പ്രതിഷേധം ഫലം കണ്ടു; കശാപ്പ്‌ നിരോധന വിജ്ഞാപനത്തില്‍ കേന്ദ്രസര്‍ക്കാര്‍ മാറ്റം വരുത്തുന്നു

single-img
4 June 2017

ന്യൂഡല്‍ഹി: രാജ്യമെങ്ങും കനത്ത പ്രതിഷേധം ഉയരുന്നതിനിടെ കന്നുകാലികളെ കശാപ്പിനായി വില്‍ക്കുന്നത് നിരോധിച്ചതടക്കമുളള കേന്ദ്രവിജ്ഞാപനത്തില്‍ ഇളവ് വരുത്തിയേക്കുമെന്ന സൂചന നല്‍കി കേന്ദ്രസര്‍ക്കാര്‍. കേന്ദ്രമന്ത്രി ഹര്‍ഷ വര്‍ധനനാണ് ഇതുസംബന്ധിച്ച സൂചന നല്‍കിയത്. പരാതികള്‍ പരിഹരിച്ച് മുന്നോട്ട് പോവുമെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്.

ആശങ്കകള്‍ പരിഹരിക്കാന്‍ കേന്ദ്രം തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. കശാപ്പിനോ ബീഫ് കഴിക്കുന്നതിനോ നിയന്ത്രണമില്ല. വിജ്ഞാപനവുമായി ബന്ധപ്പെട്ട് ലഭിച്ച നിര്‍ദേശങ്ങള്‍ പരിശോധിക്കുകയാണ്. പരാതികള്‍ പരിശോധിച്ച് നടപടി എടുക്കും. മൃഗങ്ങളോടുളള ക്രൂരത തടയണമെന്ന സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരമാണ് കേന്ദ്രസര്‍ക്കാര്‍ ഇങ്ങനെയൊരു വിജ്ഞാപനം പുറപ്പെടുവിച്ചതെന്നും അദ്ദേഹം പറഞ്ഞു.

കന്നുകാലികളുടെ കശാപ്പിനായുള്ള വില്‍പന നിരോധിച്ച് 2017 മേയ് 23നാണ് കേന്ദ്രപരിസ്ഥിതി മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിനെതിരെ വന്‍ പ്രതിഷേധമാണ് രാജ്യത്താകമാനം ഉയര്‍ന്ന് വന്നത്. പ്രത്യേകിച്ച് കേരളമുള്‍പ്പടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെ പ്രതിഷേധം ഉയര്‍ന്ന് വന്നിരുന്നു. കേവലം ഭക്ഷണ സ്വാതന്ത്ര്യത്തിനുമപ്പുറം സംസ്ഥാനങ്ങളുടെ അധികാരത്തിലുള്ള കടന്ന് കയറ്റമാണ് വിജ്ഞാപനമെന്നും വിമര്‍ശനമയുര്‍ന്നിരുന്നു.