ഇടതുസര്‍ക്കാരിന് എത്രമാര്‍ക്ക്?; ഒരുവര്‍ഷത്തെ പ്രോഗ്രസ് റിപ്പോര്‍ട്ടുമായി പിണറായി

single-img
5 June 2017

പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒരുവര്‍ഷത്തെ പ്രോഗ്രസ് റിപ്പോര്‍ട്ട് ഇന്ന് പുറത്തിറക്കും. കോഴിക്കോട്ടു നടക്കുന്ന മന്ത്രിസഭാവാര്‍ഷികത്തിന്റെ സമാപനച്ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംവിധായകന്‍ രഞ്ജിത്തിന് നല്‍കി റിപ്പോര്‍ട്ട് പ്രകാശനം ചെയ്യും.

എല്‍ഡിഎഫ് പ്രകടനപത്രികയില്‍ മുന്നോട്ടുവച്ചിരുന്ന 35ഇന പരിപടിയുടെ അവലോകനമാണ് പ്രോഗ്രസ് റിപ്പോര്‍ട്ടിലുള്ളത്. ഒരോ വര്‍ഷവും നടത്തിയ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുകയും ഇതു സംബന്ധിച്ച് പൊതുജനങ്ങളുമായി ചര്‍ച്ച ചെയ്ത് അവരുടെ അഭിപ്രായങ്ങള്‍കൂടി സ്വീകരിച്ച് ഭാവിപരിപാടികള്‍ ആസൂത്രണം നടത്തുകയും ചെയ്യുമെന്ന് പ്രകടനപത്രികയില്‍ത്തന്നെ പറഞ്ഞിരുന്നു.

ആ വാഗ്ദാനംകൂടി പാലിക്കുന്നു എന്ന മുഖ്യമന്ത്രിയുടെ മുഖക്കുറിപ്പോടെയാണ് റിപ്പോര്‍ട്ട് പുറത്തിറങ്ങുന്നത്. വികസനവിദഗ്ദ്ധര്‍ക്കും പൊതുജനങ്ങള്‍ക്കും സര്‍ക്കാരിന്റെ പ്രവര്‍ത്തനം വസ്തുനിഷ്ഠമായി വിലയിരുത്താന്‍ സഹായകമാകുന്ന രീതിയിലാണ് അവലോകനം. ആദ്യവര്‍ഷം തുടങ്ങാന്‍ കഴിയാത്ത പരിപാടികള്‍ അങ്ങനെതന്നെ തുറന്നു പറഞ്ഞിട്ടുണ്ട്.

ജനങ്ങള്‍ക്ക് വേണ്ടി ചെയ്യേണ്ടകാര്യങ്ങള്‍ വിവാദങ്ങളെ ഭയന്നു ചെയ്യാതിരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന മുഖ്യമന്ത്രിയുടെ സമീപനമാണ് റിപ്പോര്‍ട്ടിലുളളത്. തുടങ്ങാന്‍ കഴിയാത്ത ഏതെങ്കിലും കാര്യങ്ങള്‍ ഉയര്‍ത്തിക്കാട്ടി ആരെങ്കിലും വിവാദമുണ്ടാക്കുമോ എന്ന ആശങ്ക സര്‍ക്കാരിനില്ലെന്നു വ്യക്തമാക്കുന്ന തുറന്ന സമീപനമാണു പ്രോഗ്രസ് റിപ്പോര്‍ട്ടിന്റേത്. തുടര്‍ച്ചയായ സാമൂഹിക ഓഡിറ്റിങ്ങിനു സഹായകമാകും വിധം ഇത് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും അപ്പപ്പോള്‍ പരിഷ്‌ക്കരിച്ചുകൊണ്ടിരിക്കുകയും ചെയ്യും എന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.

വൈകിട്ട് അഞ്ച് മണിയ്ക്ക് കോഴിക്കോട് മലബാര്‍ ക്രിസ്റ്റ്യന്‍ കോളേജ് ഗ്രൗണ്ടിലാണ് മന്ത്രിസഭാവാര്‍ഷികത്തിന്റെ സമാപനച്ചടങ്ങ്. മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും