ഭീകരര്‍ക്ക് സഹായം; ഖത്തറുമായുള്ള നയതന്ത്രബന്ധം സൗദി, യു.എ.ഇ, ബഹ്‌റൈന്‍, ഈജിപ്ത് ഉപേക്ഷിച്ചു

single-img
5 June 2017

റിയാദ്: ഖത്തറുമായുള്ള നയതന്ത്രബന്ധം നാല് ഗള്‍ഫ് രാജ്യങ്ങള്‍ ഉപേക്ഷിച്ചു. സൗദി അറേബ്യക്കു പുറമെ ബഹ്‌റൈന്‍, യു.എ.ഇ, ഈജിപ്ത് എന്നീ രാജ്യങ്ങളാണ് ഖത്തറുമായുള്ള ബന്ധം അവസാനിപ്പിച്ചത്. ഖത്തര്‍ ഭീകരവാദ സംഘടനകളെ പിന്തുണക്കുന്നുവെന്ന് ആരോപിച്ചാണ് നയതന്ത്രബന്ധം വിച്ഛേദിക്കാന്‍ രാജ്യങ്ങള്‍ തീരുമാനിച്ചത്.

ഖത്തറിലെ എംബസികള്‍ അടച്ച രാജ്യങ്ങള്‍ നയതന്ത്ര ഉദ്യോഗസ്ഥരെയും ജീവനക്കാരെയും ഇവിടെ നിന്നു പിന്‍വലിക്കുമെന്നും വ്യക്തമാക്കി. ഖത്തറിലേക്കുള്ള കര, വ്യോമ, നാവിക ഗതാഗത സംവിധാനങ്ങള്‍ ഒഴിവാക്കുന്ന കാര്യങ്ങളും രാജ്യങ്ങള്‍ ആലോചിക്കുന്നുണ്ട്. തീവ്രവാദത്തില്‍ നിന്നും തങ്ങളുടെ രാജ്യത്തെ പ്രതിരോധിക്കുന്നതിനും സംരക്ഷിക്കുന്നതിനും വേണ്ടിയുള്ള നടപടിയുടെ ഭാഗമാണിതെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഭീകരവാദികള്‍ക്ക് ഖത്തര്‍ നല്‍കിയ പിന്തുണ അക്രമങ്ങള്‍ വര്‍ധിക്കുന്നതിന് കാരണമായെന്നും സൗദി പ്രസ് ചൂണ്ടിക്കാട്ടി. ഖത്തര്‍ പൗരന്‍മാര്‍ക്ക് രാജ്യത്തിലേക്ക് മടങ്ങാന്‍ 14 ദിവസത്തെ സമയം സൗദി നല്‍കിയിട്ടുണ്ട്. അതേസമയം, ഖത്തറില്‍ നിന്ന് അടുത്ത 48 മണിക്കൂറിനുള്ളില്‍ തിരിച്ചുവരാന്‍ തങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥരോട് യു.എ.ഇ ആവശ്യപ്പെട്ടതായി രാജ്യത്തിന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ വാം ട്വിറ്ററിലൂടെ അറിയിച്ചു. കൂടാതെ, ഖത്തറിലുള്ള യു.എ.ഇ പൗരന്‍മാര്‍ 14 ദിവസത്തിനകം മടങ്ങാനും ഭരണകൂടം നിര്‍ദേശം നല്‍കി.

ഈജിപ്തിലെ തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലും ഖത്തറില്‍ നിന്നും കപ്പലുകള്‍ക്കും വിമാനങ്ങള്‍ക്കും ഭരണകൂടം വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.