കേരളത്തില്‍ നേട്ടമുണ്ടാക്കാമെന്നത് ബിജെപിയുടെ വ്യാമോഹമെന്ന് കുഞ്ഞാലിക്കുട്ടി; വോട്ട് കിട്ടാത്തതിന് ജനങ്ങളെ ഭീഷണിപ്പെടുത്തിയിട്ട് കാര്യമില്ല

single-img
4 June 2017

കേരളത്തില്‍ നേട്ടമുണ്ടാക്കാമെന്നത് ബിജെപിയുടെ വ്യാമോഹമാണെന്ന് മുസ്ലിംലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. ദേഷ്യം പിടിച്ച് സീറ്റ് കിട്ടണം എന്ന് പറഞ്ഞാല്‍ കിട്ടുമോ. സീറ്റ് കിട്ടണമെങ്കില്‍ ജനങ്ങള്‍ വോട്ട് ചെയ്യണമെന്നും അതിന് ജനങ്ങളെ ഭീഷണിപ്പെടുത്തിയിട്ട് കാര്യമില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേരളത്തില്‍ പാര്‍ട്ടി വിജയിച്ച് തുടങ്ങിയില്ലെങ്കില്‍ സംസ്ഥാന നേതാക്കള്‍ ഭവിഷ്യത്ത് അനുഭവിക്കുമെന്ന കേരള സന്ദര്‍ശനത്തിനെത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ പ്രസ്താവനയ്ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

അതേസമയം സോണിയ ഗാന്ധി വിളിച്ച യോഗം ബിജെപിയ്ക്ക് ബദല്‍ ഉയരുമെന്ന പ്രതീക്ഷയുയര്‍ത്തിയെന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ സന്ദര്‍ശിക്കുന്ന സ്ഥലങ്ങളില്‍ എല്ലാം വര്‍ഗീയ കലാപങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്ന് മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദ് പറഞ്ഞിരുന്നു. ന്യൂനപക്ഷങ്ങളെ കൂടെ നിര്‍ത്താമെന്ന ബിജെപി നിലപാട് കേരളം മുഖവിലയ്‌ക്കെടുക്കില്ല. മതപരമായ വിഭാഗീയത സൃഷ്ടിക്കുകയാണ് ബിജെപി ചെയ്യുന്നത്.

കലാപങ്ങളിലൂടെ അധികാരം പിടിക്കുകയാണ് ബിജെപിയുടെ രീതി. അമിത് ഷാ പോയ സ്ഥലത്തൊക്കെ വര്‍ഗീയ കലാപമുണ്ടാക്കുകയാണ് ചെയ്തതെന്നും മജീദ് അഭിപ്രായപ്പെട്ടു. കേരളത്തിലും അടുത്തിടെ അത്തരം ശ്രമങ്ങള്‍ നടന്നിരുന്നു. കേരളം കരുതിയിരിക്കണമെന്ന മുന്നറിയിപ്പും കെപിഎ മജീദ് നല്‍കിയിരുന്നു.