ആംബുലന്‍സ് നല്‍കിയില്ല; അമ്മയുടെ മൃതദേഹം മകന്‍ വീട്ടിലെത്തിച്ചത് ബൈക്കില്‍

single-img
4 June 2017

പാറ്റ്‌ന: ആശുപത്രി അധികൃതര്‍ ആംബുലന്‍സ് സൗകര്യം നിഷേധിച്ചതിനെത്തുടര്‍ന്ന് അമ്മയുടെ മൃതദേഹം മകന്‍ വീട്ടിലെത്തിച്ചത് ബൈക്കില്‍ കെട്ടിവെച്ച്. വടക്കുകിഴക്കന്‍ ബീഹാറിലെ പൂര്‍ണിയ ജില്ലയിലാണ് ഈ ദാരുണ സംഭവം വീണ്ടും അരങ്ങേറിയത്. പപ്പു എന്ന യുവാവിന്റെ അമ്മ സൂശീല ദേവി  രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വെള്ളിയാഴ്ച്ച സദര്‍ ജില്ല ആശുപത്രിയില്‍ വെച്ച് മരണപ്പെടുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം വീട്ടിലെത്തിക്കാന്‍ ആംബുലന്‍സ് ചോദിച്ചപ്പോള്‍ തനിയെ കണ്ടെത്തിക്കോളാനാണ് ആശുപത്രി അധികൃതര്‍ പറഞ്ഞതെന്ന് പപ്പുവിന്റെ അച്ഛനും സുശീലയുടെ ഭര്‍ത്താവുമായ ശങ്കര്‍ ഷാ പറഞ്ഞു.

ഭാര്യയുടെ മൃതദേഹം വീട്ടിലെത്തിക്കാന്‍ വാഹനത്തിന്റെ ഡ്യൂട്ടിയിലുള്ള ജീവനക്കാരനോട് ചോദിച്ചപ്പോള്‍ സ്വന്തമായി ഏര്‍പെടുത്താനാണ് പറഞ്ഞത്. ഒരു ആംബുലന്‍സ് ഡ്രൈവറുടെ സമീപത്തെത്തിയപ്പോള്‍ 2,500 രൂപയാണ് അയാള്‍ ആവശ്യപ്പെട്ടതെന്നും ശങ്കര്‍ ഷാ പറഞ്ഞു. ഗത്യന്തരമില്ലാതായതോടെ ശങ്കര്‍ ഷായും മകനും ചേര്‍ന്ന് മൃതദേഹം ബൈക്കില്‍ കെട്ടിവെയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. അമ്മയുടെ മൃതശരീരം തുണികൊണ്ട് പപ്പുവിന്റെ ദേഹത്തോട് ചേര്‍ത്തുകെട്ടി. താഴെ വീഴാതിരിക്കാന്‍ ശങ്കര്‍ ഷാ ചേര്‍ത്തുപിടിക്കുകയും ചെയ്താണ് മൃതദേഹം മകന്‍ വീട്ടിലെത്തിച്ചത്.

ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറി വാന്‍ ഉപയോഗശൂന്യമാണെന്ന് സിവില്‍ സര്‍ജന്‍ എംഎം വസീം പ്രതികരിച്ചു. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി പൂര്‍ണിയ ജില്ലാ മജിസ്‌ട്രേറ്റ് പങ്കജ് കുമാര്‍ പാല്‍ പറഞ്ഞു.