കശാപ്പ് നിരോധനത്തില്‍ മൗനംപാലിച്ച് അമിത് ഷാ; തിരുവനന്തപുരത്തെ വാര്‍ത്താ സമ്മേളനവും റദ്ദാക്കി

single-img
4 June 2017

തിരുവനന്തപുരം: മൂന്നുദിവസത്തെ കേരള സന്ദര്‍ശനത്തിനിടെ വിവാദമായ കശാപ്പ് നിരോധനം അടക്കമുള്ള സമകാലിക രാഷ്ട്രീയ വിഷയങ്ങളില്‍ മൗനംപാലിച്ച് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. കന്നുകാലി കശാപ്പ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഒരുവാക്കുപോലും സംസാരിക്കാതെ അമിത് ഷാ കേരളത്തില്‍ നിന്നും മടങ്ങും. സന്ദര്‍ശനത്തിന്റെ അവസാന ദിനത്തില്‍ തിരുവനന്തപുരത്ത് നടത്താനിരുന്ന വാര്‍ത്താസമ്മേളനവും റദ്ദാക്കി.

തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് തേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അവസാന നിമിഷം വാര്‍ത്താസമ്മേളനം ഇല്ലെന്ന് പ്രഖ്യാപിക്കുകയായിരുന്നു. അതേസമയം അമിത് ഷായുടെ വാര്‍ത്താ സമ്മേളനം റദ്ദാക്കിയതിന് പ്രത്യേക കാരണവും ബിജെപിയുടെ മാധ്യമ വിഭാഗം നല്‍കിയിട്ടില്ല. കശാപ്പ് നിരോധനം, മതന്യൂനപക്ഷങ്ങള്‍ക്കെതിരായ നിലപാട് തുടങ്ങിയവയില്‍ ഉയരുന്ന ചോദ്യങ്ങള്‍ക്ക് മറുപടിയില്ലാത്തതുകൊണ്ടാണ് അമിത് ഷായുടെ തിരുവനന്തപുരത്തെ വാര്‍ത്താ സമ്മേളനവും റദ്ദാക്കിയതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

എന്നാല്‍ കശാപ്പ് നിരോധനം നിലനില്‍ക്കെ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള ബിജെപി നീക്കം വേണ്ടത്ര ഫലം കണ്ടിട്ടുമില്ല. ക്രിസ്ത്യന്‍ മതമേലധ്യക്ഷന്മാര്‍ ഉന്നയിച്ച സുരക്ഷ അടക്കമുള്ള വിഷയങ്ങള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താമെന്നാണ് ആകെ നല്‍കിയ മറുപടി. രാഷ്ട്രീയ വിഷയങ്ങളില്‍ ബി.ജെ.പി അധ്യക്ഷന്‍ എന്ന നിലയില്‍ ഒരു ഉറപ്പും അമിത് ഷാ നല്‍കിയിട്ടില്ല.