മുഖ്യമന്ത്രിയുടെ ആദ്യ മെട്രോ യാത്രയില്‍ തന്നെ കല്ലുകടി; ആലുവയിലെ ഉദ്ഘാടനം റദ്ദാക്കി

single-img
3 June 2017

മുഖ്യമന്ത്രി പിണറായി വിജയന്റെ കൊച്ചി മെട്രോയിലെ കന്നി യാത്രയ്ക്ക് വിവാദത്തിന്റെ അകമ്പടിയും. മുഖ്യമന്ത്രിയുടെ കന്നി യാത്രയ്‌ക്കൊപ്പം ക്രമീകരിച്ചിരുന്ന കൊച്ചി മെട്രോ സൗരോര്‍ജ വൈദ്യുത സംവിധാനങ്ങളുടെ ഉദ്ഘാടനച്ചടങ്ങില്‍നിന്ന് ആലുവ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ അന്‍വര്‍ സാദത്തിനെ ഒഴിവാക്കിയതാണ് വിവാദമായത്. ഇതിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തിയതോടെ സോളര്‍ പദ്ധതിയുടെ ഉദ്ഘാടനം മാറ്റിവച്ചു. തന്നെ ഒഴിവാക്കിയതിനെതിരെ അന്‍വര്‍ സാദത്ത് എംഎല്‍എ മുഖ്യമന്ത്രിയെ ഫോണില്‍ വിളിച്ച് പ്രതിഷേധം അറിയിച്ചിരുന്നു. സംഭവത്തില്‍ മുഖ്യമന്ത്രി കെഎംആര്‍എല്‍ അധികൃതരെ അതൃപ്തി അറിയിച്ചു.

ഇക്കാര്യത്തില്‍ കെഎംആര്‍എല്ലിന്റെ ഭാഗത്തുനിന്നാണ് വീഴ്ചയുണ്ടായതെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന വിവരം. പരിപാടിയിലേക്ക് ജില്ലയിലെ എംഎല്‍എമാരായ ഹൈബി ഈഡന്‍, പി.ടി. തോമസ് എന്നിവരെയും ക്ഷണിച്ചിരുന്നില്ല.

നേരത്തേ, ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള കൊച്ചി മെട്രോപാതയിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ യാത്ര നടത്തി. മെട്രോ സര്‍വീസ് ആരംഭിക്കുന്നതിനു മുന്നോടിയായിട്ടാണ് മെട്രോയുടെ ചുമതലയുള്ള മുഖ്യമന്ത്രി പദ്ധതി പ്രദേശം സന്ദര്‍ശിച്ച് യാത്ര നടത്തിയത്.