വിമാനം കഴുകാന്‍ ഇനി ‘എയര്‍ ക്രാഫ്റ്റ് ഡ്രൈവാഷ്’; പരിസ്ഥിതി സൗഹൃദ ആശയവുമായി എമിറേറ്റ്‌സ് എയര്‍ലൈന്‍സ്

single-img
5 June 2017

ദുബായ്: ലോകപരിസ്ഥിതിദിനത്തില്‍ തികച്ചും വ്യത്യസ്തമായൊരു പരിസ്ഥിതി സൗഹൃദ ആശയവുമായി എത്തിയിരിക്കുകയാണ് പ്രമുഖ വിമാനക്കമ്പനിയായ എമിറേറ്റ്‌സ്. വെള്ളമുപയോഗിക്കാതെ വിമാനം വൃത്തിയാക്കാന്‍ പറ്റുന്ന ‘എയര്‍ ക്രാഫ്റ്റ് ഡ്രൈവാഷ്’ എന്ന സാങ്കേതികവിദ്യ പരിചയപ്പെടുത്തുകയാണ് എമിറേറ്റ്‌സ് എയര്‍ലൈന്‍സ്.

ഓരോ പറക്കലിലും വിമാനത്തിന്റെ ഉപരിതലത്തില്‍ പൊടിയും മറ്റും അടിഞ്ഞുകൂടും. വര്‍ഷത്തില്‍ ചുരുങ്ങിയത് അഞ്ചു പ്രാവശ്യമെങ്കിലും വെള്ളമുപയോഗിച്ചു വിമാനം വൃത്തിയാക്കും. 9,500 ലിറ്റര്‍ വെള്ളമാണ് ഓരോതവണയും വിമാനം കഴുകാന്‍ ഉപയോഗിക്കേണ്ടിവരുന്നത്. ഈ സാഹചര്യത്തിലാണ് എമിറേറ്റ്‌സിന്റെ പുതിയ എയര്‍ക്രാഫ്റ്റ് ഡ്രൈവാഷ് പ്രസക്തമാകുന്നത്.

ഇതനുസരിച്ചു പ്രത്യേക തരത്തിലുള്ള ഒരു ദ്രാവകം വിമാനത്തിന്റെ പുറത്തു മുഴുവന്‍ തേച്ചുപിടിപ്പിക്കും. ഉണങ്ങുമ്പോള്‍ നേര്‍ത്ത പാടപോലെയാകുന്ന ഈ ദ്രാവകം പിന്നീട് ഫൈബര്‍ ഉപയോഗിച്ച് തുടയ്ക്കും. പാടയോടൊപ്പം അഴുക്കും പൊടിപടലങ്ങളും പൂര്‍ണമായും നീങ്ങി വിമാനം വെട്ടിത്തിളങ്ങും. ഈ രീതിയുപയോഗിച്ചാല്‍ 15 ജീവനക്കാര്‍ക്ക് അരദിവസംകൊണ്ട് ഒരുവിമാനം വൃത്തിയാക്കാന്‍ സാധിക്കും.

എമിറേറ്റ്‌സിന് നിലവില്‍ 260 വിമാനങ്ങളുണ്ട്. ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതോടെ വര്‍ഷം തോറും ഒരു കോടി ലിറ്ററിലധികം വെള്ളം ലാഭിക്കാന്‍ സാധിക്കും. മാത്രമല്ല വര്‍ഷത്തില്‍ മൂന്നുതവണ വൃത്തിയാക്കിയാല്‍ മതി. കൂടാതെ വിമാനം വൃത്തിയാക്കുമ്പോള്‍ തന്നെ അതിന് അനുബന്ധമായി അറ്റകുറ്റപ്പണികളും നടത്താന്‍ പറ്റും.