വാലന്റൈന്‍സ് ദിനത്തിനെതിരെ ആര്‍എസ്എസ്; ബലാത്സംഗത്തിന് കാരണമാകുന്നുവെന്ന് ആര്‍എസ്എസ് നേതാവ്

single-img
3 June 2017

ജയ്പൂര്‍: രാജ്യത്ത് വര്‍ധിച്ചുവരുന്ന ബലാത്സംഗത്തിനും പീഡനത്തിനും കാരണം വാലന്റൈന്‍സ് ഡേ പോലുള്ള പാശ്ചാത്യ സംസ്‌കാരമാണെന്ന് ആര്‍.എസ്.എസ്. നേതാവ് ഇന്ദ്രേഷ് കുമാര്‍. പ്രണയം ശുദ്ധമാണ്. എന്നാല്‍ പാശ്ചാത്യ സംസ്‌ക്കാരത്തിന്റെ ഭാഗമായി അത് ബിസിനസായി മാറുന്നു. വാലന്റൈന്‍സ് ഡേയിലാണ് ആളുകള്‍ സ്‌നേഹം പ്രകടിപ്പിക്കുന്നത്. അതിനാലാണ് ബലാത്സംഗം, ഗാര്‍ഹിക പീഡനം, പെണ്‍ ഭ്രൂണഹത്യ, കൊലപാതകം, മുത്തലാഖ് എന്നിവ വര്‍ധിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ആര്‍എസ്എസ് വ്യക്തികളുടെ മനസ് ശുദ്ധീകരിച്ച് അവനെ മനുഷ്യത്വമുള്ള ഒരു വ്യക്തിയാക്കി മാറ്റും. രാജ്യത്തെ ജനങ്ങളുടെ മനസ് ശുദ്ധീകരിക്കാനായി ഒരു സംഘടനയുണ്ടാകണം. എങ്കില്‍ രാജ്യത്തിന് പുരോഗതിയുണ്ടാകും എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആര്‍എസ് ജാതിവ്യവസ്ഥയ്ക്കും തൊട്ടുകൂടായ്മയ്ക്കും എതിരാണെന്നും ഇത്തരത്തിലുള്ള ദുരാചാരങ്ങള്‍ സമൂഹത്തില്‍ നിന്ന് നീക്കാന്‍ എല്ലാവരും പ്രതിജ്ഞാബദ്ധരാകണമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം ബീഫ് ഫെസ്റ്റില്‍ പങ്കെടുക്കുന്നതിനെയും അദ്ദേഹം വിമര്‍ശിച്ചിരുന്നു. ബീഫ് ഫെസ്റ്റില്‍ പങ്കെടുക്കുന്നവര്‍ രാജ്യത്തിന് നാണക്കേടുണ്ടാക്കുകയാണെന്നും അത് മാനവികതക്കെതിരായ പ്രവര്‍ത്തിയാണെന്നും ഇന്ദ്രേഷ് പറഞ്ഞിരുന്നു.