തൊണ്ണൂറ് ശതമാനത്തിലധികം വൈകല്യം: വായില്‍ പേന കടിച്ചുപിടിച്ചെഴുതി തുഹിന്‍ നേടിയത് 88 ശതമാനം മാര്‍ക്ക്

single-img
4 June 2017

കൊല്‍ക്കത്ത: തുഹിന്‍ ദെയ് എന്ന 15 കാരന് തന്റെ പത്താം ക്ലാസ് പരീക്ഷാ ഫലം എന്നത് വെറുമൊരു ജയമല്ല. ദെയ് പിറന്നു വീണത് തന്നെ രോഗബാധിതനായി. കൈയും കാലും അനക്കാനാകാതെ വീല്‍ച്ചെയറില്‍ തള്ളി നീക്കിയ ജീവിതം. പക്ഷേ വായില്‍ കടിച്ച് പിടിച്ച പേനകൊണ്ട് എഴുതി ഇത്തവണത്തെ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയില്‍ തുഹിന്‍ ദെയ് നേടിയത് 88 ശതമാനം മാര്‍ക്ക്. അതുകൊണ്ടുതന്നെ തൊണ്ണൂറ് ശതമാനത്തിലധികം വൈകല്യമുള്ള ഈ ബംഗാളി ബാലന്‍ പരീക്ഷയില്‍ നേടിയ വിജയത്തിന് 100 ശതമാനത്തിന്റെ തിളക്കമുണ്ട്.

ഗര്‍ഭാവസ്ഥയില്‍ തന്നെ ബാധിക്കുന്ന ആര്‍ത്രോഗ്രൈപോസിസ് മള്‍ട്ടിപ്ലെക്‌സ് കണ്‍ജെനിറ്റ (എഎംസി) എന്ന രോഗമായിരുന്നു തുഹിന്‍ ദെയ്ക്ക്. ഇത് മൂലം കൈകാലുകളുടെ ചലനം സാധ്യമായിരുന്നില്ല. 1999ല്‍ ജനിച്ചത് മുതല്‍ ഇതിനകം 20 ശസ്ത്രക്രിയകള്‍ക്ക് തുഹിന്‍ വിധേയനായി. എന്നാല്‍ ഇതൊന്നും അവന്റെ പഠനത്തെ ബാധിച്ചില്ല.

പശ്ചിമ ബംഗാളിലെ മിഡ്‌നാപ്പൂര്‍ ജില്ലയിലെ ഖരഖ്പുര്‍ ഐഐടി സെന്‍ട്രല്‍ സ്‌കൂളിലാണ് ദെയ് പരീക്ഷ എഴുതിയത്. ഫലം വരുമ്പോള്‍ മത്സരപ്പരീക്ഷകള്‍ക്കുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി രാജസ്ഥാനിലെ കോട്ടയിലായിരുന്നു ദെയ്.

95 ശതമാനത്തിന് മുകളില്‍ മകന്‍ മാര്‍ക്ക് നേടുമെന്നാണ് വിചാരിച്ചിരുന്നതെന്ന് തുഹിന്റെ അമ്മ സുജാത ദെയ് പറഞ്ഞു. ഭിന്നശേഷിക്കാരനായിരുന്നതിനാല്‍ ദെയ്ക്ക് സഹ പാഠ്യവിഷയങ്ങളില്‍ പങ്കാളിയാകാന്‍ സാധിച്ചിരുന്നില്ല. അതിനാല്‍ തന്നെ കുറഞ്ഞ ഗ്രേഡായ ബി ടു മാത്രമാണ് അവന്റെ സ്‌കൂള്‍ നല്‍കിയത്. ഇത് മൊത്തം മാര്‍ക്കില്‍ കുറവുണ്ടാക്കിയെന്നും അവര്‍ പറഞ്ഞു.

തൊണ്ണൂറ് ശതമാനത്തിലധികം വൈകല്യമുള്ളതിനാല്‍ തന്നെ സ്‌കൂള്‍ പഠനം ദെയ്ക്ക് എളുപ്പമായിരുന്നില്ല. 14 കിലോമീറ്റര്‍ ദൂരെയുള്ള സ്‌കൂളിലേക്ക് ദിവസവും പിതാവ് മോട്ടോര്‍ സൈക്കിളിലാണ് അവനെ എത്തിച്ചിരുന്നത്. മകന്റെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി രാജസ്ഥാനിലെ കോട്ടയിലാണ് കുടുംബം ഇപ്പോള്‍ താമസിക്കുന്നത്.