടന്നിട്ടും അവളുടെ നിറം അല്‍പ്പം പോലും മങ്ങിയുമിരുന്നിരുന്നില്ല. മാത്രമല്ല മിഷേലിന്റെ മൂക്കിന് താഴെ രണ്ട് നഖപ്പാടുകളും മരണശേഷം കണ്ടിരുന്നു. അതെങ്ങനെ വന്നുവെന്നും ഇവര്‍ ചോദിക്കുന്നു. സംഭവത്തില്‍ പിടിയിലായ ക്രൊണിന്‍ അലക്‌സാണ്ടറിനെ തെളിവുകളുടെ അഭാവത്തില്‍ വിട്ടയച്ചിരുന്നു.