ഇന്ത്യ പാക് ക്രിക്കറ്റ് മത്സരം കാണാന്‍ വിജയ് മല്ല്യയും; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

single-img
5 June 2017

ഇന്നലെ നടന്ന ഇന്ത്യ പാകിസ്ഥാന്‍ ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റ് മത്സരം കാണാന്‍ ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച വിജയ് മല്ല്യയും എത്തി. കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസില്‍ പ്രതിയായി ഇന്ത്യയില്‍ നിന്നും ഇംഗ്ലണ്ടിലേക്ക് കടന്ന മല്ല്യ ഗ്യാലറിയിലിരുന്ന് ഭാവവ്യത്യാസമില്ലാതെ മത്സരം കാണുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയായ മല്ല്യയെ തിരിച്ച് നാട്ടിലെത്തിക്കാന്‍ ശ്രമിക്കുകയാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുന്നത്. ഇതിനിടയിലാണ് മല്യയുടെ പുതിയ ചിത്രങ്ങള്‍ പുറത്തു വരുന്നത്. നേരത്തെ സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് മല്യയെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും പിന്നീട് ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. നേരത്തെ ലണ്ടനില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ സംഘടിപ്പിച്ച ഒരു പുസ്തക പ്രകാശനച്ചടങ്ങില്‍ മല്ല്യ പങ്കെടുത്തതും വിവാദമായിരുന്നു. സദസ്സില്‍ വിജയ് മല്ല്യയെ കണ്ട ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി നീരസം പ്രകടിപ്പിച്ചുകൊണ്ട് സദസ്സില്‍ നിന്നിറങ്ങിപ്പോയി.