ഖത്തര്‍ പ്രതിസന്ധി:പിന്നിൽ നിന്ന് ചരട് വലിച്ചത് ട്രംപ്;പ്രശ്നപരിഹാരം നീണ്ടാൽ പ്രതിസന്ധി ബാധിക്കുക യുഎഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളെയും.

single-img
6 June 2017


ദുബായ്:ഖത്തറുമായുളള ബന്ധം ആറു രാജ്യങ്ങള്‍ വിച്ഛേദിച്ചതിനു പിന്നിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആണെന്ന് റിപ്പോർട്ട്.അടുത്തിടെ സൗദി സന്ദർശിച്ച ട്രംപ്, ഭീകരതയ്ക്കെതിരെ ഒരുമിക്കാൻ മുസ്‍ലിം രാജ്യങ്ങളെ ആഹ്വാനം ചെയ്തിരുന്നു.ഇതിനു പിന്നാലെയാണു ഭീകരവാദികൾക്കു പിന്തുണ നൽകി മേഖലയിൽ അസ്ഥിരത സൃഷ്ടിക്കുന്നുവെന്ന് ആരോപിച്ച് സൗദി അറേബ്യ ഉൾപ്പെടെയുള്ള ഏഴു രാജ്യങ്ങൾ ഖത്തറുമായുളള നയതന്ത്ര ബന്ധം വിഛേദിച്ചത്.
അതേസമയം ഖത്തര്‍ പ്രതിസന്ധി പരിഹരിക്കുന്നതിന് മധ്യസ്ഥ ശ്രമവുമായി തുര്‍ക്കിയും കുവൈറ്റും രംഗത്തെത്തി. ഗള്‍ഫ് രാജ്യങ്ങളുമായി നല്ല ബന്ധം പുലര്‍ത്തുന്ന രാജ്യമാണ് തുര്‍ക്കി. ചര്‍ച്ചകളിലൂടെ പ്രശ്നപരിഹാരത്തിന് എല്ലാ കക്ഷികളും തയാറാകണമെന്ന് തുര്‍ക്കി അഭ്യര്‍ഥിച്ചു.

പ്രശ്നപരിഹാരത്തിനായി ഇടപെടണമെന്ന് കുവൈറ്റിലെ പാര്‍ലമെന്റ് അംഗങ്ങള്‍ ഭരണനേതൃത്വത്തോട് ആവശ്യപ്പെട്ടു. അമേരിക്കയും റഷ്യയും പ്രശ്നപരിഹാരത്തിനായി ആഹ്വാനം ചെയ്തിട്ടുണ്ട്. അതേസമയം, നയതന്ത്ര ബന്ധം വിച്ഛേദിച്ച നടപടിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഖത്തര്‍ മന്ത്രിസഭ അറിയിച്ചു. സാധാരണ ജനങ്ങളെ ബാധിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞു. സൗദി അതിര്‍ത്തി അടച്ചെങ്കിലും ഭക്ഷ്യക്ഷാമം ഉണ്ടാകില്ല. എന്നാല്‍, ഭക്ഷ്യവസ്തുക്കളുടെ അപര്യാപ്ത ഉണ്ടാകുമെന്ന ആശങ്കയെ തുടര്‍ന്ന് ഖത്തറിലെ സൂപ്പര്‍മാര്‍ക്കറ്റുകളിലെല്ലാം വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പാല്‍, മുട്ട, പഞ്ചസാര, അരി തുടങ്ങിയവ ശേഖരിച്ചു വയ്ക്കുകയാണ് ജനങ്ങള്‍. നയതന്ത്ര ബന്ധം വിച്ഛേദിച്ചതിനു പിന്നാലെ ഖത്തറിലേക്കുള്ള പഞ്ചസാര കയറ്റുമതി സൗദിയും യുഎഇയും നിര്‍ത്തിവച്ചു.
അതേസമയം ഖത്തറുമായുള്ള അതിര്‍ത്തി സൗദി ദീര്‍ഘകാലത്തേക്ക് അടച്ചിട്ടാല്‍ ലോകകപ്പ് ഒരുക്കങ്ങളെയും ബാധിക്കും. ലോകകപ്പ് ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് സംഘാടകസമിതിയുമായി നിരന്തര ആശയവിനിമയം നടത്തുന്നുണ്ടെന്ന് ഫിഫ അറിയിച്ചു. അതേസമയം, പ്രതിസന്ധി അനന്തമായി നീണ്ടാല്‍ യുഎഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളെയും ബാധിക്കും. യുഎഇയ്ക്ക് അവശ്യമായ ദ്രവീകൃത പ്രകൃതി വാതകത്തിന്റെ ഏറിയ പങ്കും ഖത്തറില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്.