പാകിസ്താനെ എറിഞ്ഞു വീഴ്ത്തി; ഇന്ത്യയുടെ ജയം 124 റണ്‍സിന്

single-img
5 June 2017

ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ മഴയെ വെല്ലുവിളിച്ച് ടീം ഇന്ത്യ പാകിസ്താനെ 124 റണ്‍സിന് പരാജയപ്പെടുത്തി. ജയത്തോടെ ഇന്ത്യ ഗ്രൂപ്പില്‍ രണ്ടു പോയിന്റ് സ്വന്തമാക്കി. മഴ നനഞ്ഞ പിച്ചില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 48 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 319 റണ്‍സ് സ്വന്തമാക്കി. ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം 41 ഓവറില്‍ 289 റണ്‍സ് ആയി ലക്ഷ്യം പുനര്‍നിശ്ചയിച്ച കളിയില്‍ പാകിസ്താന് 33.4 ഓവറില്‍ 164 റണ്‍സ് നേടാനായുള്ളൂ. ഓപ്പണര്‍ അസര്‍ അലി (50) ഒഴികെ പാകിസ്ഥാന്‍ നിരയില്‍ മറ്റാരും തിളങ്ങിയില്ല.

മഴ മൂടിക്കെട്ടിയ അന്തരീക്ഷത്തില്‍ ടോസ് നേടിയ പാകിസ്ഥാന്‍ ഇന്ത്യയെ ആദ്യം ബാറ്റിങ്ങിന് അയച്ചെങ്കിലും തീരുമാനം തെറ്റായിരുന്നുവെന്ന് തോന്നിപ്പിക്കുന്ന പ്രകടനം ഇന്ത്യന്‍ ടീം പുറത്തെടുക്കുകയായിരുന്നു. തുടക്കത്തില്‍ റണ്‍ കണ്ടെത്താന്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ അല്‍പ്പം വിഷമിച്ചെങ്കിലും പിന്നീട് ബാറ്റിങ്ങില്‍ താളം കണ്ടെത്തുകയായിരുന്നു. രോഹിത് ശര്‍മ്മ (119 പന്തില്‍ 91), ശിഖര്‍ ധവാന്‍ (65 പന്തില്‍ 68), വിരാട് കോഹ്ലി (68 പന്തില്‍ 81), യുവരാജ് സിങ് (32 പന്തില്‍ 53) എന്നിവരുടെ ബാറ്റിങ്ങ് മികവിനൊപ്പം അവസാന ഓവറില്‍ ഹര്‍ദിക് പാണ്ഡ്യയുടെ വെടിക്കെട്ടു കൂടിയായപ്പോള്‍ ടീം ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തുകയായിരുന്നു.

അവസാന ഓവര്‍ എറിഞ്ഞ ഇടം കയ്യന്‍ സ്പിന്നര്‍ ഇമാദ് വസീമിനെ തുടര്‍ച്ചയായി മൂന്നു വട്ടം സിക്‌സറിനു പറത്തിയാണ് പാണ്ഡ്യ ഇന്ത്യന്‍ ഇന്നിങ്‌സിന് വേഗത കൂട്ടിയത്. ഇന്ത്യക്കു വേണ്ടി ഉമേഷ് യാദവ് മൂന്നു വിക്കറ്റും രവീന്ദ്ര ജഡേജ ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ രണ്ടു വിക്കറ്റും സ്വന്തമാക്കി. റണ്‍ അനിവാര്യമായ ഘട്ടത്തില്‍ മികച്ച ബാറ്റിങ്ങിലൂടെ ഇന്ത്യയെ നയിച്ച യുവരാജ് സിങാണ് മാന്‍ ഓഫ് ദ മാച്ച്.