‘കേരളീയര്‍ക്ക് നേരെയുള്ള അധിക്ഷേപത്തെ ചിരിച്ചുതള്ളുകയല്ല വേണ്ടത്’; രാജീവ്ചന്ദ്രശേഖര്‍ക്ക് മറുപടിയുമായി തരൂര്‍

single-img
4 June 2017

കേരളത്തെ പാക്കിസ്ഥാനെന്ന് വിശേഷിപ്പിച്ച ടൈംസ് നൗ ചാനലിനെ ന്യായീകരിച്ച് രാജീവ്ചന്ദ്രശേഖര്‍ എംപിയും ഇതിനെ രൂക്ഷമായി വിമര്‍ശിച്ച് ഡോ ശശി തരൂര്‍ എംപിയും സോഷ്യല്‍ മീഡിയയില്‍ നേര്‍ക്കുനേര്‍. കേരളത്തെ പാക്കിസ്ഥാന്‍ എന്ന് സംബോധന ചെയ്ത ചാനലിന്റെ നടപടിയെ അഭിനന്ദിച്ചാണ് രാജ്യസഭ എംപിയും എന്‍.ഡി.എ കേരള ഘടകം ചെയര്‍മാനുമായ രാജീവ് ചന്ദ്രശേഖര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

ചാനലിന്റെ ആക്ഷേപത്തെ അനുകൂലിക്കുന്ന തരത്തില്‍ ലക്ഷ്മി കാനത്ത് എന്നയാള്‍ ചാനല്‍ പറഞ്ഞതു തന്നെയാണ് ശരിയെന്ന തരത്തില്‍ ചെയ്ത ട്വീറ്റിനു താഴെയായി മൂന്നു സ്‌മൈലി ഇമോജികളാണ് രാജീവ് ചന്ദ്രശേഖര്‍ നല്‍കിയിരിക്കുന്നത്. ഈ മറുപടിയില്‍ ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരനെയും വി.മുരളീധരനെയും രാജീവ് ടാഗ് ചെയ്തിട്ടുമുണ്ട്. എന്നാല്‍ കേരളീയര്‍ക്ക് നേരെയുള്ള ഈ അധിക്ഷേപത്തെ ചിരിച്ചു തള്ളുകയല്ല വേണ്ടതെന്നായിരുന്നു രാജീവ്ചന്ദ്രശേഖറിനോടുള്ള ശശി തരൂര്‍ എംപിയുടെ പ്രതികരണം.

ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ കേരള സന്ദര്‍ശനത്തോടനുബന്ധിച്ച് ചെയ്ത റിപ്പോര്‍ട്ടില്‍ ‘ അമിത് ഷാ ഇടിമുഴങ്ങുന്ന പാക്കിസ്ഥാനിലേക്ക്’ എന്നായിരുന്നു ടൈംസ് നൗ ചാനല്‍ കാണിച്ചത്. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷമായ പ്രതികരണമാണ് ചാനലിന് നേരിടേണ്ടിവന്നത്. പ്രതിഷേധം വ്യാപകമായതോടെ മാപ്പ് പറഞ്ഞ് ചാനല്‍ തടിയൂരുകയായിരുന്നു.

ഇതിനിടെയാണ് ചാനലിനെ അനുകൂലിച്ച് അര്‍ണാബ് ഗോസാമിയുടെ റിപ്പബ്ലിക് ടിവിയുടെ സംരംഭകന്‍ കൂടിയായ രാജീവ് ചന്ദ്രശേഖര്‍ രംഗത്തിറങ്ങിയിരിക്കുന്നത്. നേരത്തെ സുനന്ദ പുഷ്‌കര്‍ കേസില്‍ തരൂരിനെതിരെ ചര്‍ച്ച സംഘടിപ്പിച്ച അര്‍ണാബിന് ശക്തമായ ഭാഷയില്‍ മറുപടി നല്‍കി തരൂര്‍ ശ്രദ്ധേയനായിരുന്നു. എന്നാല്‍ അര്‍ണാബിന്റെ ബന്ധശത്രുവായ ടൈംസ് നൗ ചാനലിനെ പിന്തുണയ്ക്കുന്ന നിലപാടാണ് കേരളത്തെ അപമാനിച്ച വിഷയത്തില്‍ രാജീവ് ചന്ദ്രശേഖര്‍ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാകാന്‍ അണിയറനീക്കം നടത്തുന്ന രാജീവ് ചന്ദ്രശേഖറിനെ പ്രതിരോധിക്കാന്‍ തിരുവനന്തപുരത്തെ പാര്‍ലമെന്റ് അംഗമായ ശശി തരൂര്‍ രംഗത്തെത്തിയതും ശ്രദ്ധേയമാണ്. സുന്ദപുഷ്‌കര്‍ കേസ് റിപ്പബ്ലിക് ചാനല്‍ തരൂരിനെതിരെ സജീവമാക്കിയതിന് പിന്നില്‍ രാജീവ് ചന്ദ്രശേഖറിന് തിരുവനന്തപുരം സീറ്റിനോടുള്ള മോഹമാണെന്നും അന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് രാജീവ്ചന്ദ്രശേഖറിന്റെ ട്വീറ്റിന് തരൂര്‍ മറുപടി നല്‍കിയിരിക്കുന്നത്.