അംലയുടെ സെഞ്ച്വറി മികവില്‍ ദക്ഷിണാഫ്രിക്കക്ക് ജയം; ശ്രീലങ്കയെ തോല്‍പ്പിച്ചത് 96 റണ്‍സിന്

single-img
4 June 2017

ലണ്ടന്‍: ഹാഷിം അംലയുടെ സെഞ്ച്വറി മികവില്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ ശ്രീലങ്കക്കെതിരായ മത്സരത്തില്‍ ദക്ഷിണാഫ്രിക്കക്ക് 96 റണ്‍സിന്റെ ആധികാരിക ജയം. നിശ്ചിത 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 299 റണ്‍സെടുത്ത ദക്ഷിണാഫ്രിക്കക്കെതിരെ മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്കക്ക് 41.3 ഓവറില്‍ 203 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 115 പന്തില്‍ അഞ്ച് ഫോറുകളും രണ്ട് സിക്‌സറും ഉള്‍പ്പെടെ 103 റണ്‍സെടുത്ത അംല ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 25 സെഞ്ച്വറികള്‍ തികക്കുന്ന താരം എന്ന ബഹുമതിയും സ്വന്തമാക്കി.

മിന്നുന്ന ഫോം പുറത്തെടുത്ത അംലക്ക് ഡ്യുപ്ലസി (75 റണ്‍സ്) മികച്ച പിന്തുണ നല്‍കി. അതേസമയം, എ.ബി. ഡിവില്ല്യേഴ്‌സ് ബാറ്റിങ്ങില്‍ ഫോം കണ്ടെത്താനാകാതെ നാലു റണ്‍സെടുത്ത് പുറത്തായി. പരിക്കേറ്റ ക്യാപ്റ്റന്‍ ഏഞ്ചലോ മാത്യൂസിന് പകരം ഉപുല്‍ തരംഗയായിരുന്നു ഇന്നലെ മത്സരത്തില്‍ ശ്രീലങ്കയെ നയിച്ചത്. 57 റണ്‍െസെടുത്ത ഉപുല്‍ തരംഗയാണ് ടീമിലെ ടോപ് സ്‌കോറര്‍. ശ്രീലങ്കന്‍ ബാറ്റ്‌സ്മാന്‍മാരെ സമ്മര്‍ദ്ധത്തിലാക്കി നാലു വിക്കറ്റുകള്‍ നേടിയ ഇമ്രാന്‍ താഹിര്‍ ദക്ഷിണാഫിക്കക്ക് വേണ്ടി മികച്ച ബൗളിങ്ങ് പ്രകടനം കാഴ്ചവെച്ചു.