യൂത്ത്കോണ്‍ഗ്രസ് നേതാവ് രജിത്തിനെ ഡിവൈഎഫ്‌ഐക്കാര്‍ മര്‍ദ്ദിച്ച കേസ്; മന്ത്രി കടകംപള്ളിയുടെ ഗണ്‍മാന്‍ ഇടപെട്ട് ഒതുക്കുന്നതായി പരാതിക്കാരന്‍

single-img
3 June 2017

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിനു സമീപം പുതുപ്പള്ളിയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് രജിത്ത് രവീന്ദ്രനെ ഡിവൈഎഫ്‌ഐക്കാര്‍ മര്‍ദ്ദിച്ച കേസില്‍ പോലീസ് അന്വേഷണം ഇഴയുന്നു. സിപിഎം നേതാക്കളുടെ ഇടപെടലിനെ തുടര്‍ന്നാണ് സംഭവത്തില്‍ പോലീസ് അലംഭാവം കാണിക്കുന്നതെന്നും ആരോപണം ഉയരുന്നുണ്ട്.

പുതുപ്പള്ളിയില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ കുറിച്ച് പരാതി നല്‍കാന്‍ എത്തിയതായിരുന്നു യൂത്ത് കോണ്‍ഗ്രസ് നേതാവ് രജിത്ത് രവീന്ദ്രന്‍. ഇവിടയുണ്ടായ സംഘര്‍ഷത്തില്‍ തിരുവനന്തപുരം ഡിസിസി വൈസ് പ്രസിഡന്റ് കെഎസ് ഗോപകുമാരിന്റെ സഹോദരിയുടെ മകന്‍ ജയകൃഷ്ണനെ ഒരു സംഘം ഡിവൈഎഫ്‌ഐക്കാര്‍ മര്‍ദ്ദിക്കുകയും നാവ് പിഴുതെടുക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഗണ്‍മാൻ സാബുവാണ് ഈ പ്രശ്‌നങ്ങള്‍ക്ക് പിന്നില്‍ എന്നായിരുന്നു പരാതി. എന്നാല്‍ മന്ത്രിയുടെ ഗണ്‍മാന് ഈ സംഭവവുമായി ബന്ധമില്ലെന്ന് കടകംപള്ളി സുരേന്ദ്രന്റെ ഓഫീസ് വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.

ഇതുമായി ബന്ധപ്പെട്ട്‌ മെഡിക്കല്‍ കോളേജ് പോലീസ് സ്‌റ്റേഷനില്‍ പരാതി പറഞ്ഞ് പുറത്തിറങ്ങിയ തന്നെ പ്രാദേശിക ഡിവൈഎഫ്‌ഐ നേതാക്കള്‍ മര്‍ദ്ദിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തുവെന്ന് രജിത് പോലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു. പൊതുപ്രവര്‍ത്തകനായ തന്നെ പോലീസ് സ്‌റ്റേഷനുളളില്‍ വെച്ച് തന്നെ മര്‍ദ്ദിക്കാന്‍ ചില പോലീസ് ഉദ്യോഗസ്ഥര്‍ മൗനസമ്മതം നല്‍കിയതായി തന്റെ ശ്രദ്ദയില്‍പ്പെട്ടതായും രജിത്ത് എസ്‌ഐക്ക് നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്.

ഡിവൈഎഫ്‌ഐ നേതാക്കളുടെ ഈ നടപടിയെ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വിമര്‍ശിച്ചിട്ടുണ്ട്.