ചരിത്രദൗത്യവുമായി ഐഎസ്ആര്‍ഒ; ‘ജിഎസ്എല്‍വി മാര്‍ക്ക്’ മൂന്ന് വിക്ഷേപണം ഇന്ന്

single-img
5 June 2017

ഇന്ത്യ വികസിപ്പിച്ച ഏറ്റവും വലിയ റോക്കറ്റായ ജി.എസ്.എല്‍.വി മാര്‍ക്ക് മൂന്ന് ഇന്ന് വിക്ഷേപിക്കും. വൈകീട്ട് 5.28ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയില്‍നിന്ന് ജിസാറ്റ് 19 ഉപഗ്രഹവുമായാണ് ഭ്രമണപഥത്തിലേക്ക് കുതിക്കുക. മൂന്നു ഘട്ടങ്ങളായി 16 മിനിറ്റ് 20 സെക്കന്‍ഡിനുള്ളില്‍ വിക്ഷേപണം പൂര്‍ത്തിയാകും.

ഭാരമേറിയ വാര്‍ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ്19 ഭ്രമണപഥത്തില്‍ എത്തിക്കുകയാണ് ജിഎസ്എല്‍വി മാര്‍ക്ക് മൂന്ന് ഡി1 റോക്കറ്റിന്റെ ലക്ഷ്യം. വിക്ഷേപണത്തിനുള്ള കൗണ്ട്ഡൗണ്‍ ഞായറാഴ്ച വൈകുന്നേരം ആരംഭിച്ചു. ഇരുപത്തിയഞ്ചു മണിക്കൂര്‍ നീളുന്ന കൗണ്ട്ഡൗണിനു ശേഷമാണ് വിക്ഷേപണം. ഭാവിയില്‍ മനുഷ്യരെ ബഹിരാകാശത്തെത്തിക്കുന്നതിനു മുന്നോടിയായുള്ള പരീക്ഷണവുമാണ് ഇന്നു നടക്കുന്നത്.

ഇന്ത്യയുടെ ബഹിരാകാശ ദൗത്യത്തില്‍ മറ്റൊരു നാഴികക്കല്ലായി വിശേഷിപ്പിക്കാവുന്ന ജി.എസ്.എല്‍.വി മാര്‍ക്ക് മൂന്നിന് ഒേട്ടറെ സവിശേഷതകളാണുള്ളത്. ഐഎസ്ആര്‍ഒ വികസിപ്പിച്ചതില്‍ ഏറ്റവും ഭാരം കൂടിയ വിക്ഷേപണവാഹനമാണ് ജിഎസ്എല്‍വി മാര്‍ക്ക് മൂന്ന്. 640 ടണ്‍ ആണ് ഭാരം. ഉയരം 43.4 മീറ്റര്‍. തദ്ദേശ്ശീയമായി വികസിപ്പിച്ച ക്രയോജനിക് സാങ്കേതികവിദ്യ ഉപയോഗിച്ചു നടത്തുന്ന ജിഎസ്എല്‍വി മാര്‍ക്ക് മൂന്ന് വിക്ഷേപണം ഇന്ത്യന്‍ ബഹിരാകാശദൗത്യത്തിലെ നാഴികക്കല്ലാണ്. വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ നാലു ടണ്‍ ഭാരമുള്ള ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കാനുള്ള ശേഷിയില്‍ ഇന്ത്യ സ്വയം പര്യാപ്തത നേടും.