അമിത വണ്ണവും പൊണ്ണത്തടിയും കുറയ്ക്കാന്‍ ഇനി ബലൂണ്‍ ഗുളികകള്‍; എലിപ്‌സ് ബലൂണിന് അംഗീകാരം

single-img
5 June 2017

അമിതവണ്ണവും പൊണ്ണത്തടിയും കുറയ്ക്കാന്‍ ആര്‍ക്കാണ് ആഗ്രഹമില്ലാത്തത്? പരസ്യമായും രഹസ്യമായും പലതവണ ശ്രമിച്ച് പരാജയപ്പെട്ടവരാണ് അമിതവണ്ണമുള്ളവരില്‍ മിക്കവരും. ഭക്ഷം കുറക്കാന്‍ കഴിയാത്തതാണ് മിക്കവരുടേയും പ്രശ്‌നം. അമിത വണ്ണം കുറക്കാന്‍ ശസ്ത്രക്രിയക്കു വിധേയരാകുന്നവര്‍ വരെയുണ്ട്. ഇന്ന് തടി കുറക്കാന്‍ നിരവധി ഗുളികകളും മാര്‍ക്കറ്റില്‍ ലഭ്യമാണ്. പക്ഷെ അതെല്ലാം വെറും ആളെത്തട്ടിപ്പുകളാണ് എന്നതാണ് വാസ്തവം.

എന്നാല്‍ ‘ഗുളിക’ കഴിച്ചും വണ്ണം കുറയ്ക്കാമെന്ന പുതിയ വാര്‍ത്തയാണിപ്പോള്‍ കേള്‍ക്കുന്നത്. ഒരു ഗാസ്ട്രിക് ബലൂണാണിത്.്! ‘എലിപ്‌സ് ബലൂണ്‍’ എന്നു പേരിട്ടിരിക്കുന്ന ഇതിന് എളുപ്പത്തില്‍ വിഴുങ്ങാന്‍ തക്ക വലുപ്പമേയുള്ളു. ഇതോടൊപ്പം ഒരു കത്തീറ്ററും ഘടിപ്പിച്ചിട്ടുണ്ടാകും. ഗുളിക സഞ്ചരിക്കുന്നതിനനുസരിച്ച് കത്തീറ്ററും ആമാശയത്തിലേക്കെത്തും. ശേഷം കത്തീറ്ററിലൂടെ പുറത്തു നിന്ന് കൃത്യം 550 മില്ലിലിറ്റര്‍ വെള്ളം ഈ ബലൂണിലേക്ക് നിറയ്ക്കും. അതോടെ ബലൂണ്‍ വീര്‍ത്ത് ആമാശയത്തിന്റെ മുക്കാല്‍ ഭാഗത്തും നിറയും.

ശേഷം കത്തീറ്റര്‍ എടുത്തുമാറ്റും, ആമാശയത്തിനകത്ത് വെള്ളം നിറച്ച ബലൂണ്‍ സുരക്ഷിതമായിരിക്കും. വയര്‍ നിറഞ്ഞെന്ന അനുഭവമായിരിക്കും ഇതുവഴി പൊണ്ണത്തടിക്കാര്‍ക്ക് ലഭിക്കുക. അതിനാല്‍ത്തന്നെ അവര്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവും കുറയും. ശരീരത്തിലേക്കെത്തുന്ന അന്നജത്തിന്റെയും കാലറിയുടെയും കൊഴുപ്പിന്റെയുമെല്ലാം അളവ് കുറയുന്നതോടെ വണ്ണം കുറയാന്‍ ഈ പ്രക്രിയ സഹായകമാകും. നിലവില്‍ ഇന്‍ട്രാഗാസ്ട്രിക് ബലൂണുകള്‍(ഐജിബി) ആമാശയത്തിനകത്ത് സ്ഥാപിക്കുന്ന പതിവുണ്ട്. ആമാശയത്തിന്റെ വലുപ്പം കുറയ്ക്കുന്ന ബെരിയാട്രിക് ശസ്ത്രക്രിയയുമുണ്ട്. ഇതിനെല്ലാം പക്ഷേ എന്‍ഡോസ്‌കോപ്പിയും അനസ്തീഷ്യയുമെല്ലാം ആവശ്യമാണ്.

 

എന്നാല്‍ അമിതവണ്ണക്കാര്‍ക്ക് അനസ്തീഷ്യ നല്‍കുന്നതും റിസ്‌കാണ്. അതിനാല്‍ത്തന്നെ സര്‍ജറി ആവശ്യമുള്ളവരെ ദീര്‍ഘകാല നിരീക്ഷണത്തിനൊടുവില്‍ ശാരീരികമായും മാനസികമായും പ്രാപ്തരാക്കേണ്ടതുണ്ട്. സര്‍ജറി ചെലവേറിയതുമാണ്. അങ്ങനെയിരിക്കെ പൊണ്ണത്തടി കുറയ്ക്കാനുള്ള നീക്കം 15 മിനിറ്റ് കൊണ്ട് പൂര്‍ത്തിയാക്കാമെന്നതാണ് എലിപ്‌സ് ബലൂണിന്റെ പ്രത്യേകത. എന്‍ഡോസ്‌കോപ്പിയോ അനസ്തീഷ്യയോ ഒന്നും ആവശ്യമില്ല. ഐജിബി വയറ്റിലേക്കിറക്കുമ്പോഴുണ്ടാകുന്ന അസ്വസ്ഥതയും ഈ ബലൂണ്‍ ഉപയോഗിക്കുമ്പോഴില്ല. ദൈനംദിന ഭക്ഷണത്തിലും ജീവിതരീതിയിലും മാറ്റം വരുത്തി പൊണ്ണത്തടി കുറയ്ക്കുന്ന ചികിത്സ ഫലിക്കാത്ത ആയിരങ്ങള്‍ക്ക് ആശ്വാസകരമായിരിക്കും പുതിയ കണ്ടെത്തെലെന്നും ഗവേഷകര്‍ പറയുന്നു.

 

പോര്‍ച്ചുഗലില്‍ നടന്ന യൂറോപ്യന്‍ കോണ്‍ഗ്രസ് ഓണ്‍ ഒബീസിറ്റിയിലാണ് ഈ കണ്ടുപിടിത്തം അവതരിപ്പിക്കപ്പെട്ടത്. പൊണ്ണത്തടിയുള്ള 29 പുരുഷന്മാരിലും 13 വനിതകളിലും ഗവേഷണത്തിന്റെ ഭാഗമായി എലിപ്‌സ് ബലൂണ്‍ ഉപയോഗിച്ചിരുന്നു. ഡയറ്റ് നിയന്ത്രിച്ച് പൊണ്ണത്തടി കുറയ്ക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടവരും ഐജിബി ചികിത്സക്ക് തയാറാകാത്തവരുമായിരുന്നു ഇവര്‍.

 

16 ആഴ്ച എലിപ്‌സ് ബലൂണ്‍ ഈ 42 പേരുടെയും ആമാശയത്തിലിരുന്നു. അതുവഴി അന്നജവും കാലറിയുമെല്ലാം നേരത്തേതിനേക്കാളും കുറഞ്ഞാണ് ശരീരത്തിലെത്തിയത്. ഭക്ഷണം വാരിവലിച്ചു തിന്നാനും ആര്‍ക്കും തോന്നിയില്ല. 16 ആഴ്ചകള്‍ക്കൊടുവില്‍ ബലൂണ്‍ തനിയെ പൊട്ടി വിസര്‍ജ്യമായി ശരീരത്തിന് പുറത്തുപോകുകയും ചെയ്തു. ശരാശരി 15 കിലോഗ്രാം എന്ന കണക്കിനാണ് ഓരോരുത്തരിലും ഇക്കാലയളവില്‍ വണ്ണം കുറഞ്ഞത്. അതായത് അധികവണ്ണത്തിന്റെ 31 ശതമാനവും നഷ്ടമായി. പ്രമേഹം, രക്തസമ്മര്‍ദം, കൊളസ്റ്ററോള്‍ എന്നിവയുടെ അളവിലും കുറവ് രേഖപ്പെടുത്തി. യുകെയില്‍ എലിപ്‌സ് ബലൂണ്‍ ഗുളികയ്ക്ക് അംഗീകാരം ലഭിച്ചു കഴിഞ്ഞു.