ഉപഭോക്താക്കളെ കൊള്ളയടിച്ച് ഭീമ: തട്ടിപ്പ് ചാരിറ്റിയുടെ പേരില്‍

single-img
4 June 2017

‘ഇ വാര്‍ത്ത എക്‌സ്‌ക്ലൂസീവ്’

തിരുവനന്തപുരം: ഭീമജ്വല്ലറി പൊതുജനങ്ങളെ കൊള്ളയടിക്കുന്നു. ചാരിറ്റിയുടെ പേരുംപറഞ്ഞാണ് ഇവര്‍ പൊതുജനത്തിന്റെ പണം തട്ടുന്നത്. ഭീമയില്‍ നിന്ന് സാധനം വാങ്ങിക്കഴിഞ്ഞാല്‍ അതിന്റെ വിലക്കൊപ്പം ചാരിറ്റിക്കായി 5 രൂപ കൂടി ഇവര്‍ ഈടാക്കും. ചാരിറ്റിയുടെ പേരും പറഞ്ഞ് നിര്‍ബന്ധിത പിരിവ് നടത്താന്‍ സ്ഥാപനങ്ങള്‍ക്ക് അവകാശമില്ല എന്നിരിക്കെയാണ് ഭീമയുടെ ഈ പകല്‍ക്കൊള്ള. മറ്റ് സ്ഥാപനങ്ങളില്‍ ചാരിറ്റിക്കായി ഒരു ബോക്‌സ് സ്ഥാപിച്ചിട്ടുണ്ടാവും. അതില്‍ ഇഷ്ടമുള്ളവര്‍ക്കു ചാരിറ്റിക്കായി എത്ര രൂപ വേണമെങ്കിലും ഇടാം. പക്ഷേ ഭീമയില്‍ സംഭവിക്കുന്നത് മറിച്ചാണ്.

വെറും 5 രൂപയല്ലേ അതും ചാരിറ്റിക്കല്ലേ എന്നു പറഞ്ഞ് സംഭവം നിസ്സാരമായി കാണരുത്. എല്ലാ ഉപഭോക്താക്കളോടും നിര്‍ബന്ധിച്ച് 5 രൂപ ഇവര്‍ വാങ്ങുന്നു. ഇങ്ങനെ ഓരോ ഉപഭോക്താവില്‍ നിന്നും 5 രൂപ വീതം ഈടാക്കുമ്പോള്‍ ചാരിറ്റിയുടെ പേരില്‍ മാത്രം മാസത്തില്‍ ഇവര്‍ക്ക് ലഭിക്കുന്നത് ലക്ഷക്കണക്കിന് രൂപയാണ്. ഈ ഫണ്ട് ചാരിറ്റിക്ക് മാത്രമാണോ ഉപയോഗിക്കുന്നത് എന്ന കാര്യവും വ്യക്തമല്ല.

മാസത്തില്‍ കോടിക്കണക്കിന് രൂപ വരുമാന ലാഭം ഉണ്ടാക്കുന്ന ഭീമ പോലുള്ള ഒരു സ്ഥാപനത്തിന് ആ പൈസ ഉപയോഗിച്ചുതന്നെ വലിയ രീതിയില്‍ ചാരിറ്റി പ്രവര്‍ത്തനം നടത്താം എന്നിരിക്കെയാണ് ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നത്. എന്നാല്‍ ഉപഭോക്താക്കളെ കൂടി പങ്കെടുപ്പിച്ചുകൊണ്ട് വര്‍ഷത്തില്‍ വലിയ രീതിയിലുള്ള ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട് എന്നും ഇതിനായാണ് 5 രൂപ ഈടാക്കുന്നത് എന്നുമാണ് ഭീമയിലെ ജീവനക്കാര്‍ പറഞ്ഞത്. തങ്ങള്‍ ഉപഭോക്താവില്‍ നിന്ന് നേരിട്ടല്ല പണം ഈടാക്കുന്നത് എന്നും സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഭീമ നല്‍കുന്ന ഡിസ്‌ക്കൗണ്ട് തുകയില്‍ നിന്നാണ് ഇത്തരത്തില്‍ 5 രൂപ ഈടാക്കുന്നത് എന്നുമാണ് ഇവരുടെ വിശദീകരണം.

ഈ തട്ടിപ്പ് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് വിവരാവകാശ പ്രവര്‍ത്തകനായ പായിച്ചിറ നവാസ് 2016ല്‍ ഡിസ്‌ട്രിക്റ്റ് കണ്‍സ്യൂമര്‍ ഫോറത്തില്‍ പരാതി നല്‍കിയിരുന്നു. ഈ കേസിന്റെ നടപടിക്രമങ്ങള്‍ ഇപ്പോഴും നടന്നു കൊണ്ടിരിക്കെയാണ് കോടതിയെ പോലും വെല്ലുവിളിച്ച് ഭീമ ഉപഭോക്താക്കളെ കൊള്ളയടിക്കുന്നത്. ഭീമ നടത്തുന്നത് പകല്‍ക്കൊള്ളയാണെന്നും ഇവര്‍ക്ക് ചാരിറ്റി നടത്താന്‍ ട്രസ്റ്റ് ഒന്നും തന്നെയില്ലെന്നും പായിച്ചിറ നവാസ് പറഞ്ഞു.

വിവരാവകാശ നിയമപ്രകാരം കേരളത്തിലെ മുഴുവന്‍ സബ് രജിസ്റ്റാര്‍ ഓഫീസില്‍ നിന്നും കിട്ടിയ രേഖകള്‍ പ്രകാരവും, മറ്റ് സര്‍ക്കാര്‍ രേഖകള്‍ പ്രകാരവും ഭീമയുടെ പേരില്‍ ഒരു ചാരിറ്റി സംഘനടയും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കുന്നതായും പായിച്ചിറ നവാസ് പറഞ്ഞു. പൊതുജനങ്ങളെ ഇത്തരത്തില്‍ ഒരു വര്‍ഷം 3 കോടിയോളം രൂപ കൊള്ളയടിക്കുന്നതില്‍ നിന്നും വര്‍ഷത്തില്‍ ഒരു പ്രാവശ്യം പത്ത് ലക്ഷം രൂപയ്ക്ക് ഒരു പൊതു പരിപാടി സംഘടിപ്പിച്ച് കേന്ദ്ര മന്ത്രിമാരെയും, സംസ്ഥാന മന്ത്രിമാരെയും പങ്കെടുപ്പിച്ച് ഭീമ മാന്യത കാട്ടുകയാണ് പതിവ്. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ കടുത്ത നിയമലംഘനവും, ക്രിമിനല്‍ കുറ്റവുമാണെന്ന് നിയമ വിദഗ്ദര്‍ ചുണ്ടിക്കാട്ടുന്നതായും പായിച്ചിറ നവാസ് അഭിപ്രായപ്പെട്ടു..