അക്രമത്തിലൂടെ ബിജെപിയെ തകര്‍ക്കാമെന്ന് കരുതേണ്ടെന്ന് അമിത് ഷാ; ആക്രമണം അഴിച്ചുവിട്ടാല്‍ കൂടുതല്‍ താമരകള്‍ വിരിയും

single-img
4 June 2017

തിരുവനന്തപുരം: ഇടതുമുന്നണി കേരളത്തില്‍ അധികാരത്തില്‍ വരുമ്പോഴെല്ലാം ബിജെപിക്കെതിരെ ആക്രമണം നടത്തുന്നുവെന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. മുഖ്യമന്ത്രിയുടെ ജില്ലയിലാണ് ആക്രമണം കൂടുതലെന്നും ബിജെപിയുടെ വളര്‍ച്ചയെ അക്രമം കൊണ്ട് അടിച്ചമര്‍ത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ബിജെപിക്ക് നേരെ ആക്രമണം അഴിച്ചു വിട്ടാല്‍ അത് കൂടുതല്‍ താമരകള്‍ വിരിയുന്നതിന് വഴി തുറക്കുമെന്നും അമിത് ഷാ പറഞ്ഞു. അക്രമത്തിലൂടെ ബിജെപിയെ അടിച്ചമര്‍ത്താനാണ് ശ്രമമെങ്കില്‍ സിപിഎമ്മിന് തെറ്റിപ്പോയി. അക്രമത്തിലൂടെ ഞങ്ങളെ തകര്‍ക്കാമെന്ന് മുഖ്യമന്ത്രി കരുതേണ്ട. എല്ലാ ജില്ലകളിലും ബിജെപി കാര്യാലയങ്ങള്‍ നിലവില്‍ വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന സമിതി ഓഫിസിന് തറക്കല്ലിട്ടശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. 45,000 ചതുരശ്ര അടിയുള്ള ബഹുനില കെട്ടിടമാണ് തൈക്കാട് നിര്‍മിക്കുന്നത്. ചടങ്ങിനുശേഷം തൈക്കാടുളള ഒരു പ്രവര്‍ത്തകന്റെ വീട്ടിലെത്തി അമിത് ഷാ പ്രഭാത ഭക്ഷണവും കഴിച്ചു.