ഒമാനില്‍ നഴ്‌സിങ് മേഖലയിലും സ്വദേശിവല്‍ക്കരണം ശക്തമാക്കുന്നു; മലയാളികള്‍ക്കടക്കം 415 പേര്‍ക്ക് തൊഴില്‍ നഷ്ടമാകും

single-img
5 June 2017

മസ്‌കത്ത്: ഒമാനില്‍ നഴ്‌സിങ് രംഗത്തെ സ്വദേശിവത്കരണ ശ്രമങ്ങള്‍ ഊര്‍ജിതമാക്കുന്നതിന്റെ ഫലമായി വിവിധ ഗവര്‍ണറേറ്റുകളിലായി 415 സ്വദേശി നഴ്‌സുമാരെ നിയമിക്കുന്നു. ഇതേതുടര്‍ന്ന് മലയാളികളടക്കം നിരവധിപേര്‍ക്ക് നോട്ടീസ് ലഭിച്ചു. മൂന്നുമാസം മുമ്പാണ് നോട്ടീസ് ലഭിച്ചതെന്ന് നഴ്‌സുമാരില്‍ ഒരാള്‍ പറഞ്ഞു. ജൂലൈ ഒന്നിനാണ് ഇവരുടെ അവസാനത്തെ ഡ്യൂട്ടി.

നിലവിലുള്ള വിദേശജീവനക്കാര്‍ക്ക് പകരമാകും അവിടത്തുകാരെ നിയമിക്കുക. ഇതിനായി സുല്‍ത്താന്‍ ഖാബൂസ് സര്‍വകലാശാലയില്‍നിന്നും മറ്റു സ്വകാര്യ സര്‍വകലാശാലകളില്‍ നിന്നുമുള്ള 200 പേരുമായി മന്ത്രാലയം ഇതിനകം അഭിമുഖം നടത്തി. ബാക്കിയുള്ളവരുടെ തുടര്‍ നടപടികള്‍ വരുംദിവസങ്ങളില്‍ നടക്കുമെന്ന് ആരോഗ്യമന്ത്രാലയം വക്താവിനെ ഉദ്ധരിച്ച് ഔദ്യോഗിക ദിനപത്രമായ ഒമാന്‍ അറബിക് റിപ്പോര്‍ട്ട് ചെയ്തു.

രാജ്യത്തെ വിവിധ നഴ്‌സിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ പഠിച്ചിറങ്ങുന്ന ബിരുദധാരികള്‍ക്ക് തൊഴിലവസരങ്ങളും സാധ്യതകളും കുറവാണ്. പരിചയസമ്പന്നരായ വിദേശികളെ മാറ്റി പകരം പുതിയ ആളുകളെ നിയമിക്കുന്നത് മെഡിക്കല്‍ സേവനത്തിന്റെ നിലവാരത്തെ ബാധിക്കാനിടയുണ്ട്. എന്നിരുന്നാലും പുതിയ കാലത്തേക്കുള്ള വലിയ നിക്ഷേപമായാണ് ഇതിനെ കണക്കാക്കുന്നതെന്നും വക്താവ് പറഞ്ഞു. നോട്ടീസ് ലഭിച്ച മലയാളികളില്‍ പലരും നാട്ടിലേക്ക് പോകുന്നതിനുള്ള ഒരുക്കത്തിലാണ്. കഴിഞ്ഞ വര്‍ഷവും സ്വദേശിവത്കരണത്തിന്റെ ഫലമായി മലയാളി നഴ്‌സുമാരടക്കം വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടിരുന്നു.