പന്തിഭോജനം: മലയാളികൾ ഈ സീനൊക്കെ വിട്ടിട്ട് നൂറ്റാണ്ടായി അമിത് ഭായ്

single-img
5 June 2017

ബി ജെ പി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ടു അദ്ദേഹവും ബി ജെ പിയുടെ സംസ്ഥാനനേതാക്കളും ചെങ്കൽച്ചൂളയിലെ ഒരു ദളിത് ബിജെപി പ്രവർത്തകന്റെ വീട്ടിലിരുന്നു ഭക്ഷണം കഴിക്കുന്നത് വലിയ സംഭവമായി ഉയർത്തിക്കാട്ടിയ പോസ്റ്റുകളായിരുന്നു ഇന്നു സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിന്നത്. ‘ശബ്ദമില്ലാത്തവരുടെ ശബ്ദമായി ബിജെപി’ എന്ന അടിക്കുറിപ്പോടെ ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ തന്നെ ഈ ഫോട്ടോ തന്റെ ട്വിറ്റർ പേജിൽ ഷെയർ ചെയ്തിരുന്നു. ‘വെറുമൊരു ദളിതന്റെ’ വീട്ടിൽ നിന്നും ഭക്ഷണം കഴിക്കുന്ന ദേശീയ അദ്ധ്യക്ഷനെ പുകഴ്ത്തുന്ന പോസ്റ്റുകളും കാണുവാൻ കഴിഞ്ഞു.

 

വൈകുണ്ഠ സ്വാമികള്‍

വൈകുണ്ഠ സ്വാമികള്‍

അമിത് ഷായും അദ്ദേഹത്തിന്റെ പാർട്ടിയും മനസ്സിലാക്കേണ്ട ചില വസ്തുതകളുണ്ട്. കേരളത്തിൽ വൈകുണ്ഠസ്വാമി എന്നൊരു സാമൂഹ്യപരിഷ്കർത്താവ് ഈഴവർ, നാടാർ, ദളിതർ തുടങ്ങിയവരോടുള്ള സാമൂഹ്യവിവേചനത്തിനെതിരേപോരാടാൻ തുടങ്ങിയത് 1836-ലാണു. ബിജെപി എന്ന പാർട്ടി, തങ്ങളുടെ ചരിത്രനായകന്മാരായി ഉയർത്തിക്കാട്ടുന്ന സവർക്കറും ശ്യാമപ്രസാദ് മുഖർജ്ജിയുമൊക്കെ മാപ്പെഴുതിയും പ്രീണിപ്പിച്ചും കൊണ്ടുനടന്ന ബ്രിട്ടീഷുകാരെ വെൺനീചന്മാരെന്നാണു വൈകുണ്ഠസ്വാമി വിശേഷിപ്പിച്ചിരുന്നത്. കേരളത്തിലെ ബിജെപി നേതാക്കൾ ഇപ്പോഴും പുകഴ്ത്തുന്ന തിരുവിതാംകൂർ ഭരണത്തെ, അനന്തപുരിയിലെ കരിനീചന്മാരുടെ ഭരണമെന്നാണു അദ്ദേഹം വിളിച്ചിരുന്നത്.
ഈ വൈകുണ്ഠസ്വാമിയാണു ഏതാണ്ട് 180-കൊല്ലങ്ങൾക്കുമുന്നേ ആദ്യമായി കേരളത്തിൽ പന്തിഭോജനം നടത്തിയത്.

ശ്രീനാരയണഗുരു

ജാതീയമായ ഉച്ചനീചത്വങ്ങൾ ഇല്ലായ്മചെയ്യാൻ എല്ലാ ജാതിക്കാരെയും ഒരുമിച്ചിരുത്തി ഭക്ഷണം കഴിക്കുന്ന “സഹപന്തിഭോജനം” ആരംഭിച്ചതും മേൽജാതിക്കാരുടെമാത്രം അവകാശമായിരുന്ന തലപ്പാവ് താഴ്ന്ന ജാതിക്കാരോടും ധരിക്കാൻ പറഞ്ഞതും വൈകുണ്ഠസ്വാമികളായിരുന്നു. പിന്നീട് 1880-കളിൽ വൈകുണ്ഠസ്വാമികളുടെ സമകാലീനനായിരുന്ന അയ്യാസ്വാമികൾ പന്തിഭോജനം നടത്തിയിരുന്നതായി ചരിത്രരേഖകൾ പറയുന്നു. പിന്നീട് പുലയരുടെ നേതാവായിരുന്ന മഹാത്മാ അയ്യങ്കാളിയെ തൈപ്പൂയ സദ്യക്കു കൂടെയിരുത്തിയ അയ്യാസ്വാമികളെ തിരുവനന്തപുരത്തെ സവർണ്ണർ ‘പാണ്ടിപ്പറയൻ” എന്നുവിളിച്ചപ്പോൾ അദ്ദേഹം പ്രതികരിച്ചത് “ഇന്ത ഉലകത്തിലേ ഒരേഒരു ജാതി താൻ,ഒരേ ഒരു മതം താൻ,ഒരേ ഒരു കടവുൾ താൻ” എന്നായിരുന്നു. പിന്നീട് സഹോദരൻ അയ്യപ്പൻ, വി ടി ഭട്ടതിരിപ്പാട് തുടങ്ങിയ നിരവധിപേർ ഈ നാട്ടിൽ പന്തിഭോജനം നടത്തി. ശ്രീനാരായണഗുരുവും, അയ്യങ്കാളിയുമെല്ലാം ജാതിവ്യവസ്ഥയ്ക്കെതിരേ പോരാടി. പിന്നീടുവന്ന കമ്മ്യൂണിസവും കർഷക, തൊഴിലാളി വിപ്ലവങ്ങളും ഇന്നാട്ടിലെ ജാതിയധിഷ്ടിതമായ ഫ്യൂഡലിസത്തിന്റെ കടപുഴക്കുകയും ചെയ്തു. ഇപ്പോഴും ഇന്നാട്ടിലെ ചിലരുടെ ഉള്ളിൽ അന്തർലീനമായി ജാതിയുണ്ട്. പക്ഷേ പ്രകടമായ ജാതീയതയും അതിന്റെ അധികാരവുമൊക്കെ ഇവിടെ ഇല്ലാതെയായിട്ടു കാലങ്ങളായി.

1924-ലെ വൈക്കം സത്യാഗ്രഹ സമയത്ത് കേരള നവോത്ഥാനനായകന്മാരിൽ ഒരാളായിരുന്ന ശ്രീനാരായണഗുരു മഹാത്മാഗാന്ധിയോട് പറഞ്ഞ വാചകം കേൾക്കുക:

“സഹനശക്തി വേണം. അത് മഴ നനയുന്നതിനും പട്ടിണി കിടക്കുന്നതിനുമല്ല വേണ്ടത്. എവിടെ ഒരാള്‍ കടക്കാന്‍ പാടില്ലെന്ന് പറയുന്നുവോ അവിടെ അവന്‍ കടക്കണം. അതില്‍ വരുന്ന സങ്കടങ്ങള്‍ അനുഭവിക്കണം. അടിച്ചാല്‍ കൊള്ളണം. അങ്ങോട്ട് അടിക്കരുത്. എന്നാല്‍ വേലി കെട്ടിയാല്‍ ഇങ്ങേപ്പുറത്ത് നില്‍ക്കരുത് അതിന്റെ മീതേകൂടി കയറണം. റോഡില്‍ മാത്രം നിന്നാല്‍ പോരാ. ക്ഷേത്രത്തില്‍ തന്നെ കയറണം. അത് ഒരിടത്ത് പോര എല്ലാ ക്ഷേത്രങ്ങളിലും കയറണം. എന്നും കയറണം. എല്ലാവരും കയറണം. പാല്‍പായസം വച്ചുവയ്ക്കുമ്പോള്‍ ചെന്ന് കോരിക്കുടിക്കണം. സദ്യയില്‍ ചെന്ന് പന്തിയില്‍ ഇരിക്കണം. വിവരങ്ങള്‍ എല്ലാം അപ്പപ്പോള്‍ ഗവണ്‍മെന്റിനെ അറിയിക്കണം. മരിക്കാനും മടിക്കരുത്. മനുഷ്യനെ തൊട്ടാല്‍ മനുഷ്യന്‍ അശുദ്ധിയാകുമെന്ന് വിചാരിക്കുന്നവര്‍ക്ക് യാതൊന്നും ശുദ്ധമായിരുന്നു പ്രവര്‍ത്തിക്കാന്‍ ഇടകൊടുക്കരുത്. ഇങ്ങനെയാണ് നമ്മുടെ അഭിപ്രായം.” (ശ്രീനാരായണ ഗുരുസ്വാമി, പ്രൊഫ: എന്‍.കെ.സാനു)

പൊതുവഴിയിലൂടെ അധഃസ്ഥിതരെ നടക്കാൻ അനുവദിക്കാതിരുന്ന കാലത്ത്  മുണ്ടും മേൽമുണ്ടും വെള്ള ബനിയനും തലപ്പാവും ധരിച്ച് , സവർണ്ണരെ വെല്ലുവിളിച്ചു ഊരിപ്പിടിച്ച കത്തിയുമായി വില്ലുവണ്ടിയിൽ രാജവീഥിയിലൂടെ യാത്രചെയ്ത മഹാത്മാ അയ്യങ്കാളിയുടെ ന‍ാടാണിത്. ഈസംഭവം നടന്നിട്ടുതന്നെ 125 കൊല്ലമായി.
ഇനി അമിത് ഷായുടെ സ്വന്തം നാടായ ഗുജറാത്തിലെ കാര്യമൊന്നു നോക്കാം. ദളിതരോടുള്ള അക്രമത്തിന്റെ ഏറ്റവും വലിയ ചരിത്രമുള്ള സംസ്ഥാനങ്ങളിലൊന്നാണു ഗുജറാത്ത്. 1985-ൽ ബക്ഷി കമ്മീഷൻ റിപ്പോട്ടിന്റെ അടിസ്ഥാനത്തിൽ മാധവ് സിംഗ് സോളങ്കി നയിക്കുന്ന കോൺഗ്രസ്സ് സർക്കാർ സംസ്ഥാനത്തെ ഓബിസി സംവരണം പത്തിൽ നിന്നും 28 ശതമാനമായി ഉയർത്തിയപ്പോൾ ഉണ്ടായ പ്രക്ഷോഭങ്ങളിൽ എറ്റവും കൂടുതൽ ആക്രമിക്കപ്പെട്ടത് ദളിത് വീടുകളും സ്ഥാപനങ്ങളുമായിരുന്നു. ഈ കലാപത്തിനു നേതൃത്വം കൊടുത്തത് ബിജെപി ആയിരുന്നു. അത് 1985-ലെ ദളിത് വിരുദ്ധ സാമൂഹിക അന്തരീക്ഷത്തിൽ നിന്നും ഒട്ടും വ്യത്യസ്തമല്ല ഗുജറാത്ത് ഇപ്പോഴും. ഒരുപക്ഷേ ദളിതർക്കു നേരേയുള്ള സംഘടിതമായ ആക്രമണങ്ങൾ വർദ്ധിച്ചിട്ടേയുള്ളൂ. (ഇങ്ങനെ പറയുമ്പോൾ ബാലൻസ് ഒപ്പിക്കാൻ ഒരുപക്ഷേ ബിജെപിക്കാരും സ്വത്വവാദികളും ചിത്രലേഖവിഷ്യം പോലെയുള്ളവ ഉയർത്തിക്കൊണ്ടുവന്നു എന്നു വരും. പക്ഷേ അതൊന്നും ഗുജറാത്തിൽ നടക്കുന്ന അക്രമവുമായി താരതമ്യം ചെയ്യാൻ പോലും പറ്റുന്നവയല്ല. ഗുജറാത്ത് വേറേ ലെവൽ ആണു)
2016 ജൂലൈ പതിനാറിനു ഗുജറാത്തിലെ ഗിർ സോംനാഥ് ജില്ലയിലെ ഉനയിൽ ചത്തപശുവിന്റെ തോലുരിഞ്ഞതിനു നാലുദളിത് യുവാക്കളെ കെട്ടിയിട്ടു തല്ലിയ സംഭവം ഗുജറാത്തിൽ കാലങ്ങളായി നടന്നുപോരുന്ന ദളിത് വിരുദ്ധ അക്രമങ്ങളുടെ ഒരു ഉദാഹരണം മാത്രമായിരുന്നു. പോർബന്ധറിനടുത്തുള്ള ഒരു ഗ്രാമത്തിൽ സർക്കാർ മിച്ചഭൂമിയിൽ കൃഷിയിറക്കാൻ ശ്രമിച്ച ദളിതനെ സവർണ്ണർ ചേർന്ന് തല്ലിക്കൊന്നതും അഹമ്മദാബദിലെ ഒരു കോടതിയിൽ ക്ലർക്കായിരുന്ന ഖേതൻ ഖൊരാദിയ ജാതിവിവേചാം സഹിക്കവയ്യാതെ ആത്മഹത്യ ചെയ്തതും ഇതേവർഷത്തിൽത്തന്നെയായിരുന്നു. 2012 സെപ്റ്റംബറിൽ നരേന്ദ്രമോദിയുടെ കീഴിലുള്ള പോലീസ് മൂന്നു ദളിതരെ വെടിവെച്ചുകൊന്നു. സുരേന്ദ്രനഗർ ജില്ലയിലെ തംഗധ് ഗ്രാമത്തിൽ നടന്ന ഈ പോലീസ് വെടിവെയ്പ്പിൽ കൊല്ലപ്പെട്ട രണ്ടുപേർ പതിനാറുവയസ്സുള്ള കുട്ടികളായിരുന്നു. ഭർവാദ് എന്ന സവർണ്ണജാതിക്കാർ ദളിതരുടെ ഉത്സവം തടസപ്പെടുത്തി അവരെ മർദ്ദിച്ചതിനെത്തുടർന്നുണ്ടായ സംഘർഷത്തിലാണു പോലീസ് വെടിവെയ്പ്പുണ്ടായത്. ഈ വിഷയത്തിൽ അന്വേഷണക്കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ട് സർക്കാർ തടഞ്ഞു വെച്ചിരിക്കുകയാണു.

ഗുജറാത്തിലെ മിക്കവാറും എല്ലാ ഗ്രാമങ്ങളിലെയും അമ്പലങ്ങളിൽ ഇപ്പോഴും ദളിതർക്കു പ്രവേശനമില്ല. പൊതുശ്മശാനങ്ങളിൽ ശവം ദഹിപ്പിക്കാൻ ദളിതർക്ക് അവകാശമില്ല. ദളിതർക്കായി പ്രത്യേകം ശ്മശാനങ്ങളാണുള്ളത്. ബിജെപിയ്ക്കും ആർ എസ് എസിനും സ്വാധീനമുള്ള ഹരിയാന, രാജസ്ഥാൻ, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ സ്ഥിതിയും ഒട്ടും വ്യത്യസ്തമല്ല.
അപ്പോൾ പറഞ്ഞുവന്നത് ഇതാണു. കേരളീയർ നൂറ്റിയെൺപത് വർഷങ്ങൾക്കുമുന്നേ കയറിയ നവോത്ഥാനത്തിന്റെ ബസ് അമിത് ഷായുടെ നാട്ടുകാർ ഇപ്പോഴും കണ്ടിട്ടുകൂടിയില്ല. കേരളത്തിൽ വന്നു ഇത്തരം പന്തിഭോജനത്തിന്റെ ഗിമ്മിക്കുകൾ കാണിക്കുന്നത് പരിഹാസ്യമാണു. ലിംഗനീതിയിൽ മുന്നിട്ടുനിൽക്കുന്ന, ലൈംഗികസദാചാരത്തിനു പുല്ലുവില കൽപ്പിക്കുന്ന സ്വീഡനിൽച്ചെന്നു കേരളത്തിലെ കുറേ ചെറുപ്പക്കാർ ചുംബനസമരം സംഘടിപ്പിച്ചാൽ സ്വീഡിഷ് ജനതയ്ക്കു തോന്നുവാൻ സാധ്യതയുള്ള പുച്ഛം ഒന്നു സങ്കൽപ്പിച്ചു നോക്കുക. അത്തരത്തിൽ പുച്ഛം കലർന്ന ഒരു സഹതാപം മാത്രമേ താങ്കളോടും താങ്കളുടെ പാർട്ടിയോടും ഞങ്ങൾ കേരളജനതയ്ക്ക് പ്രകടിപ്പിക്കുവാൻ കഴിയൂ.