യുപി പോലീസിന്റെ കാടത്തം; പരാതിയുമായെത്തിയ പെണ്‍കുട്ടികള്‍ക്ക് പോലീസ് സ്‌റ്റേഷനില്‍ പീഡനം

single-img
4 June 2017

ഉത്തര്‍പ്രദേശ്: തങ്ങളെ അപമാനിച്ചയാള്‍ക്കെതിരെ പരാതി പറയാനെത്തിയ പെണ്‍കുട്ടികള്‍ക്ക് പോലീസിന്റെ പീഡനം. ഉത്തര്‍പ്രദേശിലെ മെയിന്‍പുരിയിലാണ് സഹോദരിമാരായ 2 പേര്‍ക്ക് സംരക്ഷണം ഉറപ്പു വരുത്തേണ്ടവരില്‍ നിന്നു തന്നെ നീതി നിഷേധിക്കപ്പെട്ട് അപമാനിതരാവേണ്ടി വന്നത്. ഉത്തര്‍പ്രദേശ് കര്‍ഹാല്‍ ഗെയ്റ്റ് പോലീസ് സ്റ്റേഷനിലാണ് സംഭവം. തങ്ങളെ അപമാനിച്ചയാള്‍ക്കെതിരെ പരാതി പറയാനെത്തിയ സഹോദരിമാര്‍ക്ക് നേരെ പോലീസുകാര്‍ ലൈംഗീകാതിക്രമം കാട്ടുകയായിരുന്നു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പോലീസ് ഉദ്യോഗസ്ഥനെ അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തു.

വീഡിയോയില്‍ ഈശ്വരി പ്രസാദ് എന്ന പോലീസുകാരന്‍ സഹോദരിമാരില്‍ ഒരാളോട് മോശമായി പെരുമാറുന്നത് കാണാം. എന്നാല്‍ ആശ്ചര്യപ്പെടുത്തുന്ന വിശദീകരണവുമായാണ് പോലീസുകാര്‍ രംഗത്തെത്തിയിട്ടുള്ളത്. പെണ്‍ക്കുട്ടികള്‍ തങ്ങളെയാണ് അവഹേളിച്ചതെന്നാണ് പോലീസുകാരില്‍ ഒരാള്‍ പറയുന്നത്. താന്‍ കൈയില്‍ പിടിച്ചിട്ടേയുള്ളുവെന്നും അക്രമിച്ചിട്ടില്ലെന്നും മറ്റൊരാള്‍ വ്യക്തമാക്കി.

സംഭവം അന്വേഷിക്കാന്‍ സിറ്റി സര്‍ക്കിള്‍ ഇന്‍സപക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ആരോപണ വിധേയരായ പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തതായും എസ്.പി.എസ്.രാജേഷ് പറഞ്ഞു.