ശങ്കരാചാര്യർ ചാതുർവർണ്യത്തെ ശക്തിപ്പെടുത്തി: ശങ്കരജയന്തി ഉദ്ഘാടനത്തിനിടെ ജി സുധാകരൻ

single-img
5 June 2017

ഹിന്ദുമതത്തിൽ ചാതുർവർണ്യത്തെ ശക്തിപ്പെടുത്തുകയും ബ്രാഹ്മണമേധാവിത്വം ചോദ്യംചെയ്യപ്പെടാത്ത ഒന്നാക്കിമാറ്റുകയും ചെയ്തെന്നു പൊതുമരാമത്ത് വകുപ്പുമന്ത്രി ജി സുധാകരൻ. ശ്രീനാരായണഗുരുവിനും ഇ.എം.എസിനുമുള്ള ഔന്നത്യം ശങ്കരാചാര്യര്‍ക്കില്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല തുറവൂര്‍ പ്രാദേശികകേന്ദ്രത്തില്‍ ശങ്കരജയന്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്ത്യയില്‍ ശക്തിപ്രാപിച്ച ബുദ്ധമതത്തിന്റെ ഉന്നതമാനവികത ശങ്കരാചാര്യര്‍ തിരിച്ചറിഞ്ഞില്ലെന്നും  മനുഷ്യനും പ്രകൃതിയുമൊന്നായ നന്മയായിരുന്നു അതെന്നും എല്ലാവരും ചേരുന്ന ആത്മീയതയുടെ ഏകത്വം അതിലുണ്ടെന്നും മന്ത്രി പറഞ്ഞു.

അനാചാരത്തിലും അപചയത്തിലും മുങ്ങിത്താണ ഹിന്ദുമതത്തെ ഉയര്‍ത്തിയത് ശങ്കരാചാര്യരാണ്. ഇന്ത്യയാകെ സഞ്ചരിച്ച് ബൗദ്ധികവിജയം നേടാന്‍ അദ്ദേഹത്തിനുകഴിഞ്ഞു. എന്നാല്‍, ചാതുര്‍വര്‍ണ്യത്തെ ശക്തിപ്പെടുത്തി. രണ്ടല്ല ഒന്നാണെന്ന് പറഞ്ഞെങ്കിലും ബ്രാഹ്മണമേധാവിത്വം ചോദ്യംചെയ്യപ്പെടാത്ത ഒന്നാക്കിമാറ്റി. ശങ്കരാചാര്യര്‍ സാമൂഹികപരിവര്‍ത്തനത്തിന് സംഭാവന നല്‍കിയില്ല. ഹിംസയ്‌ക്കെതിരേ ഒന്നും പറഞ്ഞതുമില്ല -മന്ത്രി അഭിപ്രായപ്പെട്ടു.

എല്ലാവരും ഒന്നാണെന്ന് ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിനിന്ന് കാണിച്ചുകൊടുക്കാന്‍ കഴിഞ്ഞത് ശ്രീനാരായണഗുരുവിനാണെന്നും  അതുകൊണ്ടുതന്നെ ശങ്കരാചാര്യര്‍ക്ക് കിട്ടാത്ത ജനകീയത ശ്രീനാരായണഗുരുവിന് ലഭിച്ചുവെന്നും മന്ത്രി പറഞ്ഞു.

പിന്നെ മാറ്റത്തിന് വഴിതെളിച്ചത് ഇ.എം.എസ്. നമ്പൂതിരിപ്പാടാണ്. ഇവര്‍ക്കുള്ളത്ര പ്രസക്തി ശങ്കരാചാര്യര്‍ക്കില്ല. അതാണ് ശങ്കരജയന്തി ആഘോഷിക്കാന്‍ ആളില്ലാതാവുന്നത്- അദ്ദേഹം പറഞ്ഞു.

ആലപ്പുഴ വൈ.എം.സി.എ. ഹാളില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രീയ സംസ്‌കൃത സംസ്ഥാന്‍ കല്പിത സര്‍വകലാശാലാ പ്രൊഫ. ഡോ. പി.സി. മുരളീമാധവന്‍ വിഷയാവതരണം നടത്തി. കാമ്പസ് ഡയറക്ടര്‍ ബിച്ചു എക്‌സ്. മലയില്‍ അധ്യക്ഷത വഹിച്ചു. യുവജനക്ഷേമബോര്‍ഡംഗം മനു സി. പുളിക്കന്‍, ഡോ. എല്‍. സുധര്‍മിണി, ഡോ. കെ.യു. കിരണ്‍, അഖില്‍കൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.