ലക്ഷദ്വീപിലെ തന്ത്രം കേരളത്തില്‍ വിലപ്പോയില്ല; കേരളത്തില്‍ നിന്നും അമിത്ഷാ മടങ്ങുന്നത് വെറും കയ്യോടെ

single-img
4 June 2017

തിരുവനന്തപുരം: പലപാര്‍ട്ടികളില്‍ നിന്നായി മുന്‍നിര നേതാക്കളെ തങ്ങളുടെ ചേരിയിലെത്തിക്കാമെന്ന ആശയ ലക്ഷ്യവുമായി കേരളത്തില്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ ബിജെപി അധ്യക്ഷന്‍ അമിത്ഷാ മടങ്ങുന്നത് വെറും കയ്യോടെ. ലക്ഷദ്വീപില്‍ എന്‍സിപി ലോക്‌സഭാ അംഗം ബിജെപിക്കൊപ്പമെത്തി അദ്ഭുതം സൃഷ്ടിച്ചതു പോലെ ഒന്നും തന്നെ കേരളത്തില്‍ സംഭവിച്ചില്ലയെന്നതാണ് കേന്ദ്രസംസ്ഥാന നേതൃത്വങ്ങളെ ഒരുപോലെ ആശങ്കപ്പെടുത്തുന്നത്. വമ്പന്‍ സ്രാവുകളെ പലചേരിയില്‍ നിന്നായി കളത്തിലെത്തിക്കാന്‍ ബിജെപി ശ്രമിച്ചെങ്കിലും കേരളത്തില്‍ അതു ഫലം കാണാതെ പോവുകയായിരുന്നു.

തിരുവനന്തപുരത്ത് നടന്ന പൗരസംഗമം പരിപാടിയിലൂടെ വലിയൊരു വിഭാഗം പേരെയും ബിജെപിയില്‍ ചേര്‍ക്കാമെന്നായിരുന്നു അമിത് ഷാ അടക്കമുള്ളവരുടെ ധാരണ എന്നാല്‍ പുറത്തു നിന്ന് പാര്‍ട്ടിയില്‍ ചേരാനെത്തിയതോ സിപിഐയില്‍ നിന്ന് പുറത്താക്കപ്പെട്ട വെഞ്ഞാറമൂട് ശശി എന്ന ഒരു ഒറ്റ നേതാവ് മാത്രം. എന്നാല്‍ ഈ നേതാവിന്റെ പേര് ആര്‍എസ്എസിന്റെ മുഖപത്രമായ ജന്‍മഭൂമിയില്‍ പോലും കൊടുത്തില്ലയെന്നതാണ് മറ്റൊരു വസ്തുത. ഇത്തരത്തില്‍ പരിപാടി പരാജയപ്പെട്ടതില്‍ സംസ്ഥാന ഘടകത്തോട് കടുത്ത അതൃപ്തി രേഖപ്പെടുത്തിയാണ് അമിത്ഷാ മടങ്ങിയത്. സംഘടനാ തലത്തിലുണ്ടായ വീഴ്ചകളാണ് ഇതിന് പിന്നിലെന്നും അമിത് ഷാ ചുണ്ടിക്കാട്ടുന്നു.

ഗ്രൂപ്പിസത്തിലുലയുന്ന സംസ്ഥാന നേതൃത്വം നേര്‍വഴിക്ക് വന്നേ മതിയാവൂയെന്ന് അമിത്ഷാ ഇതിനോടകം താക്കീത് നല്‍കി കഴിഞ്ഞു. കേരളത്തെ പിടിക്കാന്‍ അമിത് ഷാ എത്തും. ഈ സമയമാകുമ്പോള്‍ കേരള നേതാക്കളുടെ ഇടപെടലില്‍ പൊതുസമൂഹത്തില്‍ നിറഞ്ഞു നില്‍ക്കുന്നവരെ ബിജെപിയിലെത്തിക്കാനുള്ള നടപടി കൂടിയേ തീരു എന്നായിരുന്നു പാര്‍ട്ടി തലപ്പത്തു നിന്നുള്ള നിര്‍ദേശം. അതിവിടെ പാഴ് വാക്കാകുകയായിരുന്നു. അതേസമയം, വെഞ്ഞാറമൂട് ശശിയെ പാര്‍ട്ടിയിലേക്ക് കൊണ്ടുവന്ന വിവരം മുതിര്‍ന്ന നേതാക്കള്‍ അമിത് ഷായെ മന:പൂര്‍വ്വം ഓര്‍മ്മപ്പെടുത്തിയതുമില്ല.

എന്നാല്‍ പാര്‍ട്ടിക്കുള്ളിലെ ചിലര്‍ ഈ വിവരം അമിത് ഷായെ ധരിപ്പിച്ചു. സിപിഐയുടെ മുന്‍ ജില്ലാസെക്രട്ടറിയായ വെഞ്ഞാറമൂട് ശശിയെ പാര്‍ട്ടി പുറത്താക്കിയെന്നും ബെനറ്റ് എബ്രഹാമിനെ സ്ഥാനാര്‍ത്ഥിയാക്കിയ വിവാദമായിരുന്നു ഇതിനു പിന്നിലെന്നും ഇവര്‍ അമിത്ഷായെ ധരിപ്പിച്ചു. അതിനുശേഷം ഷിബുബേബി ജോണിന്റെ ആര്‍ എസ് പിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ച ശേഷം ശശി ഇപ്പോള്‍ ബിജെപിയിലെത്തുകയായിരുന്നുവെന്നും ഇവര്‍ അധ്യക്ഷനെ അറിയിച്ചു.

പൗരപ്രമുഖരുടെ യോഗത്തില്‍ ടിപിശ്രീനിവാസന്‍, മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ബാബുപോള്‍, ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ മാധവന്‍ നായര്‍, നടന്‍ ബാബു നമ്പൂതിരി, സംഗീതജ്ഞ ഓമനക്കുട്ടി, ഗായകന്‍ ജി വേണുഗോപാല്‍ എന്നിവര്‍ എത്തി. കൂടാതെ പിപി മുകുന്ദനെ ക്ഷണിക്കാതെ നടത്തിയ പുതിയ ഓഫീസിന്റെ കല്ലിടല്‍ ചടങ്ങ് വിവാദമായതും അമിത്ഷായെ ചൊടുപ്പിച്ചു. ഈ സാഹചര്യത്തില്‍ പാര്‍ട്ടിയുടെ കേരളത്തിലെ പോക്ക് നേരെയാവേണ്ടതുണ്ടെന്നും കേരളം പിടിക്കാനായി നേതാക്കള്‍ ഒറ്റക്കെട്ടായി മുന്നോട്ട് പോണമെന്ന നിര്‍ദേശവും അമിത്ഷാ നല്‍കി. പറയാന്‍ പുതുതായൊന്നുമില്ലാത്തതിനാല്‍ അമിത്ഷാ ഏറെ ആഗ്രഹിച്ചിരുന്ന വാര്‍ത്താസമ്മേളനവും ഉപേക്ഷിക്കണ്ടതായി വന്നു.

ആവശ്യത്തിന് പണം കേരള ഘടകത്തിന് നല്‍കിയിട്ടും പാഴായി പോകുകയാണെന്നാണ് അമിത് ഷായുടെ പരാതി. വോട്ടു പിടിക്കാനുള്ള കാര്യക്ഷമമായ ഇടപെടലിന് പാര്‍ട്ടി ഫണ്ട് വിനിയോഗിക്കണമെന്നും അമിത് ഷാ നേതാക്കളെ ഓര്‍മ്മപ്പെടുത്തി. പാര്‍ട്ടിക്കകത്തുതന്നെ അച്ചടക്കം വേണമെന്നും അതുണ്ടായാല്‍ കൂടുതല്‍ ആളുകള്‍ ബിജെപിയിലെത്തുമെന്നതാണ് അമിത്ഷാ നല്‍കിയിരിക്കുന്ന നിര്‍ദേശം.