ചരിത്രപരമായ തീരുമാനവുമായി ഇന്ത്യന്‍ കരസേന; സൈന്യത്തിന്റെ മുന്‍നിരയിലേക്ക് സ്ത്രീകളെ എത്തിക്കും

single-img
4 June 2017

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുമെന്ന് കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. യുദ്ധമുന്നണിയിലും ഏറ്റുമുട്ടലുകള്‍ക്കും അധികം വൈകാതെ സ്ത്രീകളെ നിയോഗിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തി വരികയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ കരസേനയില്‍ നിലവില്‍ മെഡിക്കല്‍, നിയമം, വിദ്യാഭ്യാസം, സിഗ്‌നല്‍, എന്‍ജിനീയറിങ് തുടങ്ങിയ മേഖലകളിലാണു സ്ത്രീകള്‍ക്കു പ്രവേശനമുള്ളത്.

പുരുഷന്‍മാര്‍ക്ക് മാത്രം ആധിപത്യമുള്ള യുദ്ധമുഖത്തും, സൈനിക നീക്കങ്ങള്‍ക്കും, ഏറ്റുമുട്ടലുകള്‍ക്കും പുതിയ തീരുമാനത്തിലൂടെ ഇന്ത്യ മാറ്റം വരുത്താനൊരുങ്ങുകയാണ്. ഇന്ത്യന്‍ കരസേന ചരിത്രപരമായ നീക്കത്തിലാണെന്നും രാജ്യാന്തരതലത്തില്‍ അപൂര്‍വമായിട്ടേ കരസേനയില്‍ സ്ത്രീകളെ മുന്‍നിരയിലേക്കു കൊണ്ടുവന്നിട്ടുള്ളൂവെന്നും ബിപിന്‍ റാവത്ത് വ്യക്തമാക്കി.

സ്ത്രീകളെ ജവാന്‍മാരായി സൈന്യത്തിലേക്കു കൊണ്ടുവരാന്‍ ആലോചിക്കുന്നുണ്ട്. ഉടനെ ഈ നടപടിയുമായി മുന്നോട്ടുപോവും. ആദ്യം സ്ത്രീകളെ സൈനിക പൊലീസ് ആയിട്ടാകും കൊണ്ടുവരിക. പതുക്കെ അവരെ യുദ്ധമുഖത്തേക്കും സൈനിക ഓപ്പറേഷനുകള്‍ക്കും ഉപയോഗിക്കുമെന്നും റാവത്ത് പറഞ്ഞു. ഇക്കാര്യങ്ങള്‍ സര്‍ക്കാരുമായി ആലോചിച്ചശേഷമേ നടപടിയുണ്ടാവൂ എന്നും അദ്ദേഹം വിശദീകരിച്ചു. ജര്‍മനി, ഓസ്‌ട്രേലിയ, കാനഡ, യുഎസ്, ബ്രിട്ടന്‍, ഡെന്‍മാര്‍ക്ക്, ഫിന്‍ലന്‍ഡ്, ഫ്രാന്‍സ്, നോര്‍വെ, സ്വീഡന്‍, ഇസ്രായേല്‍ തുടങ്ങിയ രാജ്യങ്ങളാണു നിലവില്‍ സ്ത്രീകള്‍ക്കു യുദ്ധമുഖത്തും ഓപ്പറേഷനുകള്‍ക്കും അനുവാദം നല്‍കുന്നത്.