നാലുലക്ഷം രൂപ തലയ്ക്കുവിലയുള്ള മാവോയിസ്റ്റ് നേതാവ് പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

single-img
3 June 2017

സർക്കാർ തലയ്ക്കു നാലുലക്ഷം രൂപ വിലയിട്ടിരുന്ന മാവോയിസ്റ്റ് നേതാവ് പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ആറു കൊലപാതകക്കേസുകളിൽ പ്രതിയായ, ചിന്നബായി എന്നു വിളിക്കപ്പെടുന്ന ജി നാഗേശ്വർ റാവുവാണു ഒഡീഷയിലെ മാൽക്കംഗരി ജില്ലയിൽ വെച്ച് പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്.

കപതൂതി വനമേഖലയിൽ മാൽക്കംഗരി പോലീസ്  നടത്തിയ  ഒരു ഓപ്പറെഷനിടയിലാണു ചിത്രകോണ കട്ട് ഓഫ് ഏരിയായിൽ വെച്ച് 38 വയസ്സുള്ള നാഗേശ്വർ റാവു പോലീസിന്റെ വെടിയേറ്റു മരിച്ചത്.

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തുള്ള കുണ്ടുമുലു ഗ്രാമത്തിൽ ജനിച്ച ചിന്നബായി, നിരോധിക്കപ്പെട്ട സി പി ഐ മാവോയിസ്റ്റിന്റെ ആന്ധ്രാ -ഒഡീഷ ബോർഡർ സ്പെഷ്യൽ സോണൽ കമ്മിറ്റിയുടെ കീഴിലുള്ള മാൽക്കംഗരി ഡിവിഷനിലെ കാലിമേല ഏരിയാ കമ്മിറ്റിയുടെ അസ്സിസ്റ്റന്റ് കമാൻഡന്റ് ആയിരുന്നു. 2008 -മുതൽ സംഘടനയിൽ പ്രവർത്തിച്ചുവരുന്ന ഇയാളുടെ തലയ്ക്ക് നാലുലക്ഷം രൂപ വിലയിട്ടത് ഒഡീഷ സർക്കാരാണു.

സംഭവസ്ഥലത്തുനിന്നും ഒരു പിസ്റ്റളും വെടിയുണ്ടകളും നിർവധി സ്ഫോടകവസ്തുക്കളും മാവോയിസ്റ്റുകളുമായി ബന്ധപ്പെട്ട അനുബന്ധ സാമഗ്രികളും പിടിച്ചെടുത്തു.