ബംഗ്ലാദേശ്- ഓസ്‌ട്രേലിയ മല്‍സരം മഴ വില്ലനായതോടെ ഉപേക്ഷിച്ചു.

single-img
6 June 2017

ഓവല്‍ : ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ബംഗ്ലാദേശ്- ഓസ്‌ട്രേലിയ മല്‍സരം മഴ വില്ലനായതോടെ ഉപേക്ഷിച്ചു. ബംഗ്ലാദേശ് നേടിയ 183 റണ്‍സ് വിജയലക്ഷ്യം അനായാസം മറികടക്കാന്‍ തുടങ്ങിയ ഓസ്‌ട്രേലിയയെ മഴ ചതിക്കുകയായിരുന്നു. മല്‍സരം ഉപേക്ഷിക്കുമ്പോള്‍ ഓസ്‌ട്രേലിയ 16 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 83 റണ്‍സ് നേടിയിരുന്നു. 19 റണ്‍സെടുത്ത ഫിഞ്ചിന്റെ വിക്കറ്റ് മാത്രമാണ് ഓസിസിന് നഷ്ടമായത്. വിക്കറ്റ് നഷ്ടപ്പെടാതെ 40 റണ്‍സുമായി വാര്‍ണറും 22 റണ്‍സുമായി സ്റ്റീവന്‍ സ്മിത്തുമായിരുന്നു അവസാന നിമിഷം ക്രീസില്‍.

ആദ്യം തന്നെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ബംഗ്ലാദേശ് 44.3 ഓവറില്‍ 182 റണ്‍സ് നേടി
എല്ലാവരും പുറത്തായി. ശരിയായ ദിശയില്‍ ബാറ്റുവീശി ഫോം നിലനിര്‍ത്തിയ തമീം ഇക്ബാലിന് രണ്ടാം മല്‍സരത്തിലും സെഞ്ചുറി കുറിക്കാനുള്ള അവസരം അഞ്ചു റണ്‍സ് അകലെ നഷടമാവുകയായിരുന്നു. തമീമിനു പുറമെ ഷാക്കിബ് അല്‍ ഹസന്‍ (29) മെഹദി ഹസന്‍ (14) എന്നിവര്‍ക്ക് മാത്രമെ ബംഗ്ലദേശിനു വേണ്ടി രണ്ടക്കം കടക്കാനായുള്ളു. ഓസിസിനായി മികച്ച ബൗളിങ്ങ് കാഴ്ച്ചവെച്ച മിച്ചല്‍ സ്റ്റാര്‍ക്ക് നാലും ആദം സാംപ രണ്ടും വിക്കറ്റ് വീഴ്ത്തി.