നടി സുരഭിയ്ക്ക് അശ്വരഥത്തില്‍ സ്വീകരണമൊരുക്കിയതിന് നടപടിയെടുക്കാന്‍ മൃഗക്ഷേമ ബോര്‍ഡിന്റെ നിര്‍ദേശം

single-img
4 June 2017

കോഴിക്കോട്: മികച്ച നടിക്കുള്ള ദേശീയപുരസ്‌കാരം നേടിയ സുരഭി ലക്ഷ്മിക്ക് ജന്‍മനാടായ കോഴിക്കോട് ഒരുക്കിയ സ്വീകരണത്തില്‍ കുതിരയെ ഉപയോഗിച്ചതിന് നടപടിയെടുക്കാന്‍ ജില്ലാ കളക്ടര്‍ക്കും പൊലീസ് മേധാവിക്കും നിര്‍ദേശം.മെയ് 22 ന് നരിക്കുനിയില്‍ നല്‍കിയ സ്വീകരണത്തിലാണ് സൂര്യ എന്ന കുതിരയെ പൂട്ടിയ രഥത്തില്‍ സുരഭിയെ ആനയിക്കാൻ ഉപയോഗിച്ചത്. കുതിരയുടെ കടിഞ്ഞാണ്‍ കൈയ്യിലെടുത്ത് ആരാധകര്‍ക്കൊപ്പം പോസ് ചെയ്ത സെല്‍ഫി നടി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇത് വാര്‍ത്തയായതോടെയാണ് നടിക്കെതിരെ നടപടിയെടുക്കാന്‍ ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യ നിര്‍ദേശം നല്‍കിയത്.

മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയുന്നതിന് സുപ്രീം കോടതി ഉത്തരവിലെ മാര്‍ഗ നിര്‍ദേശങ്ങളനുസരിച്ച് നടപടിയെടുത്ത് വിവരമറിയിക്കണമെന്നാണ് ബോര്‍ഡ് കളക്ടര്‍ക്കും എസ്.പിക്കും നിര്‍ദേശം നല്‍കിയിരിക്കുന്നത്. മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയേണ്ട ജില്ലാ അധികാരികള്‍ നടപടിയെടുത്തില്ലെന്ന് ചൂണ്ടിക്കാണിച്ച് റോയല്‍ സൊസൈറ്റി ഫോര്‍ പ്രിവന്‍ഷന്‍ ഓഫ് ക്രുവല്‍റ്റി ടു ആനിമല്‍സ് എന്ന സംഘടനയിലെ അംഗം വിനോദ് കുമാര്‍ ദാമോദര്‍ മൃഗക്ഷേമ ബോര്‍ഡിന് നല്‍കിയ പരാതിയിൻ മേലാണ് നടപടി.