ഖത്തറിനെ ഒറ്റപ്പെടുത്തി അറബ് രാഷ്ട്രങ്ങള്‍; ന്യായീകരിക്കാന്‍ കഴിയാത്ത നടപടിയെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം

single-img
5 June 2017

അബുദാബി: ഗള്‍ഫ് രാഷ്ട്രമായ ഖത്തറുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ചിരിക്കുകയാണ് സൗദ്യ അറേബ്യ, ബെഹ്‌റിന്‍, യുഎഇ, ഈജിപ്ത് മുതലായ രാജ്യങ്ങള്‍. സൗദി ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ നയതന്ത്ര ഇമെയിലുകള്‍ ഖത്തറിലെ വാര്‍ത്താ ഏജന്‍സി ചോര്‍ത്തിയതാണ് ഈ രാജ്യങ്ങളെ ചൊടുപ്പിച്ചിരിക്കുന്നത്. കൂടാതെ ഭീകരവാദത്തെ പ്രോല്‍സാഹിപ്പിക്കുന്നുവെന്ന ആരോപണം കൂടി ഈ രാജ്യങ്ങള്‍ ഖത്തറിനുമേല്‍ ചുമത്തുന്നുണ്ട്. ജിസിസി രാജ്യങ്ങള്‍ തമ്മില്‍ ഭിന്നത ഏതാനും ദിവസങ്ങളായി ഉടലെടുത്തിരുന്നെങ്കിലും ട്രംപിന്റെ സൗദി സന്ദര്‍ശനത്തോടെ സാഹചര്യങ്ങള്‍ കൂടുതല്‍ വഷളാകുകയായിരുന്നു.

സന്ദര്‍ശനത്തിനിടെ ഖത്തര്‍ വാര്‍ത്താ ഏജന്‍സികള്‍ പുറത്തുവിട്ട ചില വാര്‍ത്തകള്‍ രാജ്യങ്ങള്‍ തമ്മില്‍ അകലുന്നതിലേക്ക് കാര്യങ്ങളെ കൊണ്ടെത്തിക്കുകയായിരുന്നു. എന്നാല്‍ തങ്ങളുടെ ഏജന്‍സി ഹാക്ക് ചെയ്യപ്പെട്ടതാണ് തെറ്റായ വാര്‍ത്തകള്‍ പുറത്ത് വിട്ടതിനു പിന്നിലെന്നാണ് ഖത്തര്‍ നല്‍കിയ ഔദ്യോദിക വിശദീകരണം. കുവൈത്ത് ഇടപെട്ട് പ്രശ്‌നം ശാന്തമാക്കാന്‍ ശ്രമിച്ചെങ്കിലും മധ്യസ്ഥ ചര്‍ച്ചകള്‍ ഫലവത്താകാതെ പോകുകയായിരുന്നു. തുടര്‍ന്നാണ് രാജ്യങ്ങള്‍ ഖത്തറുമായുള്ള എല്ലാ നയതന്ത്രബന്ധങ്ങളും വിച്ഛേദിക്കുകയാണെന്ന് പ്രഖ്യാപിച്ചത്.

യെമനില്‍ ഹൂദി വിമതര്‍ക്കെതിരെ സൗദിയുടെ നേതൃത്വത്തില്‍ നടത്തുന്ന സൈനിക നടപടികളില്‍ നിന്ന് ഖത്തറിനെ നീക്കിയും അല്‍ഖ്വയ്ദ, ഇസ്ലാമിക് സ്റ്റേറ്റ് ഉള്‍പ്പെടെയുള്ള തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് ഖത്തര്‍ പിന്തുണ നല്‍കുന്നുവെന്ന ആരോപണം ഖത്തറിനെതിരെ ഗള്‍ഫ് രാജ്യങ്ങള്‍ അഴിച്ചുവിടുകയുമായിരുന്നു. ഇതിനിടെ യുഎയിലെ യുഎസ് അംബാസഡര്‍ യൂസഫ് അല്‍ ഒറ്റെയ്ബയുടെ ഇമെയിലേക്ക് വന്ന സന്ദേശങ്ങള്‍ ഖത്തറിലെ ഹാക്കര്‍മാര്‍ ചോര്‍ത്തിയിരുന്നു. ഇത് ഖത്തറിലെ ‘ഗ്ലോബല്‍ ലീക്‌സ് ‘എന്ന വെബ്‌സൈറ്റ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു.

ഇദ്ദേഹത്തിന് ഇസ്രയേലിനെ പിന്തുണയ്ക്കുന്ന ഫൗണ്ടേഷന്‍ ഫോര്‍ ഡിഫെന്‍്‌സ് ഓഫ് ഡെമോക്രാറ്റസ് (എഫ്ഡിഡി) എന്ന സംഘടനയുമായുള്ള അടുത്ത ബന്ധത്തെ പറ്റി വെളിപ്പെടുത്തിക്കൊണ്ടുള്ള ഇമെയിലാണ് ഖത്തര്‍വെബ്‌സൈറ്റ് പുറത്തുവിട്ടത്. ഇതില്‍ 2014 ലെ ചില ഇമെയിലുകള്‍ ഇസ്രായേലിലെ കോടീശ്വരനായ ഷെല്‍ഡണ്‍ അഡെല്‍സണും യു.എ.ഇയും എഫ്ഡിഡിക്ക് സാമ്പത്തിക സഹായം നല്‍കുന്നതെന്ന് വ്യക്തമാക്കുന്നതാണെന്നും വെബ്‌സൈറ്റ് പറയുന്നു.

എഫ്ഡിഡിയുമായി ചേര്‍ത്ത് ഖത്തറും കുവൈത്തും തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വരുത്തുന്നതിനു വേണ്ടിയുള്ള ഗൂഡാലോചന യുഎഇ നടത്തിയെന്നും വെളിപ്പെടുത്തുന്നുണ്ട്. യുഎഇ സായുധ സേനയെ നയിക്കുന്ന കിരീടവകാശി മുഹമ്മദ് ബിന്‍ സയീദ്, അബുദാബിയില്‍ താമസിക്കുന്ന ഫലസ്തീന്‍ ഫത്താ ഗ്രൂപ്പിലെ മൊഹമ്മദ് ഡഹ്ലാന്‍ എന്നിവര്‍ക്കൊപ്പം എഫ്ഡിഡി ഗ്രൂപ്പിലുള്ളവര്‍ കൂടിക്കാഴ്ചയ്ക്ക്്് അവസരമൊരുക്കണമെന്ന് ആവശ്യപ്പെടുന്ന ഇമെയിലുകളും പുറത്തു വന്നിരുന്നു. കൂടാതെ സൗദി അറേബ്യ, യുഎഇ, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ രഹസ്യമായി നടത്തിയ നീക്കങ്ങളുടെ വിവരങ്ങളടങ്ങിയ ഇമെയിലുകളാണ് ഖത്തറിലെ ഹാക്കര്‍മാര്‍ ചോര്‍ത്തിയതെന്ന് അല്‍ജസീറയും വ്യക്തമാക്കിയിരുന്നു.

ഡൊണാള്‍ഡ് ട്രംപുമായി ചേര്‍ന്ന് അല്‍ജസീറയെ അട്ടിമറിക്കാനും ഖത്തര്‍ പിടിച്ചെടുക്കാനുമുള്ള നീക്കം നടക്കുകയാണെന്നും ഹാക്കര്‍മാര്‍ ആരോപിച്ചിരുന്നു. ഇത്തരത്തില്‍ രഹസ്യമായി നടന്ന നയതന്ത്രനീക്കങ്ങള്‍ ചോര്‍ന്ന പശ്ചാത്തലത്തിലാണ് ഖത്തറുമായുള്ള ബന്ധം വിച്ഛേദിക്കാന്‍ ജിസിസി രാജ്യങ്ങള്‍ തുനിഞ്ഞതെന്നാണ് സൂചന. ഖത്തറിനെ ഒറ്റപ്പെടുത്തുന്നതിനു പിന്നില്‍ അമേരിക്കയുടെ ഒളിഞ്ഞും തെളിഞ്ഞുമുള്ള സഹായം ഉണ്ടെന്നതുമുറപ്പാണ്.

നയതന്ത്ര ബന്ധം വിച്ഛേദിച്ചതോടെ സൗദി, യു.എ.ഇ ബഹ്‌റിന്‍ ,ഈജിപ്പ്റ്റ് എന്നീ രാജ്യങ്ങളിലെ വിമാന കമ്പനികള്‍ ഖത്തറിലേക്കുള്ള സര്‍വ്വീസുകളും നിര്‍ത്തലാക്കിയിരിക്കുകയാണ്. എമിറേറ്റ്‌സ് എയര്‍വേയ്്‌സ്, ഇത്തിഹാദ്, സാദിയ,ഗള്‍ഫ് എയര്‍, ഈജിപ്ത് എയര്‍ എന്നീ വിമാനകമ്പനികള്‍ ഇനി ഖത്തറിലേയ്ക്ക് സര്‍വീസ് നടത്തില്ലെന്നും അറിയിച്ചു. അതേസമയം, ഖത്തറിലെ തീര്‍ത്ഥാടകരെ എത്തിക്കുന്നതില്‍ സൗദി വിലക്കേര്‍പ്പെടുത്തുന്നില്ല. സ്വദേശികളും മലയാളികളുമടക്കം പ്രവാസികളും ഖത്തറിലേക്കുള്ള വിമാന സര്‍വീസുകള്‍ ഈ രാജ്യങ്ങള്‍ നിര്‍ത്തിവെച്ചതോടെ പ്രതിസന്ധിയിലായിരിക്കുകയാണ്.

ഖത്തര്‍ പ്രവാസികള്‍ക്കൊപ്പം യുഎഇ, സൗദി അറേബ്യ, ബഹ്‌റൈന്‍ തുടങ്ങിയ രാജ്യങ്ങളിലെ പ്രവാസികളെയും ഇത് ബാധിക്കുമെന്നാണ് കണക്കുകൂട്ടപ്പെടുന്നത്. ഖത്തറിലും മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും വ്യാപാര സ്ഥാപനങ്ങള്‍ നടത്തുന്നവര്‍ക്ക് ഖത്തറിലേക്കും അവിടെ നിന്ന് നയതന്ത്രം വിച്ഛേദിച്ച രാജ്യങ്ങളിലേക്കും കടക്കുന്നതിന് മറ്റു രാജ്യങ്ങളിലെ വിമാന കമ്പനികളെ ആശ്രയിക്കേണ്ടി വരുമെന്നതാണ് പ്രധാന കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്.