മോഹന്‍ലാലിന്റെ മഹാഭാരതത്തിന് മോദിയുടെ പിന്തുണ; മലയാളത്തില്‍ രണ്ടാമൂഴം എന്ന പേരില്‍ തന്നെ റിലീസ് ചെയ്യും

single-img
5 June 2017

അബുദാബി: മോഹന്‍ലാലിനെ നായകനാക്കി എം.ടി. വാസുദേവന്‍ നായരുടെ തിരക്കഥയില്‍ വി.എ. ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന മഹാഭാരതത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിന്തുണ. ചിത്രത്തിന്റെ നിര്‍മാതാവ് ബിആര്‍ ഷെട്ടിയെയാണ് പ്രധാനമന്ത്രി തന്റെ പിന്തുണ അറിച്ചത്. ഇന്ത്യയുടെ അഭിമാനമായി മാറുന്ന ഈ ചിത്രത്തിനുവേണ്ടി താന്‍ കാത്തിരിക്കുകയാണെന്നും മോഡി ഷെട്ടിക്ക് അയച്ച കത്തില്‍ പറഞ്ഞു. ചിത്രത്തിനുള്ള പിന്തുണ ഉറപ്പിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ ജൂണ്‍ ഏഴിന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഇതിനുള്ള സന്ദര്‍ശനാനുമതി ഇവര്‍ക്ക് ലഭിച്ചിട്ടുണ്ട്.

മഹാഭാരതത്തിലെ ഒരു കഥാപാത്രത്തിന്റെ വ്യാഖ്യാനം മാത്രമായ ചിത്രത്തിന് മഹാഭാരതം എന്ന് പേരിടുന്നതിനെതിരെ ഹിന്ദു ഐക്യവേദി രംഗത്ത് വന്നിരുന്നു. എം.ടി.യുടെ രണ്ടാമൂഴം എന്ന നോവലിനെ അധികരിച്ച് ഒരുക്കുന്ന ചിത്രത്തിന് മഹാഭാരതം എന്ന് പേരിടരുതെന്നും അങ്ങിനെ പേരിട്ടാല്‍ ചിത്രം റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്നും ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി.ശശികല ടീച്ചറും ഭീഷണി മുഴക്കിയിരുന്നു.

ഇതിനിടെയാണ് ചിത്രത്തിന് പ്രധാനമന്ത്രി തന്നെ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. ഹിന്ദു ഐക്യവേദിയുടെ ഭീഷണിയെതുടര്‍ന്ന് ചിത്രത്തിന്റെ നിര്‍മാതാവ് ബിആര്‍ ഷെട്ടി പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. ഇതിനുള്ള മറുപടിക്കത്തിലാണ് മോദി ചിത്രത്തിനുള്ള തന്റെ നിലപാട് വ്യക്തമാക്കിയത്. പ്രധാനമന്ത്രിയുടെ മേക്ക് ഇന്‍ പദ്ധതി അനുസരിച്ചാവും ചിത്രം ഒരുക്കുക എന്നും ഷെട്ടി കത്തില്‍ അറിയിച്ചിരുന്നു.

അതേസമയം എംടിയോടുള്ള ആദരസൂചകമായിട്ടാണ് ചിത്രത്തിന്റെ മലയാള പതിപ്പിന് രണ്ടാമൂഴം എന്ന പേര് തന്നെ നല്‍കുന്നത്. ആരുടെയും ഭീഷണി കണക്കിലെടുത്തല്ല ചിത്രത്തിന്റെ മലയാള പതിപ്പിന് രണ്ടാമൂഴം എന്ന് പേരിടുന്നതെന്ന് ബി.ആര്‍. ഷെട്ടി വ്യക്തമാക്കി. ആയിരം കോടി മുതല്‍മുടക്കില്‍ നിര്‍മിക്കുന്ന ചിത്രം മലയാളത്തില്‍ മാത്രം രണ്ടാമൂഴം എന്ന പേരിലും മറ്റ് ഭാഷകളില്‍ മഹാഭാരതം എന്ന പേരിലുമാവും റിലീസ് ചെയ്യുക.

മൂന്ന് മണിക്കൂര്‍ വീതം ദൈര്‍ഘ്യമുള്ള രണ്ട് ഭാഗങ്ങളായാണ് ചിത്രം ഒരുക്കുക. ആദ്യ ഭാഗത്തിന്റെ ചിത്രീകരണം അബുദാബിയില്‍ ആരംഭിക്കും. സിനിമയുടെ ചിത്രീകരണത്തിനായി ഇന്ത്യയിലെ പല സംസ്ഥാനങ്ങളില്‍ നിന്നും ഓഫര്‍ ലഭിച്ചിട്ടുണ്ട്. ആയിരം കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഇന്ത്യയിലെ പല പ്രമുഖ നടന്മാരും വേഷമിടുമെന്നും ബി.ആര്‍.ഷെട്ടി പറഞ്ഞു.