സിബിഐ റെയ്ഡ് കേന്ദ്രത്തിന്റെ പകവീട്ടലെന്ന് എന്‍ഡിടിവി; നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് സര്‍ക്കാര്‍

single-img
5 June 2017

മുതിര്‍ന്ന എന്‍ഡിടിവി തലവന്‍ പ്രണോയ് റോയിയുടെ വസതിയില്‍ സിബിഐ നടത്തിയ റെയ്ഡിനെതിരെ എന്‍ഡിടിവി. ഇന്നുപുലര്‍ച്ചെ നാലിനാണ് പ്രണോയ് റോയിയുടെ വസതിയില്‍ സിബിഐ റെയ്ഡ് നടത്തിയത്. ഡല്‍ഹി ഗ്രേറ്റര്‍ കൈലാഷിലെ വീട്ടിലും ഡെറാഡൂണിലെ നാലിടങ്ങളിലുമായിരുന്നു റെയ്ഡ്. അടിസ്ഥാന രഹിതമായ പരാതികളുടെയും പഴയ ആരോപണങ്ങളുടെയും പുറത്ത് അന്വേഷണ ഏജന്‍സികള്‍ തങ്ങളെ വേട്ടയാടുകയാണെന്നാണ് എന്‍ഡിടിവി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ റെയ്ഡിനെ പറ്റി പറയുന്നത്.

ഇത് മനപൂര്‍വം ഉപദ്രവിക്കുന്നതിന് വേണ്ടിയാണെന്നും സ്ഥാപനത്തെ നശിപ്പിക്കാന്‍ ശ്രമിക്കുന്ന ഇത്തരം ശ്രമങ്ങളെ പ്രതിരോധിക്കുകയും മറികടക്കുകയും രാജ്യത്തിന് വേണ്ടി നിലകൊളളുകയും ചെയ്യുമെന്നും എന്‍ഡിടിവി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം ചര്‍ച്ചക്കിടെ ബിജെപി നേതാവിനെ എന്‍ഡിടിവി അവതാരക ഇറക്കിവിട്ടിരുന്നു.

കന്നുകാലി കശാപ്പില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചര്‍ച്ച ചെയ്യവെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിനായിരുന്നു ബിജെപി ദേശീയ വക്താവ് സാമ്പിത് പത്രയെ എന്‍ഡിടിവി എക്‌സിക്യൂട്ടീവ് എഡിറ്റര്‍ നിധി റസ്ദാന്‍ ചര്‍ച്ചയില്‍ നിന്നും പുറത്താക്കിയത്. ഇതാകാം റെയ്ഡിലേക്ക് വഴിവെച്ചതെന്നും കരുതപ്പെടുന്നു. ഐസിഐസിഐ ബാങ്കിന് 48 കോടി രൂപ നഷ്ടം വരുത്തിയെന്ന പരാതിയെ തുടര്‍ന്ന് സിബിഐ പ്രണോയ് റോയ്, ഭാര്യ രാധിക റോയ് എന്നിവരടക്കം നാലുപേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

2015ല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വിദേശനാണ്യ വിനിമയ ചട്ടമുപയോഗിച്ച് കോടികളുടെ ഫണ്ട് കൈമാറ്റം ചെയ്തതിന് എന്‍ഡിടിവിക്ക് നോട്ടീസ് നല്‍കിയിരുന്നു. ഫണ്ട് കൈമാറ്റത്തില്‍ ആര്‍ബിഐയുടെ ചട്ടങ്ങള്‍ ലംഘിച്ചുവെന്നായിരുന്നു നോട്ടീസിന്റെ ഉളളടക്കം. അതേസമയം, എന്‍ഡിടിവി തലവന്‍ പ്രണോയ് റോയ്‌ക്കെതിരെ സിബിഐ കേസെടുത്ത സംഭവത്തെ ന്യായീകരിച്ച് കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തി. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു വ്യക്തമാക്കി. ആരെയും കേന്ദ്രം വേട്ടയാടുന്നില്ലെന്നും സിബിഐയുടെ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടില്ലെന്നും അദ്ദേഹം പറഞ്ഞു.