ന്യൂനപക്ഷവിധവയും തൊഴിലുറപ്പും: രാജേട്ടനെ വെട്ടിലാക്കിയ രണ്ടു ചോദ്യങ്ങളും ഉത്തരങ്ങളും

single-img
5 June 2017

കേരളത്തിൽ ബിജെപിയുടെ ഒരേയൊരു നിയമസഭാ സാമാജികനായ നേമം എം എൽ ഏ ഓ രാജഗോപാൽ നിയമസഭയിലുന്നയിക്കുന്ന ചോദ്യങ്ങളെല്ലാം തമാശയായി മാറുകയാണു. ഈയടുത്താണു “ലാവ്ലിൻ കേസ് സുപ്രീം കോടതിയിൽ വാദിക്കാൻ സർക്കാർ ഹരീഷ് സാൽവേയ്ക്ക് എത്രരൂപ കൊടുത്തു“ എന്ന ചോദ്യത്തിനു, “ലാവ്ലിൻ കേസ് സർക്കാർ സുപ്രീം കോടതിയിൽ വാദിച്ചിട്ടില്ല” എന്ന മറുപടി കിട്ടി രാജഗോപാൽ ചമ്മിയതായിരുന്നു കഴിഞ്ഞദിവസങ്ങളിലെ വാർത്ത.

എന്നാൽ  വീണ്ടും  കുറിക്കുകൊള്ളുന്ന മറുപടികൾ  ‘ചോദിച്ചു‘വാങ്ങുകയാണു  നേമത്തുകാരുടെ സ്വന്തം രാജേട്ടൻ.

ഇക്കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ ജൂൺ രണ്ടാം തീയതി ന്യൂനപക്ഷ ക്ഷേമവകുപ്പുമന്ത്രി കെ ടി ജലീലിനോട് നേമം എം എൽ ഏയായ ഓ രാജഗോപാൽ ചോദിച്ച നക്ഷത്ര ചിഹ്നമിടാത്ത ചോദ്യം നമ്പർ: 1315

“ എ)   ന്യൂനപക്ഷവിഭാഗത്തിലെ വിധവകൾക്ക് പെൻഷൻ നൽകുന്നതിനു തീരുമാനം കൈക്കൊണ്ടിട്ടുണ്ടോ? എങ്കിൽ ഇതിനായി എത്രരൂപയാണു വകയിരുത്തിയിട്ടുള്ളത്; വ്യക്തമാക്കുമോ;

ബി) ഇവർക്ക് പെൻഷൻ നൽകിത്തുടങ്ങിയോ? തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ മുഖേനയാണോ പെൻഷൻ നൽകുന്നത്; വ്യക്തമാക്കുമോ;

സി) പ്രസ്തുത പെൻഷന്റെ ഗുണഭോക്താക്കൾ ആരൊക്കെയാണു; ഇതിനു അർഹരായിട്ടുള്ളവർ എത്രപേരാണു; ഈ പെൻഷനു അർഹരായിട്ടുള്ളവർ എത്രപേരാണു; ഇതുസംബന്ധിച്ച കണക്കെടുപ്പ് നടത്തിയിട്ടുണ്ടോയെന്ന് വിശദമാക്കുമോ;“

ഇനി ഇതിനു കെ ടി ജലീൽ കൊടുത്ത ഉത്തരം നോക്കുക:

“ന്യൂനപക്ഷവിഭാഗത്തിലെ വിധവകൾക്ക് പെൻഷൻ നൽകുന്ന പദ്ധതി ന്യൂനപക്ഷക്ഷേമവകുപ്പുമുഖേന നടപ്പിലാക്കി വരുന്നില്ല”

മലപോലെ വന്നത് എലിപോലെ പോയെന്നു പറഞ്ഞാൽ മതിയല്ലോ.

 

ഇനി അടുത്തചോദ്യത്തിനു ലഭിച്ച മറുപടി ഇതിലും രസകരമാണു. ദേശീയ തൊഴിലുറപ്പു പദ്ധതിയ്ക്ക് കേന്ദ്രസർക്കാർ മുഴുവൻ തുകയും അനുവദിച്ചിട്ടും സംസ്ഥാന സർക്കാർ പദ്ധതി നടപ്പാക്കാതിരുന്നതെന്തുകൊണ്ട് എന്നായിരുന്നു ചോദ്യം. എന്നാൽ തൊഴിലുറപ്പുപദ്ധതിയിലെ വേതനക്കുടിശ്ശികയായ 759.43 കോടിരൂപയടക്കമുള്ള കേന്ദ്രസർക്കാർ വിഹിതം ഇതുവരെ ലഭിട്ടില്ലായെന്നും എന്നിട്ടും സംസ്ഥാനസർക്കാർ പദ്ധതി നടപ്പാക്കുന്നതിൽ വീഴ്ച്ചവരുത്തിയിട്ടില്ലായെന്നുമുള്ള വായടപ്പിക്കുന്ന മറുപടിയാണു ലഭിച്ചത്. ചോദ്യവും ഉത്തരവും മുഴുവനായി താഴെ വായിക്കാം:

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് ഓ രാജഗോപാൽ എം എൽ ഏ തദ്ദേശ സ്വയംഭരണവകുപ്പുമന്ത്രി കെ ടി ജലീലിനോട് ചോദിച്ച ചോദ്യം.

നക്ഷത്ര ചിഹ്നമിടാത്ത ചോദ്യം നം 1230

“ എ) മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയ്ക്കായി കേന്ദ്രസർക്കാർ എത്രരൂപാ നൽകിയിട്ടുണ്ട്?

ബി) പ്രസ്തുത പദ്ധതിയിൽ സംസ്ഥാനസർക്കാരിന്റെ വിഹിതം എത്രയാണു?

സി) കേന്ദ്രസർക്കാർ മുഴുവൻ തുകയും നൽകിയിട്ടും ഈ പദ്ധതി നടപ്പാക്കുന്നില്ല എന്ന വിഷയം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ?

ഡി) എന്തുകൊണ്ടാണു ഈ പദ്ധതി പൂർണ്ണമായും നടപ്പിലാക്കാൻ കഴിയാതെ വന്നത്? വിശദാംശങ്ങൾ ലഭ്യമാക്കുമോ?“

പ്രസ്തുത ചോദ്യങ്ങൾക്ക് മന്ത്രി കെ ടി ജലീലിന്റെ മറുപടി കാണുക:

“ എ) പദ്ധതി ആരംഭിച്ചതിനുശേഷം കേന്ദ്രവിഹിതമായി നാളിതുവരെ  9863.80 കോടിരൂപ നൽകിയിട്ടുണ്ട്. വിശദാംശങ്ങൾ അനുബന്ധമായി ചേർക്കുന്നു.

ബി) മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ സാധനസാമഗ്രികളുടെ ആകെ ചെലവിന്റെ 25 ശതമാനമാണു സംസ്ഥാന സർക്കാർ വഹിക്കേണ്ടത്.

സി& ഡി) 2016-2017 സാമ്പത്തികവർഷം സംസ്ഥാനത്തിനു അർഹതപ്പെട്ട ഫണ്ട് കേന്ദ്രം മുഴുവനായി നൽകിയിരുന്നില്ല. 2016-2017 സാമ്പത്തികവർഷം 2438.62 കോടിരൂപയാണു കേന്ദ്രവിഹിതമായി ലഭ്യമാകേണ്ടിയിരുന്നത്. എന്നാൽ 1582.48 കോടിരൂപയാണു കേന്ദ്രസർക്കാർ വിഹിതമായി ലഭിച്ചത്. ബാക്കിവിഹിതം ലഭിക്കുന്നതിനായി 18-01-2017 നു പ്രൊപ്പോസൽ നൽകിയിരുന്നെങ്കിലും ഫണ്ട് കേന്ദ്രസർക്കാർ അനുവദിച്ചിരുന്നില്ല. തുടർന്ന്, 2107-2018 സാമ്പത്തികവർഷത്തിലെ ആദ്യവാരത്തിൽ കുടിശ്ശികയും  നടപ്പുവർഷത്തെ ചെലവിനാവശ്യമായ തുകയും ഒന്നിച്ചാവശ്യപ്പെട്ടെങ്കിലും ആകെ ലഭ്യമായത് 167.30 കോടിരൂപയാണു. 2016-2017 സാമ്പത്തികവർഷത്തിലെ വേതനക്കുടിശികയിനത്തിൽ മാത്രം 759.43കോടിരൂപ കേന്ദ്രവിഹിതം ലഭിക്കേണ്ടതാണു.

അർഹതപ്പെട്ട ഫണ്ട് പൂർണ്ണമായും ലഭിച്ചില്ലായെങ്കിലും 2016-2017 ലെ പദ്ധതി മെച്ചപ്പെട്ടനിലയിൽ നടപ്പിലാക്കുവാൻ സാധിച്ചിട്ടുണ്ട്. 2016-2017 സാമ്പത്തികവർഷം കേന്ദ്ര സർക്കാർ സംസ്ഥാനത്തിന്റെ ലേബർ ബഡ്ജറ്റ് അംഗീകരിച്ചത് 603.11 ലക്ഷം തൊഴിൽദിനങ്ങൾ സൃഷ്ടിക്കുന്നതിനാണു. എന്നാൽ 31-03-2017 വരെ സംസ്ഥാനം 684.62 ലക്ഷം തൊഴിൽദിനങ്ങൾ സൃഷ്ടിച്ചതിലൂടെ ലേബർ ബഡ്ജറ്റിന്റെ 113.51 ശതമാനം കൈവരിയ്ക്കാൻ സാധിച്ചിട്ടുണ്ട്.

കേന്ദ്രസർക്കാർ ഫണ്ട് ‘അനുവദിച്ചിട്ടും‘ പദ്ധതി ‘നടപ്പിലാക്കാത്ത‘ സംസ്ഥാനസർക്കാരിനെ ചോദ്യം ചെയ്യാൻ പോയ ഓ രാജഗോപാലിനു ലഭിച്ചത് പ്രതീക്ഷിച്ചതിനു വിപരീതമായ വസ്തുതകളടങ്ങുന്ന മറുപടികൾ. തൊഴിലുറപ്പുപദ്ധതിയുടെ കേന്ദ്രവിഹിതം മുടങ്ങിക്കിടന്നിട്ടും പദ്ധതിയുമായി മുന്നോട്ടുപോകുന്ന സംസ്ഥാനസർക്കാരിന്റെ നടപടിയുടെ വിശദാംശങ്ങൾ ബൂമറാംഗ് ആയി മാറിയ കാഴ്ച്ചയാണു അദ്ദേഹത്തിനു കാണുവാൻ സാധിച്ചത്.