‘ജനങ്ങളെ പരിസ്ഥിതിയുമായി ബന്ധപ്പെടുത്തുക’: ഇന്ന് ലോക പരിസ്ഥിതി ദിനം

single-img
5 June 2017

മനുഷ്യന്റെ കടന്നുകയറ്റം കൊണ്ട് ഇല്ലാതായികൊണ്ടിരിക്കുന്ന പച്ചപ്പിനെയും താറുമാറായിക്കൊണ്ടിരിക്കുന്ന ആവാസവ്യവസ്ഥയെയും ഓര്‍മിപ്പിക്കാനായി വീണ്ടും ഒരു പരിസ്ഥിതി ദിനം കൂടി. ‘ജനങ്ങളെ പരിസ്ഥിതിയുമായി ബന്ധപ്പെടുത്തുക’ എന്നതാണ് ഈ വര്‍ഷത്തെ പരിസ്ഥിതി ദിനത്തിന്റെ മുദ്രാവാക്യം. പ്രകൃതിയുടെ സമതുലിതാവസ്ഥയിലുണ്ടാകുന്ന അനാരോഗ്യകരമായ മാറ്റങ്ങള്‍ മാനവരാശിയുടെ നിലനില്‍പ്പിനുതന്നെ ഭീഷണിയാകുമെന്ന തിരിച്ചറിവാണ് പരിസ്ഥിതി സംരക്ഷണത്തിനായി ഊര്‍ജ്ജസ്വലതയോടെ പ്രവര്‍ത്തിക്കാന്‍ വിവിധ ലോകരാഷ്ട്രങ്ങള്‍ക്കു പ്രേരകശക്തിയായത്.

പരിസ്ഥിതി പ്രശ്‌നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും ഇതിനായി കര്‍മ്മ പരിപാടികള്‍ ആസൂത്രണം ചെയ്യാനുമായി 1972 ജൂണ്‍ 5 മുതലാണ് ഐക്യരാഷ്ട്രസഭ ലോക പരിസ്ഥിതി ദിനാചരണത്തിന് തുടക്കം കുറിച്ചത്. ലോക ജനതയ്ക്കിടയില്‍ പരിസ്ഥിതി പ്രശ്‌നങ്ങളെക്കുറിച്ച് വ്യാപകമായ ബോധവല്‍കരണം നടത്തുക, ലോക ഭരണകൂടങ്ങളുടെ ശ്രദ്ധ ഈ മേഖലയിലേക്കു തിരിച്ചുവിടുക, അവരെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കു പ്രേരിപ്പിക്കുക എന്നിവയാണ് പരിസ്ഥിതി ദിനാചരണത്തലൂടെ യുഎന്‍ ലക്ഷ്യമിടുന്നത്.

‘പ്രകൃതിയുമായി ഒന്നിക്കൂ’ എന്ന സന്ദേശവുമായി ഒരു കോടി വൃക്ഷതൈ നട്ട് കേരളവും ആഗോള പരിസ്ഥിതി ദിനത്തിന്റെ ഭാഗമാവുകയാണ്. ഇന്ന് ലോകമെമ്പാടും പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ച് പതിവു പോലെ ചര്‍ച്ചകളും സെമിനാറുകളും നടക്കും. നാളെ മുതല്‍ നാം നമ്മുടെ പതിവു രീതി തുടരുകയും ചെയ്യും. അതുകൊണ്ട് പരിസ്ഥിതി സംരക്ഷണത്തിന്റെ ഗൗരവതയെക്കുറിച്ച് നാം ആഴത്തില്‍ ചിന്തിക്കേണ്ടുന്ന സമയം അതിക്രമിച്ചിരിക്കുന്നു. പരിസ്ഥിതി സംരക്ഷണം എന്നാല്‍ മരം വെട്ടാതിരിയ്ക്കലും വൃക്ഷത്തൈ വച്ചു പിടിപ്പിയ്ക്കലും മാത്രമാണെന്ന ധാരണ ഇനിയെങ്കിലും നാം തിരുത്തേണ്ടതായുണ്ട്.

വികസനം എല്ലാ രാജ്യങ്ങളുടെയും പുരോഗതിക്ക് അനിവാര്യമാണ്. പക്ഷെ നമ്മുടെ പ്രകൃതിയെയും ആവാസവ്യവസ്ഥയെയും തകര്‍ത്തുകൊണ്ടുള്ള വികസനം കൊണ്ട് ആര്‍ക്ക് എന്ത് ഗുണം? ഭൗതികമായ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനായിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുന്ന ഈ സാഹചര്യത്തില്‍ പരിസ്ഥിതി സംരക്ഷണത്തിന് വേണ്ട ശ്രദ്ധ കൊടുത്തില്ലെങ്കില്‍ വീണ്ടെടുക്കാനാവാത്ത വിധം വന്‍ പ്രതിസന്ധികളാണ് ഭാവിയില്‍ നമ്മള്‍ നേരിടാന്‍ പോവുന്നത്.

മാനവരാശിയുടെ തുടക്കം തൊട്ടെ മനുഷ്യന്‍ പ്രകൃതിയെ ആശ്രയിച്ചാണ് ജീവിച്ചിരുന്നത്. പക്ഷേ പുരോഗതിയിലേക്കുള്ള പ്രയാണത്തിനിടയില്‍ മനുഷ്യനില്‍ വിവേകവും നന്മയും ഇല്ലാതാകുന്നതാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. ഇതിനു പ്രധാന കാരണം പ്രകൃതിക്ക് കീഴടങ്ങി ജീവിച്ചിരുന്ന മനുഷ്യന്‍ പ്രകൃതിയെ കീഴടക്കാന്‍ തുടങ്ങിയിരിക്കുന്നു. സ്ഥാനത്തും അസ്ഥാനത്തും പ്രകൃതിയെ കാലഭേദമില്ലാതെ ചൂഷണംചെയ്തത് വിഭവങ്ങളുടെ ലഭ്യത പ്രതിസന്ധിയിലാക്കി.

മറ്റു ജീവികളുടെ ആവാസമേഖലകളിലേക്കുളള മനുഷ്യന്റെ അനാരോഗ്യകരമായ കടന്നുകയറ്റം ഒട്ടേറെ സ്പീഷിസുകളുടെ വംശനാശനത്തിനു കാരണമായി. ജനപ്പെരുപ്പത്തിന്റെയും വ്യവസായ വളര്‍ച്ചയുടെയും ഫലമായി കാടുകള്‍ നശിക്കുകയാണ്. പ്രകൃതിയുടെ ശ്വാസകോശങ്ങളായ മരങ്ങളെ നശിപ്പിക്കുമ്പോള്‍ നമ്മുടെ നിലനില്‍പു തന്നെയാണ് ചോദ്യം ചെയ്യപ്പെടുന്നത്. ശുദ്ധജല ദൗര്‍ലഭ്യവും ജലമലിനീകരണവും ഇന്ന് നാം നേരിട്ടുകൊണ്ടിരിക്കുന്ന പ്രധാന പരിസ്ഥിതിക പ്രശ്‌നങ്ങളാണ്. ജീവജലം മലിനമാകുന്നതു മൂലം മനുഷ്യന്‍ ഉള്‍പ്പെടെയുള്ള ജീവജാലങ്ങളുടെ ജീവനും ആരോഗ്യവും അപകടത്തിലാകുന്നു.

ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണ് പ്ലാസ്റ്റിക് മലിനീകരണം. ബാഗുകള്‍, കപ്പുകള്‍, ഷീറ്റുകള്‍ എന്നുവേണ്ട നമ്മള്‍ വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്കു കണക്കില്ല. പ്ലാസ്റ്റിക് മാലിന്യങ്ങളുടെ അശാസ്ത്രീയമായ സംസ്‌കരണം മണ്ണിനെയും ജലത്തെയും വായുവിനെയും ഒരുപോലെ വിഷമയമാക്കുന്നു. യുക്തിരഹിതമായ കാര്‍ഷിക പ്രവര്‍ത്തനങ്ങളും രാസവസ്തുക്കളുടെ അശാസ്ത്രീയമായ ഉപയോഗവും വ്യവസായ ശാലകളില്‍ നിന്നുള്ള രാസമാലിന്യങ്ങളും എല്ലാം പരിസ്ഥിതിയെ നശിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇവ മണ്ണിനെ നശിപ്പിക്കുന്നു, കൃഷിയെ ബാധിക്കുന്നു.

ആഗോള താപനത്തിന്റെയും ഹരിത ഗൃഹപ്രഭാവത്തിന്റെയും പരിണത ഫലമായി ഭൂമിയില്‍ എത്തുന്ന സൂര്യപ്രകാശവും ചൂടും ഗണ്യമായ തോതില്‍ വര്‍ദ്ധിച്ചിട്ടുണ്ടെന്ന് എല്ലാവര്‍ക്കുമറിയാം. സൂര്യപ്രകാശത്തിനുള്ള ഇന്‍ഫ്രാറെഡ് കിരണങ്ങളെ അന്തരീക്ഷത്തിലുള്ള ഹരിത ഗൃഹവാതകങ്ങളില്‍ പ്രധാനമായ കാര്‍ബണ്‍ഡൈയോക്‌സൈഡ്, ഓസോണ്‍, മീഥേന്‍, നൈട്രസ് ഓക്‌സൈഡ് എന്നിവ ആഗിരണം ചെയ്യുന്നതിനാല്‍ അന്തരീക്ഷ താപനില ക്രമാതീതമായി വര്‍ദ്ധിക്കുന്നു.

പെട്രോളിയം, കല്‍ക്കരി, പ്രകൃതി വാതകം, എണ്ണ ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ ഉപയോഗമാണ് കാര്‍ബണ്‍ഡൈയോക്‌സൈഡിന്റെ വര്‍ദ്ധനയ്ക്ക് പ്രധാന കാരണം. വ്യവസായ വല്‍ക്കരണത്തിന്റെ ഫലമായി ഉണ്ടായ നഗര വത്ക്കരണവും, ജനസംഖ്യാ വര്‍ദ്ധനവും, വനനശീകരണവും കാര്‍ബണ്‍ഡൈയോക്‌സൈഡിന്റെ പുറംതള്ളല്‍ ഏറെ വര്‍ദ്ധിച്ചിരിക്കുകയാണ്.

ആഗോള താപനത്തിന്റെ ഫലമായി ധ്രുവങ്ങളില്‍ മഞ്ഞുരുകുന്നു. കടല്‍ വെള്ളം പൊങ്ങുന്നു. ദ്വീപുകള്‍ മുങ്ങുന്നു.കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി ലോകം കടുത്ത ശുദ്ധജല ക്ഷാമത്തിന്റെ പിടിയിലമരുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഇന്ന് ഭൂമിയില്‍ 50 കോടിയിലേറെ ജനങ്ങള്‍ ജല ദൗര്‍ലഭ്യത്തിന്റെ പിടിയിലാണ്. 2030 ആകുമ്പോഴേക്കും അത് 300 കോടി കവിയും. 2050 ആകുമ്പോഴേക്കും ഏഷ്യയിലെ 100 കോടിയിലേറെ ജനങ്ങള്‍ക്ക് കടുത്ത ശുദ്ധജല ദൗര്‍ലഭ്യം നേരിടും. ഇത് കാര്‍ഷിക വിളകളുടേയും ജൈവ വൈവിധ്യമേഖലകളുടേയും നാശത്തിന് സംഗതിയാകും. തന്മൂലം ഭക്ഷ്യക്ഷാമവും പട്ടിണിയും ഉണ്ടാകും.

കാലാവസ്ഥയിലുണ്ടാകുന്ന താളപ്പിഴകള്‍ മണ്ണിനങ്ങളെയും അതിനെ ആശ്രയിക്കുന്ന മനുഷ്യര്‍ ഉള്‍പ്പെടെയുള്ള ജീവജാലങ്ങളെയും അപകടത്തിലാക്കും. ഇതിലും പുറമെ ഇന്ന് ലഭ്യമാകുന്ന ജലസ്രോതസ്സുകളില്‍ 60 ശതമാനവും മലിനമാണെന്ന് നാം ഓര്‍ക്കണം. ലോകത്താകമാനം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന 400 കോടി ആശുപത്രി കേസുകളില്‍ 80 ശതമാനവും ജലമലീനീകരണ ജന്യമായ രോഗങ്ങള്‍ കാരണമാണ്. ഇതിനെല്ലാം പുറമെ ഉപഭോഗസംസ്‌കാരം അരങ്ങ് വാഴുന്ന ഈ കാലഘട്ടത്തില്‍ വ്യവസായ ശാലകളില്‍നിന്നും വാഹനങ്ങളില്‍ നിന്നും പുറത്തു വരുന്ന വിഷവാതകങ്ങളും പുകയും, അമ്ല മഴയും പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.

വനങ്ങള്‍, പുല്‍മേടുകള്‍, മലകള്‍, കാവുകള്‍, തണ്ണീര്‍ത്തടങ്ങള്‍, പുല്‍പ്രദേശങ്ങള്‍ തുടങ്ങിയ വിവിധ ആവാസ വ്യവസ്ഥകളുടെ നിലനില്‍പിനെ അടിസ്ഥാനമാക്കിയാണ് ആഗോള തലം മുതല്‍ പ്രാദേശിക തലംവരെയുള്ള ജലസ്രോതസ്സുകളും ജല സുരക്ഷയും നിലനില്‍ക്കുന്നത്. ജലത്തിന്റെ ഗുണനിലവാരം, ജലലഭ്യത എന്നിവ ഉറപ്പാക്കുന്നതില്‍ ആവാസ വ്യവസ്ഥകള്‍ക്ക് വലിയ പങ്കുണ്ട്.

അണകെട്ടുകളും പാരിസ്ഥിതിക പ്രത്യാഘാതങ്ങളും ആവാസ വ്യവസ്ഥയുടെ സന്തുലിത അവസ്ഥയ്ക്ക് ഭീഷണി ഉയര്‍ത്തുന്നു. ഇന്ന് കേരളത്തിലെ അണകെട്ടുകള്‍ പലതും വളരെ കാലപ്പഴക്കമുള്ളവയും ബലക്ഷയം നേരിടുന്നവയും ആണ്. ഇതിന് പുറമേ അണക്കെട്ടുകളുടെ ഉയരം വര്‍ദ്ധിപ്പിക്കാനുള്ള രാഷ്ട്രീയക്കാരുടെ തിരക്കു കൂട്ടല്‍ അപകട സാദ്ധ്യത ഏറെ വര്‍ദ്ധിപ്പിക്കും. ചെറുതും വലുതുമായ ഓരോ ആവാസ വ്യവസ്ഥയെയും സംരക്ഷിക്കാനും അതിലൂടെ ജൈവ വൈവിധ്യം പരമാവധി നിലനിര്‍ത്താനുമാണ് നാം ശ്രദ്ധിക്കേണ്ടത്.

പരിസ്ഥിതിയെക്കുറിച്ചുളള ചിന്തകള്‍ കേവലം ദിനാചരണത്തില്‍ മാത്രം ഒതുങ്ങി നിന്നാല്‍ മതിയോ? ഇക്കാര്യത്തില്‍ സര്‍ക്കാരും സര്‍ക്കാരിതര സംഘടനകളും ശക്തമായി ഇടപെടേണ്ടതുണ്ട്. വര്‍ദ്ധിച്ചുവരുന്ന ഉപഭോഗാസക്തി മൂലം പ്രകൃതിയെ വിവേചനരഹിതമായി ചൂഷണം ചെയ്യുന്നവരെ കണ്ടെത്തി നിയമത്തിന്റെ മുന്‍പില്‍ കൊണ്ടുവരണം. പരിസ്ഥിതി നേരിടുന്ന വെല്ലുവിളികള്‍ കണ്ടെത്തി അവയ്ക്ക് വ്യക്തിപരമായും സംഘടിതമായും ചെയ്യാന്‍ കഴിയുന്ന പരിഹാരപ്രവര്‍ത്തനങ്ങള്‍ കണ്ടെത്തി അതിനനുസരിച്ച് പ്രവര്‍ത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.