ലണ്ടനില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം താമസിക്കുന്ന ഹോട്ടല്‍ അടച്ചു; അതീവ സുരക്ഷ

single-img
4 June 2017

ലണ്ടന്‍ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം താമസിക്കുന്ന ഹോട്ടല്‍ അടച്ചു. സുരക്ഷ മുന്‍കരുതലിന്റെ ഭാഗമായാണ് ഹോട്ടല്‍ അടച്ചതെന്നാണ് സൂചന. ഹോട്ടലിന് സമീപത്തുകൂടിയുള്ള ഗതാഗതവും നിേരാധിച്ചിട്ടുണ്ട്. ഇന്ന് വൈകീട്ട് മൂന്ന് മണിക്ക്‌ എഡ്ജ്ബാസ്റ്റണില്‍ ഇന്ത്യയും പാകിസ്താനും തമ്മില്‍ ചാമ്പ്യന്‍സ്‌ട്രോഫി ക്രിക്കറ്റ് മത്സരം നടക്കുന്നുണ്ട്. ഇതേ തുടര്‍ന്നാണ് സുരക്ഷ ശക്തമാക്കിയത്.

 

ലണ്ടനില്‍ രണ്ടിടങ്ങളിലായുണ്ടായ ഭീകരാക്രമണത്തില്‍ ഒമ്പതുപേരാണ്‌ മരിച്ചത്. മൂന്ന് അക്രമികളെ പോലീസ് കൊലപ്പെടുത്തി. മധ്യലണ്ടനിലെ ലണ്ടന്‍ ബ്രിഡ്ജിലും ബോറോ മാര്‍ക്കറ്റിലുമാണ് ആക്രമണം നടന്നത്. സംഭവത്തില്‍ ആറ് ആശുപത്രികളിലായി നിരവധി പേരാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്. ആക്രമണത്തെ തുടര്‍ന്ന് ലണ്ടന്‍ ബ്രിഡ്ജും, റെയില്‍വെ സ്റ്റേഷനും അടച്ചു.

പ്രാദേശിക സമയം ഇന്നലെ രാത്രി 10ന് ശേഷമാണ് ലണ്ടന്‍ ബ്രിഡ്ജിലെ ആക്രമണം. വെള്ളനിറത്തിലുള്ള വാന്‍ ആണ് ജനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറ്റിയത്. പിന്നീട് 11.15നാണ് ബറോ മാര്‍ക്കറ്റില്‍ കത്തികൊണ്ട് ആക്രമണം ഉണ്ടായത്. ഇവിടെ പൊലീസ് വെടിവയ്പ്പുണ്ടായി. സമീപപ്രദേശമായ വോക്‌സ്‌ഹോള്‍ മേഖലയിലും കത്തി ഉപയോഗിച്ച് ആക്രമണം നടന്നു. എന്നാല്‍ ഇതിനു മറ്റു രണ്ട് ആക്രമണങ്ങളുമായി ബന്ധമില്ലെന്ന് പൊലീസ് അറിയിച്ചു.

പ്രധാനമന്ത്രി തെരേസ മേ സ്ഥിതിഗതികള്‍ വിലയിരുത്തി. ഭീകരാക്രമണം ആണെന്ന് മേ വ്യക്തമാക്കി. ആക്രമണങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ചെന്നു സംശയിക്കുന്ന മൂന്നുപേര്‍ക്കായി പൊലീസ് തിരച്ചില്‍ നടത്തുകയാണ്.

എട്ടാം തീയതിയാണ് ബ്രിട്ടനിലെ തിരഞ്ഞെടുപ്പ്. ഇത് അലങ്കോലപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ആക്രമണം എന്നാണ് വിലയിരുത്തല്‍. കഴിഞ്ഞയാഴ്ച മാഞ്ചസ്റ്ററിലെ അരീനയില്‍ സംഗീതസന്ധ്യയ്ക്കിടെയുണ്ടായ ഭീകരാക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടിരുന്നു.