മഞ്ചേശ്വരത്ത് അബ്ദുള്‍റസാഖ് അയോഗ്യനാകുമോ? കേരളത്തില്‍ ഒരു താമര കൂടി വിരിയുമെന്ന പ്രതീക്ഷയില്‍ ബിജെപി

single-img
5 June 2017

നേമത്തിന് പിന്നാലെ മഞ്ചേശ്വരത്തും താമര വിരിയുമോ എന്ന പ്രതീക്ഷയിലാണിപ്പോള്‍ ബിജെപി അണികള്‍. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ നിന്നും വിജയിച്ച മുസ്ലിംലീഗിലെ പി.ബി അബ്ദുള്‍റസാഖിനെതിരെ സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച കേസിന്റെ അനുകൂല വിധിയിലാണ് കേരളത്തിലെ മുഴുവന്‍ ബിജെപിക്കാരുടെയും പ്രതീക്ഷ. വിധി അനൂകൂലമായാല്‍ ഉപതെരഞ്ഞെടുപ്പിലൂടെ കേരളത്തില്‍ ബിജെപിയുടെ രണ്ടാം സീറ്റ് ഉറപ്പിക്കാനാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് പാര്‍ട്ടി നേതൃത്വവും അണികളും.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ വിജയിച്ച മുസ്ലിംലീഗിലെ പി.ബി അബ്ദുള്‍റസാഖിനെതിരെയാണ് കെ. സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. മഞ്ചേശ്വരത്തെ ലീഗ് സ്ഥാനാര്‍ത്ഥിയായിരുന്ന അബ്ദുള്‍ റസാഖ് 56, 870 വോട്ടും കെ. സുരേന്ദ്രന്‍ 56, 781 വോട്ടുമാണ് നേടിയത്. 89 വോട്ടുകള്‍ക്കാണ് കെ. സുരേന്ദ്രന്‍ പരാജയപ്പെട്ടത്. എന്നാല്‍ ഈ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ മരിച്ചുപോയവരുടെയും വിദേശത്തുള്ളവരുടെയും പേരില്‍ വ്യാപകമായി കള്ളവോട്ടു നടന്നിട്ടുണ്ടെന്നാണ് സുരേന്ദ്രന്റെ ആരോപണം.

മണ്ഡലത്തിലെ വിവിധ സ്‌കൂളുകളിലെ ബൂത്തുകളില്‍ വിദേശത്തുള്ള 298 പേരുടെ കള്ള വോട്ടുചെയ്തുവെന്നും അതിനാല്‍ തിരഞ്ഞെടുപ്പ് ഫലം അസാധുവാക്കണമെന്നും ആവശ്യപ്പെട്ടാണ് പരാജയപ്പെട്ട സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചത്. 298 പേര്‍ മരിച്ചവരോ ഗള്‍ഫില്‍ ജോലി ചെയ്യുന്നവരോ ആണ്. ഇവരാരും തെരഞ്ഞെടുപ്പ് ദിനം മഞ്ചേശ്വരത്ത് ഉണ്ടായിരുന്നില്ലെന്നാണ് സുരേന്ദ്രന്റെ വാദം. ഇതുറപ്പിക്കാനാണ് ഇവര്‍ക്ക് കോടതി നോട്ടീസ് അയക്കുന്നത്. ഹര്‍ജിയില്‍ 298 പേര്‍ക്ക് സമന്‍സ് അയക്കാന്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം നിര്‍ദ്ദേശം നല്‍കിയിരുന്നു.

കള്ളവോട്ടു ചെയ്തുവെന്ന് ആരോപിക്കപ്പെട്ടവര്‍ക്കാണ് നോട്ടീസ് നല്‍കാന്‍ തീരുമാനിച്ചത്. 24 ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക് സമന്‍സ് അയക്കാനും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഈ തിരഞ്ഞെടുപ്പു ഹര്‍ജിയില്‍ 43 പ്രിസൈഡിംഗ് ഓഫീസര്‍മാരുടെ തെളിവെടുപ്പ് പൂര്‍ത്തിയായിരുന്നു. തുടര്‍ന്നാണ് തെളിവെടുപ്പിനായി ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക് സമന്‍സ് അയക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചത്. ഇവരാരും വോട്ട് ചെയ്തില്ലെന്ന് തെളിഞ്ഞാല്‍ മഞ്ചേശ്വരത്തെ വിധിയില്‍ ഹൈക്കോടതി ഇടപെടലുണ്ടാകും. റസാഖിന്റെ വിജയം ഹൈക്കോടതി റദ്ദാക്കിയാല്‍ ഉണ്ടാവുന്ന ഉപതിരഞ്ഞെടുപ്പിലാണ് ബിജെപി അനുകൂലികളുടെ പ്രതീക്ഷ.

ഹൈക്കോടതിയിലെ നടപടികള്‍ അതിവേഗം പൂര്‍ത്തിയാക്കാനാണ് ബിജെപിയുടെ ശ്രമം. ഇക്കാര്യം കേരളത്തില്‍ സന്ദര്‍ശനത്തിനെത്തിയ ദേശീയ അധ്യക്ഷന്‍ അമിത് ഷായേയും ബോധ്യപ്പെടുത്തുകയുണ്ടായി. ഉപതെരഞ്ഞെടുപ്പ് വന്നാല്‍ ജയിച്ചേ മതിയാകൂവെന്നാണ് അമിത് ഷാ ആവശ്യപ്പെട്ടത്. ബിജെപിയിലെ ഗ്രൂപ്പ് പോരുകളാണ് സുരേന്ദ്രന് നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയം നിഷേധിച്ചതെന്ന ആരോപണം ശക്തമാണ്. ഈ സാഹചര്യത്തില്‍ ഇത്തരം പാരവയ്ക്കലുകള്‍ പാടില്ലെന്ന് അമിത് ഷാ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഉപതെരഞ്ഞെടുപ്പിലും സുരേന്ദ്രന്‍ തന്നെയാകും സ്ഥാനാര്‍ത്ഥി. ആര്‍എസ്എസ് നേതൃത്വവുമായി നല്ല ബന്ധം സൂക്ഷിച്ച് മഞ്ചേശ്വരത്ത് നേട്ടമുണ്ടാക്കണമെന്നാണ് അമിത് ഷായുടെ ആവശ്യം. സുരേന്ദ്രനോട് ഇക്കാര്യങ്ങള്‍ ബന്ധപ്പെട്ടര്‍ അറിയിച്ചിട്ടുണ്ട്. ഹൈക്കോടതിയുടേത് അനുകൂല വിധിയാകുമെന്ന് തന്നെയാണ് ബിജെപിയുടെ ഈ ഘട്ടത്തിലെ വിലയിരുത്തല്‍.