ടീസര്‍ പൊളിച്ചു; പോത്തേട്ടന്‍സ് ബ്രില്ല്യന്‍സ് തിയേറ്ററുകളിലെത്താന്‍ കൊതിച്ച് മലയാളി പ്രേക്ഷകര്‍

single-img
3 June 2017

ദിലീഷ് പോത്തന്‍ ഫഹദ് ഫാസില്‍ ചിത്രം തൊണ്ടിമുതലും ദൃക്‌സാക്ഷിയുടെ ആദ്യ ടീസര്‍ എത്തി. ശരിക്കും ഒറ്റവാക്കില്‍ പറഞ്ഞാല്‍ ടീസര്‍ പൊളിച്ചുവെന്ന് തന്നെ പറയാം. അത്ര മനോഹരമായാണ് സംവിധായകനും അണിയറപ്രവര്‍ത്തകരും ചിത്രത്തിന്റെ ടീസര്‍ പ്രേക്ഷകനിലേക്ക് എത്തിച്ചിരിക്കുന്നത്. ദുരൂഹത പ്രേക്ഷകനില്‍ ജനിപ്പിക്കും വിധമാണ് ചിതത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുന്നത്. ഇന്നലെ പുറത്തിറങ്ങിയ ടീസര്‍ ഇതിനോടകം തന്നെ 191,581ഓളം പേരാണ് കണ്ടത്. ടീസര്‍ ഇറങ്ങി തൊട്ടടുത്ത നിമിഷം തന്നെ സോഷ്യല്‍ മീഡിയയില്‍ ഇത് ചര്‍ച്ചയാകുകയായിരുന്നു. ചിത്രത്തിന്റെ ടീസറില്‍ ഫഹ്ദ് ഫാസിലിന്റെയും സുരാജിന്റെയും അഭിനയം കണ്ട് ഞെട്ടിയിരിക്കുകയാണ് ശരിക്കും ആരാധകര്‍.

പോത്തേട്ടന്‍സ് ബ്രില്യന്‍സ് വീണ്ടും, ഞെട്ടിക്കാന്‍ മഹേഷ് ഭാവന വീണ്ടുമെത്തുന്നു എന്നിങ്ങനെ ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം തന്നെവമ്പന്‍ ഹിറ്റായി കഴിഞ്ഞു. സംവിധാന കുപ്പായം അഴിച്ച് വെച്ച് രാജീവ് രവി ഈ ചിത്രത്തിന് ക്യാമറ ചലിപ്പിക്കാനെത്തുന്നുവെന്നതാണ് ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്. നിമിഷ സജയന്‍, അലെന്‍സിയര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. നി കൊ ഞാ ചാ എന്ന ചിത്രത്തിന് ശേഷം ഉര്‍വശി തിയേറ്റേഴ്‌സിന്റെ ബാനറില്‍ സന്ദീപ് സേനനും അനീഷ് എം തോമസും ചേര്‍ന്ന് ഒരുക്കുന്ന ചിത്രം ഈദിന് തിയേറ്ററുകളില്‍ എത്തുമ്പോള്‍ പ്രേക്ഷകന്‍ ഇരുകൈയ്യും നീട്ടി ഇത് സ്വീകരിക്കുമെന്ന് തന്നെയാണ് ഏവരുടെയും പ്രതീക്ഷ.