സംസ്ഥാനത്ത് ഡെങ്കിപ്പനി പടരുന്നു; മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്

single-img
4 June 2017

തിരുവനന്തപുരം: മഴ തുടങ്ങിയതോടെ സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കൂടുന്നു. സംസ്ഥാനത്ത് ഈ വര്‍ഷം 5122 പേര്‍ രോഗബാധിതരായി. മേയില്‍ മാത്രം 2475 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 15,090 പേര്‍ രോഗബാധ സംശയിച്ച് ചികിത്സതേടി. പകര്‍ച്ചപ്പനി ബാധിതരുടെ എണ്ണം 10,000 കടന്നതായാണ് റിപ്പോര്‍ട്ടുകള്‍. തിരുവനന്തപുരം, പാലക്കാട്, കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് ഡെങ്കിപ്പനി കൂടുതല്‍. ഇതോടൊപ്പം എലിപ്പനിയും എച്ച് 1 എന്‍ 1 ഉം, ടൈഫോയ്ഡും മഞ്ഞപ്പിത്തവും പടരുന്നുണ്ട്.

തിരുവനന്തപുരം, എറണാകുളം, ആലപ്പുഴ ജില്ലകളിലാണ് എലിപ്പനി സ്ഥിരീകരിച്ചത്. കൊല്ലം, കണ്ണൂര്‍, പാലക്കാട്, തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളില്‍ എച്ച് 1 എന്‍ 1 സ്ഥിരീകരിച്ചിട്ടുണ്ട്. തൃശ്ശൂരില്‍ മൂന്നും പാലക്കാട്ട് ഏഴും പേര്‍ മരിച്ചു. തിരുവനന്തപുരത്ത് പല സ്വകാര്യ ആശുപത്രികളിലും കിടക്ക ഒഴിവില്ലെന്ന കാരണത്താല്‍ അത്യാഹിതവിഭാഗത്തില്‍ പനിബാധിതരെ പ്രവേശിപ്പിക്കുന്നില്ല.

താലൂക്ക് ആശുപത്രികള്‍ മുതല്‍ മുകളിലോട്ടുള്ള സ്ഥാപനങ്ങളില്‍ പ്രത്യേക വാര്‍ഡുകള്‍ തുറന്നിട്ടുണ്ടെന്ന് ആരോഗ്യഡയറക്ടര്‍ അറിയിച്ചു. പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും സൗകര്യമൊരുക്കി. എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ആവശ്യമായ മരുന്ന് സജ്ജമാക്കിയിട്ടുണ്ടെന്നും ആരോഗ്യഡയറക്ടര്‍ പറഞ്ഞു.

പനിയും ജലദോഷവും വന്നാല്‍ സ്വയം ചികിത്സിക്കുന്ന പ്രവണത ഒഴിവാക്കണമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു. രക്തസമ്മര്‍ദംപോലുള്ള അസുഖങ്ങളുള്ളവര്‍ക്കും മുമ്പ് വന്നവര്‍ക്കും ഡെങ്കിപ്പനി ഗുരുതരമാകാം. അതിനാല്‍ സ്വയംചികിത്സ അപകടം വിളിച്ചുവരുത്തും എന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു.