എന്‍ഡിടിവിയിൽ പ്രതിസന്ധികൾ സൃഷ്ടിയ്ക്കുന്നത് ബാബ രാം ദേവോ? മോഡി സർക്കാരിനെതിരെ വിമർശനങ്ങൾ ഉന്നയിയ്ക്കുന്ന എന്‍ഡിടിവി വാങ്ങാൻ രാം ദേവ് ശ്രമം തുടങ്ങിയതായി റിപ്പോര്‍ട്ടുകൾ

single-img
5 June 2017

ന്യൂദല്‍ഹി: എൻഡിടിവി തലവൻ പ്രണോയ് റോയ്ക്കും ഭാര്യക്കുമെതിരായ സിബിഐ നടപടികൾക്ക് പിന്നിൽ മോഡിയുടെ വിശ്വസ്തന്‍ യോഗ ഗുരു രാം ദേവെന്ന് ആരോപണം.സാമ്പത്തിക പ്രതിസന്ധികളിലൂടെ കടന്ന് പോകുന്ന എൻഡിടിവി സ്വന്തമാക്കാൻ ബാബാ രാംദേവ് ശ്രമിക്കുന്നതായാണു തലസ്ഥാനത്ത് നിന്നും വരുന്ന വാർത്തകൾ സൂചിപ്പിയ്ക്കുന്നത്.മോഡി സർക്കാരിനെതിരെ വിമര്‍ശനാത്മക നിലപാടെടുത്തിട്ടുള്ള മാധ്യമമാണു എൻഡിടിവി.എൻഡിടിവി തലവൻ പ്രണോയ് റോയ്ക്കും ഭാര്യക്കുമെതിരെ സിബിഐ കേസ് രജിസ്റ്റർ ചെയ്തിരുന്നു.ഇതിനു പിന്നാലെയാണു എന്‍ഡിടിവി വാങ്ങാന്‍ പ്രാരംഭ ചര്‍ച്ചകളുമായി മോഡി വിശ്വസ്തന്‍ ബാബാ രാംദേവ് ശ്രമിക്കുന്നതായ വാർത്തകൾ പുറത്ത് വരുന്നത്.എന്‍ഡിടിവിയുടെ സാമ്പത്തിക പ്രതിസന്ധി മുതലെടുത്തും പ്രതിസന്ധികള്‍ സൃഷ്ടിച്ചും ചാനല്‍ കൈക്കലാക്കാനാണ് രാം ദേവിന്റെ ശ്രമമെന്നാണു ആരോപണം ഉയരുന്നത്.

വിദേശവിനിമയ ചട്ട ലംഘനത്തിനും സ്വകാര്യബാങ്കിൽ നിന്നെടുത്ത വായ്പ തിരിച്ചടച്ചില്ലെന്ന് കാട്ടിയാണുമുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എന്‍ഡിടിവി മേധാവിയുമായ പ്രണോയ് റോയിക്കെതിരേ കേസ് എടുത്തിരിയ്ക്കുന്നത്. പ്രണോയ്‌യുടെ ഭാര്യ രാധികക്കെതിരെയും കേസെടുത്തിട്ടുണ്ട്. വായ്പാ തിരിച്ചടവ് മുടക്കിയതോടെ ഐസിഐസിഐ ബാങ്കിന് 48 കോടി രൂപയുടെ നഷ്ടം വരുത്തിവച്ചെന്നാണ് കേസ്.

അതേസമയം കള്ളക്കേസുകൾ കെട്ടിച്ചമച്ച് സിബിഐ വേട്ടയാടുകയാണെന്ന് എൻഡിടിവി ആരോപിച്ചു.പ്രതികാര നടപടികൾക്കെതിരെ ശക്തമായി പോരാടുമെന്നും എൻഡിടിവി അധികൃതർ അറിയിച്ചു.

അതിനിടെ എൻഡിടിവി തലവൻ പ്രണോയ്‌ റോയ്‌ക്കെതിരെ സിബിഐ കേസെടുത്ത സംഭവത്തെ ന്യായീകരിച്ച് കേന്ദ്രസർക്കാർ രംഗത്ത് വന്നു.നിയമം നിയമത്തിന്‍റെ വഴിക്ക് പോകുമെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു വ്യക്തമാക്കി. ആരെയും കേന്ദ്രം വേട്ടയാടുന്നില്ലെന്നും സിബിഐയുടെ പ്രവർത്തനങ്ങളിൽ കേന്ദ്ര സർക്കാർ ഇടപെടില്ലെന്നും അദ്ദേഹം പറഞ്ഞു.