ഖത്തര്‍ റിയാല്‍ ഇടപാടുകള്‍ നിര്‍ത്തലാക്കാന്‍ വിമാനത്താവളങ്ങള്‍ക്ക് നിര്‍ദേശം;പ്രവാസികള്‍ പ്രതിസന്ധിയില്‍

single-img
6 June 2017


ഖത്തര്‍ കറന്‍സിയായ റിയാല്‍ ഇടപാടുകള്‍ നിര്‍ത്താന്‍ വിമാനത്താവളങ്ങള്‍ക്ക് നിര്‍ദേശം. ഇതേതുടര്‍ന്ന് റിയാല്‍ മാറ്റി നല്‍കുന്നത് കേരളത്തിലെ മണി എക്‌സചേഞ്ച് സ്ഥാപനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. റിയാല്‍ ഇടപാട് സംബന്ധിച്ച് ബാങ്കുകള്‍ക്കും ഫോറെക്‌സ് ഗ്രൂപ്പുകള്‍ക്കും അറിയിപ്പ് നല്‍കിയതായാണ് വിവരം.

തീവ്രവാദി സംഘടനകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നുവെന്നാരോപിച്ച് ഖത്തറിനുമേല്‍ മറ്റു രാഷ്ട്രങ്ങളേര്‍പ്പെടുത്തിയ നയതന്ത്ര ഉപരോധം രാജ്യത്തിന്റെ ആഭ്യന്തരസ്ഥിതിയെ ബാധിച്ചിട്ടില്ലെന്നാണ് ഖത്തറിനോടടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

എന്നാല്‍ നാല് അറബ് രാജ്യങ്ങള്‍ ഖത്തറുമായുള്ള വ്യോമഗതാഗതം നിര്‍ത്തലാക്കിയതോടെ ജിസിസി രാജ്യങ്ങള്‍ വഴി നാട്ടിലേക്ക് വരാന്‍ ടിക്കറ്റെടുത്ത മലയാളികള്‍ക്ക് യാത്ര റദ്ദാക്കേണ്ട അവസ്ഥ വന്നിരിക്കുകയാണ്.നിലവില്‍ കൊച്ചിയിലേക്കും കരിപ്പൂരിലേക്കുമുള്ള ഖത്തര്‍ എയര്‍വേഴ്‌സ് സര്‍വ്വീസുകളെല്ലാം മുടക്കം കൂടാതെ നടക്കുന്നുണ്ട്. അതേസമയം, സൗദിയും യുഎഇയും ആകാശവിലക്കേര്‍പ്പെടുത്തിയതോടെ ഖത്തര്‍ എയര്‍വേഴ്‌സ് വിമാനങ്ങള്‍ പറക്കല്‍ പുതിയ പാതയിലൂടെ ആരംഭിച്ചു.

ഗള്‍ഫ് മേഖലയിലെ ആഭ്യന്തര വിഷയങ്ങളില്‍ ഇന്ത്യ പക്ഷം പിടിക്കില്ലെന്നും വിദേശ ഇന്ത്യക്കാരെ ഈ വിഷയം ബാധിച്ചാല്‍ ഇടപ്പെടുമെന്ന് സുഷമ സ്വരാജ് ഉറപ്പ് നല്‍കിയ സാഹചര്യത്തിലും കറന്‍സി വിഷയത്തില്‍ പ്രതിസന്ധി നേരിടേണ്ടി വന്നത് പ്രവാസികളെ അലട്ടുകയാണ്.