‘ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍’; ദിലീപിനെതിരെ പല്ലിശേരിയുടെ ലേഖനം വീണ്ടും

single-img
5 June 2017

കൊച്ചി: പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ തിരുവനന്തപുരം ചെങ്കല്‍ ചൂളയില്‍ മഞ്ജുവാര്യര്‍ക്ക് നേരെ വധ ഭീഷണിയുണ്ടായെന്ന് പ്രചരിച്ചതോടെ, തന്നെ ആരും കത്തികാട്ടി ഭീഷണിപ്പെടുത്തിയില്ലെന്നും പുസ്തക പ്രകാശനവുമായി ബന്ധപ്പെട്ട ചെറിയ ആശയക്കുഴപ്പമാണ് ഉണ്ടായതെന്ന വിശദീകരണവുമായി താരം തന്നെ രംഗത്തെത്തിയിരുന്നു. എന്നാല്‍ ‘അഭ്രലോക’മെന്ന കോളത്തിലൂടെ മലയാള സിനിമാ രംഗത്തുനിന്നും മഞ്ജുവിന് ഭീഷണിയുണ്ടായെന്ന വാദവുമായി രംഗത്തെത്തിയിരിക്കുകയാണ് മംഗളം സിനിമാ എഡിറ്റര്‍ പല്ലിശേരി.

മഞ്ജുവിനെ ആരെങ്കിലും ആക്രമിച്ചോ എന്ന് സ്ഥിരീകരിക്കുന്നില്ലെങ്കിലും അസ്വാഭാവിക സംഭവങ്ങള്‍ ഉണ്ടായെന്ന് കുറിക്കുകയാണ് തന്റെ ലേഖനത്തിലൂടെ പല്ലിശേരി ചെയ്യുന്നത്. ഭാവനയുടെ അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടി എന്ന സിനിമ പൊളിക്കാന്‍ നടത്തിയ കരുനീക്കവുമായി ഇതിനെ ബന്ധിപ്പിക്കുന്നുമുണ്ട്. എല്ലാത്തിനും പിന്നില്‍ ദിലീപാണെന്ന സൂചനകളാണ് പല്ലിശേരി പങ്കുവയ്ക്കുന്നത്. മഞ്ജുവിനെ ഭീഷണിപ്പെടുത്തിയ സംഭവത്തിലെ യഥാര്‍ത്ഥ സത്യം പുറത്തുകൊണ്ടുവരുമെന്നും സിനിമാ ഷൂട്ടിങ് മുടങ്ങാതിരിക്കാന്‍ എല്ലാം ഒതുക്കി തീര്‍ത്തതാണെന്നും പല്ലിശേരി വിലയിരുത്തുന്നു.

ധൈര്യം കൂട്ടുന്നതിനായി ലഹരി ഉപയോഗിച്ച ശേഷമാണ് രണ്ടു മാധ്യമപ്രവര്‍ത്തകരെയും ലിബര്‍ട്ടി ബഷീറിനയും മഞ്ജുവാര്യരെയും ഭാവനയെയും കുറിച്ച് പ്രശസ്തമായ ഒരു ഓണ്‍ലൈനില്‍ ദിലീപ് വളരെ മോശമായി സംസാരിച്ചതെന്നും പല്ലിശ്ശേരി തന്റെ ലേഖനത്തില്‍ പറയുന്നു. എന്നാല്‍ മഞ്ജുവാര്യരെക്കുറിച്ചും ഭാവനയെക്കുറിച്ചും ദിലീപ് വെളിപ്പെടുത്തിയ വൃത്തികെട്ട അസത്യങ്ങള്‍ ഓണ്‍ലൈന്‍ എഡിറ്റ് ചെയ്തുകളയുകയുണ്ടായെന്നും സിനിമാതാരങ്ങള്‍ ആയതുകൊണ്ട് പല രീതിയിലും അവരുടെ സേവനം അവര്‍ക്ക് ആവശ്യമാണെന്നും അതുകൊണ്ടാണ് ദിലീപിന്റെ വെളിപ്പെടുത്തലുകളില്‍ നിന്നും മഞ്ജുവാര്യരെയും ഭാവനയെയും രക്ഷപ്പെടുത്തിയതെന്നും അദ്ദേഹം പറയുന്നു.

‘അതോടെ അങ്കം മുറുകി. ദിലീപിന്റെ സിനിമകള്‍ സ്ത്രീകള്‍ കാണില്ലെന്നു തീരുമാനിച്ചു. പുതിയ നമ്പറുകള്‍ ഒന്നും കൈയിലില്ലാത്ത സിനിമയില്‍ കോമാളിയും ജീവിതത്തില്‍ ഗുണ്ടാവേഷവും കെട്ടിയാടുന്ന ദിലീപിനെ നാല് വര്‍ഷത്തിനുള്ളില്‍ മലയാള സിനിമയില്‍ നിന്ന് തുടച്ചു നീക്കുന്നതിനുള്ള ശ്രമവും അണിയറയില്‍ നടന്നുകൊണ്ടിരിക്കുന്നതായാണ് അറിയാന്‍ കഴിയുന്നത്. അതിനിടയിലാണ് രണ്ട് സംഭവങ്ങള്‍ അരങ്ങേറിയത്. മഞ്ജുവാര്യര്‍ക്ക് നേരെയുള്ള വധഭീഷണിയും ഭാവനയുടെ സിനിമ വിജയിക്കാതിരിക്കാനുള്ള തന്ത്രവും. സിനിമ പരാജയപ്പെട്ടാല്‍ ഭാവന അതോടെ തീരും. തിയേറ്ററില്‍ ഓടിയാല്‍ ഭാവനയ്ക്ക് മാര്‍ക്കറ്റ് ലഭിക്കും. ശക്തിയോടെ സിനിമയില്‍ ഉണ്ടായിരിക്കും.

തന്റെ എതിരാളികളും ശത്രുക്കളും തകരുന്നത് കാണാനും അവരെ തകര്‍ക്കാനുമാണ് ദിലീപിന്റെ ശ്രമം. സ്വയം തോല്‍ക്കാതിരിക്കാന്‍ വേണ്ടി എന്ത് വൃത്തികെട്ട കളിയും ദിപീല് കളിക്കും. അങ്ങനെ കളിച്ച ഒരു കളിയുടെ ഇരട്ടമുഖമാണ് മഞ്ജുവാര്യര്‍ക്ക് നേരേയും ഭാവന അഭിനയിച്ച അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍ എന്ന സിനിമയ്ക്കു നേരെയും ഉണ്ടായ ഭീഷണിയും. അതേ സമയം നല്ല അഭിപ്രായം നേടി തിയേറ്ററുകളില്‍ സജീവമായിരിക്കുകയാണ് ‘ഓമനക്കുട്ടന്‍’.

ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍. ഈ ഭീമന്‍ ആരെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ. വാമന രൂപമാണെങ്കിലും നിഗ്രഹിക്കാന്‍ സര്‍വ്വ ശക്തനാണെന്ന തോന്നലാണ് എറണാകുളം സംഭവത്തിന് ശേഷവും നടന്‍ അഹങ്കരിക്കാന്‍ കാരണം. ഇതിന് പിന്നില്‍ ഭാവനയോടുള്ള വൈരാഗ്യമാണെന്ന ആരോപണം ശക്തമാവുകയാണ്. പേരു പറയരുതെന്ന് സൂചിപ്പിച്ചു കൊണ്ട് തിയേറ്റര്‍ ഉടമകളും ആരോപണം ശരിവച്ചിട്ടുണ്ട്. സിനിമാ രംഗത്തെ ഗോപാലകൃഷ്ണന്‍ അടക്കം പലര്‍ക്കും കിട്ടിയ ഇരുട്ടടിയാണ് ചലച്ചിത്ര സ്ത്രീകള്‍ രൂപീകരിച്ച വുമണ്‍ കളിക്ടീവ് ഇന്‍ സിനിമ. മഞ്ജുവിനെതിരായ വധശ്രമ ഭീഷണി കൂടുതല്‍ തെളിവുകളോടെ പുറത്തു കൊണ്ടു വരുമെന്നും’ പല്ലിശേരിയുടെ ലേഖനത്തില്‍ പറയുന്നു.